ബെംഗളൂരു: രാമേശ്വരം കഫെയില്‍ ഉഗ്രസ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ കര്‍ണ്ണാടകയില്‍ മോദിയ്ക്കെതിരെ വധഭീഷണി ഉയര്‍ത്തി യുവാവ്. കര്‍ണ്ണാടകയില്‍ യാദ് ഗിരി ജില്ലയിലെ മുഹമ്മദ് റസൂല്‍ എന്ന യുവാവാണ് ഫെയ് സ്ബുക്ക് വീഡിയോ വഴി മോദിയ്ക്കെതിരെ വധഭീഷണി ഉയര്‍ത്തി പോസ്റ്റിട്ടത്. വീഡിയോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
ഉടനെ കര്‍ണ്ണാടക പൊലീസ് യുവാവിനിതെര കേസെടുത്തു. യാദ് ഗിരി ജില്ലയിലെ സുര്‍പൂര്‍ സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 25(1)എ, 505(1)ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹൈദരാബാദില്‍ നിന്നും എത്തിയ യുവാവായ മുഹമ്മദ് റസൂല്‍ ഈയിടെയാണ് സുര്‍പൂരില്‍ താമസം തുടങ്ങിയത്.
രാമേശ്വരം കഫെ സ്ഫോടനത്തിന് ശേഷം കര്‍ണ്ണാടക ജാഗ്രതയിലാണ്. എന്‍ഐഎ കൂടി അന്വേഷണം ഏറ്റെടുത്തതോടെ ശക്തമായ തിരച്ചില്‍ നടക്കുന്നുണ്ട്.
ഇമെയിലിലൂടെ മറ്റൊരു ബോംബ് ഭീഷണി കൂടി
കര്‍ണ്ണാടകയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.48ന് പലയിടങ്ങളിലും ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി ഉയര്‍ത്തി ഇ-മെയില്‍ സന്ദേശം. ഷാഹിദ് ഖാന് എന്നയാളാണ് ഇ-മെയില്‍ അയച്ചിരിക്കുന്നത്. ഉന്നതരുടെ ഓഫീസുകള്‍, റസ്റ്റോറന്റുകള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയില്‍ ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി. പക്ഷെ ഒരു സ്ഫോടനവും ഇതുവരെയും നടന്നിട്ടില്ല. സൈബര്‍ ക്രൈം പൊലീസ് അരിച്ചുപെറുക്കുന്നുണ്ട്.
പാകിസ്ഥാന് സിന്ദാബാദും രമേശ്വരം കഫെ സ്ഫോടനവും
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം മൗലികവാദ ശക്തികള്‍ കര്‍ണ്ണാടകയില്‍ പിടിമുറുക്കിയിരിക്കുന്നതായി ബിജെപി ആരോപിക്കുന്നു. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് നാസില്‍ ഹുസൈന് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ണ്ണാടകയ അസംബ്ലിയില്‍ മുഴങ്ങിയ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം. ഈ മുദ്രാവാക്യം മുഴങ്ങിയെന്നത് സത്യമാണെന്ന് അറിഞ്ഞിട്ടും ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായില്ല. തീവ്രവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി പ്രകടനം നടത്തിയിട്ടും തിങ്കളാഴ്ച മാത്രമാണ് ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദല്‍ഹിയില്‍ നിന്നും ഇല്‍താസ്, കര്‍ണ്ണാടക ഹാവേരിയില്‍ നിന്നും മുഹമ്മദ് ഷഫി, ബെംഗളൂരുവില്‍ നിന്നും മുനവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നിട്ടും ഇത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിക്കാന്‍ സിദ്ധരാമയ്യ മടികാട്ടിയിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് രാമേശ്വരം കഫെ സ്ഫോടനത്തിന് മാംഗളൂരു സ്ഫോടനവുമായി സാമ്യമുള്ളതായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: