കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. മാർച്ച് ആറ് ബുധനാഴ്ച രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. കൽക്കത്തയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാകും മെട്രോ സ്റ്റേഷന്റെ ഫ്ളാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നാളെ നിർവ്വഹിക്കുക.
ഉദ്ഘാടനത്തിന് ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നും ദിവ്യാംഗരായ കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് സർവീസ് നടത്തും. ഇതിന് ശേഷം തൃപ്പൂണിത്തുറയിൽ നിന്നും പൊതുജനങ്ങൾക്ക് വേണ്ടി സർവീസ് ആരംഭിക്കും. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-B-യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആലുവയിൽ നിന്നും എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സജ്ജമാക്കുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി നീക്കി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: