പാരീസ് : ഗര്‍ഭഛിദ്രം ഭരണാഘടനാ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്. ഇരു സഭകളിലും സംയുക്ത സമ്മേളനം ചേര്‍ന്ന് 72നെതിരെ 780 അനുകൂല വോട്ടുകള്‍ നേടിയാണ് ഗര്‍ഭഛിദ്രം അവകാശമാക്കുന്ന ബില്ലിന് അനുമതി നല്‍കിയത്. ഫ്രഞ്ച് സെനറ്റ് നേരത്തെ തന്നെ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. 50 പേര് മാത്രമാണ് ഇതിനെ എതിര്‍ത്തത്.
ഫ്രഞ്ച് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 34 പ്രകാരം ഇനി മുതല്‍ ഗര്‍ഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം സ്ത്രീകള്‍ക്കുണ്ടാകും. നിങ്ങളുടെ ശരീരം നിങ്ങളുടെ തീരുമാനമാണ്. ഗര്‍ഭഛിദ്രം ഇനി പൂര്‍ണ അവകാശമായിരിക്കും. ഫ്രാന്‍സിന് അഭിമാനിക്കാവുന്ന തീരുമാനം. സാര്‍വദേശീയ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു.
ആധുനിക ഫ്രാന്‍സിന്റെ ഭരണഘടനയിലെ ഇരുപത്തിയഞ്ചാമത്തേതും 2008ന് ശേഷമുള്ള ആദ്യത്തെ ഭേദഗതിയാണിത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സെന്‍ട്രല്‍ പാരീസില്‍ ആളുകള്‍ തടിച്ചുകൂടുകയും ഈഫേല്‍ ടവറിലെ സ്ക്രീനില്‍ എന്റെ ശരീരം എന്റെ തീരുമാനം എന്ന സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പലരും ഹര്‍ഷാരവങ്ങളോടെയാണ് പാര്‍ലമെന്റിന്റെ ഈ തീരുമാനത്തെ സ്വീകരിച്ചത്. യുഎസ് ഉള്‍പ്പടെ പല രാജ്യങ്ങളും ഗര്‍ഭഛിദ്രത്തിനുള്ള നിയമപരിരക്ഷ എടുത്തുകളയാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഫ്രാന്‍സില്‍ ഗര്‍ഭഛിത്രം ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയിരിക്കുന്നത്. 1974ലെ നിയമം പ്രകാരം ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ അത് അവകാശമാക്കി മാറ്റണമെന്ന് പൊതുജനങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ നടപടി. അതേസമയം ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് ജനപിന്തുണ നേടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് വലതുപക്ഷ നേതാവ് മറൈന്‍ ലെപെന്‍ കുറ്റപ്പെടുത്തി.
ഫ്രാന്‍സിന്റെ ഈ നടപടിക്കെതിരെ വത്തിക്കാനും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ജീവനെ നശിപ്പിക്കരുത്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും വത്തിക്കാന്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ വൈദികരുടെ വിയോജനക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: