ന്യൂദല്‍ഹി: ഇക്കുറി ആദ്യ 195 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത് 33 പേര്‍ക്കാണ്. ഇക്കൂട്ടത്തില്പ്പെട്ട രണ്ട് പ്രമുഖരും ജനപ്രിയരുമാണ് മീനാക്ഷി ലേഖിയും സാധ്വി പ്രഗ്യയും. കേന്ദ്രമന്ത്രിയായ മീനാക്ഷി ലേഖി രണ്ട് തവണ ജയിച്ച മണ്ഡലമായ ന്യുദല്‍ഹി ലോക് സഭാ സീറ്റ് വിട്ടുകൊടുക്കുന്നത് അന്തരിച്ച പഴയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിനാണ്.
കഴിഞ്ഞ ദിവസം മീനാക്ഷി ലേഖി ന്യൂദല്‍ഹി മണ്ഡലവുമായി ബന്ധപ്പെട്ട ഫയലുകള്‍ ബാംസുരി സ്വരാജിനെ ഏല്പിച്ചു. ഇതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ എന്തൊക്കെ, പാതി വഴിയില്‍ എത്തിനില്‍ക്കുന്ന പദ്ധതികള്‍ ഏതൊക്കെ, പുതിയ പദ്ധതികള്‍ ഏതൊക്കെ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഈ ഫയലുകളില്‍ ഉണ്ട്. ഹമാസ് എന്ന സംഘടന ഇന്ത്യയില്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട ഫയലില്‍ മീനാക്ഷി ലേഖി ഒപ്പുവെച്ചതായുള്ള രേഖകള്‍ പ്രതിപക്ഷം ഈയിടെ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ച് ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി ലോക് സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ ഹമാസിനെ നിരോധിച്ചിട്ടില്ല. പക്ഷെ ജനപ്രിയ മന്ത്രിയായിരുന്ന മീനാക്ഷി ലേഖി കഴിഞ്ഞ രണ്ട് തവണ ന്യൂദല്‍ഹി മണ്ഡലത്തില്‍ വിജയിച്ച എംപിയാണ്.
അതുപോലെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകുന്ന മറ്റൊരു എംപിയാണ് സാധ്വി പ്രഗ്യ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും തീപ്പൊരി നേതാവാണ്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടന്ന വമ്പന്‍ പോരാട്ടത്തില്‍ മധ്യപ്രദേശിലെ ഭോപാലില്‍ കോണ്‍ഗ്രസ് നായകനും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് സാധ്വി പ്രഗ്യ തോല്പിച്ചത്. ഇക്കുറി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അടുത്തയാളായ അലോക് ശര്‍മ്മയാണ് ഭോപാലില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി.
ഇവര്‍ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സേ രാജ്യസ്നേഹിയാണെന്ന് പ്രഖ്യാപിച്ചത് പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. പ്രധാനമന്ത്രി മോദിക്ക് തന്റെ ചില വിവാദപ്രസ്താവനകള്‍ ഇഷ്ടപ്പെട്ടില്ലായിരിക്കാമെന്നും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ വേദനയില്ലെന്നും സാധ്വി പ്രഗ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: