വനിതാ പ്രീമിയര്‍ ലീഗ്(ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ രണ്ടാം സീസണ് ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദല്‍ഹിയാണ് തലപ്പത്ത് നില്‍ക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ റണ്‍നിരക്കിന്റെ മാത്രം പോരായ്മയിലാണ് രണ്ടാം സ്ഥാനക്കാരായത്.
ആകെ അഞ്ച് ടീമുകളുള്ള വനിതാ പ്രീമിയര്‍ ലീഗില്‍ റൗണ്ട് റോബിന് സംവിധാനത്തില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ രണ്ട് റൗണ്ട് നേര്‍ക്കുനേര്‍ പോരാട്ടങ്ങളുണ്ടാകും. അതിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ദല്‍ഹി ക്യാപിറ്റല്‍സ് മേല്‍ത്തട്ടിലെത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ചു. ഒന്നില്‍ തോറ്റു. ആകെ നേടിയത് ആറ് പോയിന്റ്. മുംബൈയും നാലില്‍ മൂന്ന് ജയവുമായി ആറ് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ റണ്‍നിരക്കില്‍ ദല്‍ഹിയാണ് മുന്നില്‍.
ബാറ്റര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് റോയല്‍ ചലഞ്ചേഴ്സ് താരം സ്മൃതി മന്ദാനയാണ്. ബൗളര്‍മാരില്‍ ദല്‍ഹിയുടെ രാധാ യാധവ്, മുംബൈയുടെ അമീലിയ കെര്‍, ആര്‍സിബിയുടെ ശോഭവന ആശ എന്നിവര്‍ മുന്നിട്ടു നില്ക്കുന്നു.
ലീഗില്‍ ഇതുവരെ ആരും സെഞ്ചുറി നേടിയിട്ടില്ല. സമൃതി മന്ദാന നേടിയ 80 റണ്‍സാണ് ഇത്തവണ സീസണ് പാതിവഴിയെത്തുമ്പോഴുള്ള ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ലീഗ് റൗണ്ടില്‍ ഇനി എട്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. അടുത്ത ബുധനാഴ്ച്ച നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ്- ഗുജറാത്ത് ജയന്റ്സ് മത്സരത്തോടെ വനിതാ പ്രീമിയര്‍ ലീഗ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാകും.
ഇത്തവണത്തെ മത്സര ക്രമം പ്രകാരം പ്രാഥമിക ഘട്ടത്തിന് ശേഷം രണ്ട് കളികള്‍ കൂടിയേ നടക്കൂ. ലീഗ് പോരാട്ടത്തില്‍ മുന്നിലെത്തുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. ഫൈനലിലെ രണ്ടാം ടീം 15ന് നടക്കുന്ന എലിമിനേറ്റര്‍ റൗണ്ടിലൂടെ മുന്നേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: