കൊല്‍ക്കത്ത: അഴിമതിക്കേസില്‍ അന്വേഷണത്തിനും റെയ്ഡിനും എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് തൃണമൂല്‍ നേതാവ് ഷാജഹാന് ഷെയ്ഖിനെതിരെ എടുത്ത കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് വിട്ടു.
ഷെയ്ഖിനെയും അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും സിബിഐക്ക് ഇന്നലെ വൈകിട്ട് നാലരയ്ക്കകം കൈമാറാനും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയീ ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഉത്തരവ് മൂന്നു ദിവസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് മമത സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത അഭ്യര്‍ഥിച്ചുവെങ്കിലും കോടതി തള്ളി.
ലക്ഷങ്ങളുടെ റേഷന്‍ അഴിമതിക്കേസില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ജനുവരി അഞ്ചിനാണ് ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തില്‍ അനുയായികളായ നൂറുകണക്കിന് ഗുണ്ടകള്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. അക്രമങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളെ അറസ്റ്റു ചെയ്യാന്‍ ഗവര്‍ണര്‍ സി. വി. ആനന്ദ ബോസ് ഉത്തരവിട്ടെങ്കിലും മമത സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍ കോടതി ഇടപെട്ട് ഇയാളെ അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ 55 ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 29നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തങ്ങളുടെ ഉത്തരവു വരുന്നതുവരെ അന്വേഷണത്തില്‍ നിന്ന് മാറി നില്ക്കാന് ഹൈക്കോടതി കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ വെയില് കാഞ്ഞ് സുഖിച്ചു നടക്കുകയാണെന്നും ഇ ഡിക്കുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ധീരജ് ത്രിവേദി ചൂണ്ടിക്കാട്ടിയിരുന്നു.
40 കേസുകളാണ് ഇയാള്‍ക്ക് എതിരെയുള്ളതെന്നും ഇയാളെ പോലീസിന് നേരത്തെ അറസ്റ്റു ചെയ്യാമായിരുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിലത്തെ രണ്ടു കേസുകളുടെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേസ് അട്ടിമറിക്കുക,ഷെയ്ഖിനെ സിബിഐയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അറസറ്റ്, അദ്ദേഹം പറഞ്ഞു. ഈ അറസ്റ്റ് പ്രഹസനമാണ്, അതുകൊണ്ട് ഒരു ലക്ഷ്യവും നേടുകയുമില്ല. ജുഡീഷ്യല്‍ കസ്റ്റഡിയുടെ പേരില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വയ്ക്കും. ഈ ദിവസങ്ങളില്‍ ഒരന്വേഷണവും നടക്കുകയുമില്ല. ഈ ദിവസങ്ങളില്‍ അന്വേഷണ നടന്നില്ലെങ്കില്‍ ഒന്നും ഉണ്ടാവുകയുമില്ല. ഈ വാദം ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതും ഇയാളെയും രേഖകളും സിബിഐക്ക് കൈമാറിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: