എന്തൊരു നിശബ്ദതയാണിത്? മകനെ നഷ്ടപ്പെട്ട ഒരച്ഛന് നെഞ്ചുപിടയുമ്പോഴും പൊരുതാനിറങ്ങിനില്ക്കുന്നു… കേരളം കാഴ്ചക്കാരായി മാറിനില്ക്കുന്നു. പ്രതിഷേധപ്രസംഗങ്ങളത്രയും ചാനല്‍ മുറികളിലാണ്. ഹാഷ്മി, അഭിലാഷേ, അനില്‍ നമ്പ്യാരേ, സ്മൃതി എന്നൊക്കെ ആക്രോശിച്ച് തൊണ്ടകീറി കേരളത്തിലെ യുവാക്കളും അല്ലാത്തവരുമായ നേതാക്കളൊക്കെ പ്രക്ഷോഭം കടുപ്പിക്കുന്നു. കൊന്നവനും കൊല്ലിച്ചവനുമൊക്കെ അവിടെയുണ്ട്. എല്ലാവരും വട്ടമിരുന്ന് പരസ്പരം പുലഭ്യം പറയുന്നു… അന്നന്നത്തെ പ്രതിഷേധത്തിന്റെ റേറ്റിങ്ങില്‍ കണ്ണും നട്ട് അവതാരകര്‍ എരിവും പുളിയും നിറച്ച് അരങ്ങ് വാഴുന്നു. ഉപ്പിന് മുളകിന് കൊത്തമ്പാലിന് തീവില കയറുമ്പോഴൊക്കെ തെരുവ് വിറപ്പിച്ചിരുന്ന അതേ കേരളമാണ് ഇപ്പോള്‍ ഈ പ്രതിഷേധപ്രഹസനങ്ങള്ക്ക് വേദിയാകുന്നത്.
ഐക്യദാര്‍ഢ്യവും കണ്ണീരൊപ്പലും സോഷ്യല്‍മീഡിയയിലെ പോര്‍വിളിയുമാണ് പ്രതിഷേധത്തിന്റെ മറ്റ് മാതൃകകള്‍. നെടുമങ്ങാട് സിദ്ധാര്‍ത്ഥന്റെ വീട്ടിലേക്ക് നേതാക്കളുടെ യാത്രയാണ്. അവിടെയുമുണ്ട് ചാനലുകാര്. പ്രഖ്യാപനങ്ങള്‍. കൂടുതല്‍ ലൈക്കിന്, ഷെയറിന്, വൈറലാകുന്നതിന്… ഇതെന്ത് പ്രഹസനങ്ങളാണ്… എന്താണ് കേരളം തെരുവിലിറങ്ങാത്തത്?
ഒരു അച്ഛനാണ് ഹൃദയം നൊന്ത് ചോദിക്കുന്നത്, ഞാന്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ടത് അവന് ആഹാരം നല്‍കാനായിരുന്നു. വെറും വയറോടെയാണ് അവരെന്റെ മകനെ കൊന്നുകളഞ്ഞത്. മരിക്കുംമുമ്പ് ഒരിറ്റ് വെള്ളം എന്തേ എന്റെ കുഞ്ഞിന് കൊടുത്തില്ല…. കേട്ടിട്ട് പൊള്ളുന്നില്ലേ ഇന്നാട്ടിലെ അച്ഛന്മാര്ക്കും അമ്മമാര്‍ക്കും. നിങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ ആരുവരുമെന്നാണ് കരുതുന്നത്. സന്ദേശ് ഖാലിയിലേക്ക് നോക്ക്… കല്ലും വടിയും കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലാണ്. മാര്‍ക്സിസ്റ്റ് പ്രേതങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍വാഴ്ച പൊറുക്കാതായപ്പോഴാണ് അവര്‍ പൊട്ടിത്തെറിച്ചത്.
വിവരസാങ്കേതികവിദ്യയുടെ വിപ്ലവം പൂത്തുലഞ്ഞിട്ടും സന്ദേശ്ഖാലിയിലെ കൊടുംക്രൂരതകള്‍ ലോകം അറിഞ്ഞത് വൈകിയാണ്. പക്ഷേ അവിടുത്തെ അമ്മമാര്‍ക്കൊപ്പം ബംഗാള്‍ ശൗര്യം കാട്ടി. അവര്‍ പ്രതിഷേധിച്ചു. എംപിമാരും പ്രതിപക്ഷനേതാക്കളും സന്ദേശ്ഖാലിയിലേക്ക് കുതിച്ചെത്തി. പോലീസിനോടും സര്‍ക്കാരിനും നേര്‍ക്കുനേര്‍ പൊരുതി. തല്ലുകൊണ്ടു. ജയിലില്‍ പോയി. ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അന്ത്യശാസനം നല്കി. ഇളകാത്ത പാറയും ഇളകി. നില്‍ക്കക്കള്ളിയില്ലാതെ മമത രക്ഷതേടി നെട്ടോട്ടമോടി. അവര്‍ അത്രകാലം നിലവറയില്‍ കാത്തുസൂക്ഷിച്ച ഷാജഹാന് ഷെയ്ഖ് ജയിലിലായി. പ്രക്ഷോഭത്തിന്റെ കനല് ആളുന്നത് അങ്ങനെയാണ്.
വിമോചനസമരം കണ്ട നാടാണ് കേരളം. മാറാടും നിലയ്ക്കലും ശബരിമലയുമൊക്കെ… നിലയ്ക്കാത്ത സമരവേലിയേറ്റങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ച നാടാണിത്. മുഖ്യമന്ത്രിമാരെ വഴിയില്‍ തടഞ്ഞിട്ടുണ്ട്. പരസ്യവിചാരണ ചെയ്തിട്ടുണ്ട്. ഭരണസിരാകേന്ദ്രം പ്രക്ഷോഭത്തിരയില്‍ ആടി ഉലഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍… സ്വപ്നയെയും സരിതയെയും മുന്‍നിര്‍ത്തി നടത്തിയ സമരത്തിന്റെ ചൂടുപോലും അവര്‍ മറ്റെന്തിനോ അട വച്ചിരിക്കുന്നു. ഏത് മുട്ട വിരിയിക്കാനാണ് ഈ നിസംഗത എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കുട്ടനാട്ടില്‍ ഒരു കര്ഷകന് ആത്മഹത്യ ചെയ്ത നൊമ്പരചിത്രം നമ്മുടെ മുന്നിലുണ്ട്. അവസാനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്, ഞാന്‍ മരിക്കുകയാണ്, നിങ്ങള്‍ എന്റെ മരണം കൊണ്ട് സമരം ചെയ്യണം എന്നാണ്. എന്നിട്ടോ… രണ്ട് ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ സമരം ഉരുകിത്തീര്‍ന്നു. എല്ലാ പ്രതിഷേധവും ഒഴുകിപ്പോകുന്ന അഴുക്കുചാലുകളാവുകയാണ് ചാനല്‍ ന്യൂസ് റൂമുകള്‍… അതിനപ്പുറത്തേക്ക് ഒന്നും ഒന്നും ഇല്ലാതാവുന്നു. കേരളത്തിന്റെ സമരവീര്യം സ്വാര്‍ത്ഥത കൊണ്ട് വന്ധ്യംകരിക്കപ്പെട്ടുപോയിരിക്കുന്നു. എച്ചില്ത്തീനികളായ കുറേ കവികളെയും കഥാകൃത്തുക്കളെയും മുന്നില്‍ നിര്‍ത്തി അധികാരം ആഭാസമാക്കി വളര്‍ത്തിയവര്‍ പിന്നെയും ന്യായീകരണത്തിന്റെ വാറോലകള്‍ സൃഷ്ടിക്കുന്നു.
പൂക്കോട് വെറ്ററിനറി കോളജ് കേരളത്തിലെ ആദ്യസംഭവമല്ല. എസ്എഫ്ഐ അരിയിട്ടുവാഴ്ച നടത്തിയ എല്ലാ കാമ്പസുകളിലും അരാജകത്വമാണ് വളര്‍ന്നത്. കാമ്പസുകളെ രാഷ്ട്രീയമുക്തമാക്കാന്‍ കുറേപ്പേര് കൊണ്ടുപിടിച്ചുനടന്നു. രാഷ്ട്രീയമുക്തമായ കാമ്പസുകളില്‍നിന്ന് പ്രതികരണവീര്യമുള്ള കൗമാരം പടിയിറങ്ങിപ്പോയി. അപ്പോഴും ഇത്തിള്‍ക്കണ്ണിപോലെ ഇവര്‍ അവിടെ അള്ളിപ്പിടിച്ചുകിടന്നു. മയക്കുമരുന്നിന്റെയും അരാജകത്വത്തിന്റെയും ആവിഷ്കാരങ്ങള്‍ കാമ്പസുകളില്‍ പെറ്റുപെരുകി. മാര്‍ക്സിസ്റ്റ് അദ്ധ്യാപകര്‍ എല്ലാ വൃത്തികേടുകള്‍ക്കും നേതൃത്വം വഹിച്ചു. ചോദ്യം ചെയ്തവര്‍ക്കു നേരെ അവര്‍ വടിവാളോങ്ങി. അത്തരം അദ്ധ്യാപകര്‍ക്ക് ശവക്കല്ലറ പണിഞ്ഞു, അവരുടെ കസേര കത്തിച്ചു. പുരോഗമനവും സോഷ്യലിസവും വിളിച്ചുകൂവുന്ന അതേനാവ് കൊണ്ട് ജാതി പറഞ്ഞ് അധിക്ഷേപിച്ചു. എല്ലാം ന്യായീകരിച്ച് മൂത്ത സഖാക്കള്‍ കൊടിയും വടിയുമായി കാവല്‍ നിന്നു.
കുറച്ച് എബിവിപിക്കാരുടെ നിശ്ചയദാര്‍ഢ്യത്തിലാണ് പൂക്കോട് സര്‍വകലാശാലയിലെ അതിക്രമങ്ങള്‍ ഇങ്ങനെയെങ്കിലും ചര്‍ച്ചയായത്. നേരം വൈകിയപ്പോള്‍, തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ കെഎസ്യുവും യൂത്ത് ലീഗും കൊടിയുമായി ഇറങ്ങിയിട്ടുണ്ട്.
എസ്എഫ്ഐ അല്ല പിഎഫ്ഐ ആണെന്നാണ് ഇപ്പോഴത്തെ വാദം. എസ്എഫ്ഐ ഓളം പിഎഫ്ഐ വേറെ ഏതാണ് ഈ ദുനിയാവില്… സിപിഎമ്മുകാര്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളില്‍ നോക്ക്, സിഐടിയുക്കാര്‍ ഏറെയുള്ള തൊഴിലിടങ്ങളില്‍ നോക്ക്… അവിടെയെല്ലാം ഇതാണ് നടക്കുന്നത്. മറ്റൊരാളെ അവര്‍ സഹിക്കില്ല. ഊരുവിലക്കും. നാടുകടത്തും, കൊടികുത്തും. അപവാദപ്രചാരണം നടത്തും. പെണ്ണുകേസില്‍പ്പെടുത്തി നാറ്റിക്കും. അമ്പത്തൊന്നും അമ്പത്തേഴും വെട്ടുവെട്ടി തീര്‍ക്കും. കൊലയാളികളെ മാല ചാര്‍ത്തി വരവേല്‍ക്കും… എത്രയെത്ര ഉദാഹരണങ്ങള്‍ ഇന്നാട്ടിലുണ്ട്. എന്നിട്ടും വിളിക്കുന്നത് സോഷ്യലിസവും ജനാധിപത്യവും സ്വാതന്ത്ര്യവുമാണ്. കേരളത്തിന്റെ ഗവര്‍ണറെ തെരുവില്‍ ആക്രമിക്കാന്‍ അവര്‍ കാട്ടിയ ശൗര്യം എത്ര ഭയാനകമാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ വടക്കോട്ട് നോക്കി ഓരിയിടുന്ന ഒരാളും ഒരക്ഷരം മിണ്ടിയില്ല. അന്നന്ന് എറിഞ്ഞുകിട്ടുന്ന എല്ലിന്‍കഷ്ണത്തിനു വേണ്ടി കടിപിടി കൂടുന്നതിനിടെ കുരയ്ക്കുന്നതെങ്ങനെയാണ്….
വിസിയെ ഗവര്‍ണര്‍ പുറത്താക്കിയതാണ് സിദ്ധാര്‍ത്ഥന്റെ വിഷയത്തിലുണ്ടായ ആര്‍ജവമുള്ള ഏക നടപടി. ആ ഡീന്‍ അവിടെത്തന്നെയുണ്ട്. ക്രിമിനലുകള്‍ക്ക് വെള്ളവും വളവും കൊടുത്തുവളര്‍ത്തിയ അദ്ധ്യാപക സംഘടനകളും അദ്ധ്യാപകരും അവിടെയുണ്ട്. ആര്‍ക്കുമൊന്നും സംഭവിച്ചിട്ടില്ല. മിണ്ടാട്ടം മുട്ടിപ്പോയ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ശബ്ദം ഇനിയും തൊണ്ടക്കുഴിയില്‍ നിന്ന് പുറത്തക്ക് വന്നിട്ടില്ല. അത്രയ്ക്ക് നിര്ജീവമായിരിക്കുന്നു കാമ്പസുകള്‍. എത്ര അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുണ്ട് നമ്മുടെ നാട്ടില്‍, എത്ര സര്‍വീസ് സംഘടനകളുണ്ട്… ശമ്പളപരിഷ്കരണവും പെന്‍ഷനും ക്ഷേമപദ്ധതിയുമല്ലാതെ ആര്‍ക്കും ഒന്നിനെപ്പറ്റിയും ചര്‍ച്ച ചെയ്യാനില്ല. അവര്‍ക്കൊന്നും ഇതൊരു വിഷയമേ അല്ല… മനുഷ്യജീവനാണ് പൊലിഞ്ഞത്. നാളെയുടെ ഒരു പ്രതിഭയാണ് ഇല്ലാതായത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച മനുഷ്യര്‍ക്കു വേണ്ടി വയനാട്ടില്‍ പ്രക്ഷോഭമുണ്ടായി. ഇനിയൊരു സിദ്ധാര്ത്ഥന് ഉണ്ടാകാതിരിക്കാന്‍ അതുപോലെയെങ്കിലും ഒന്നു പൊട്ടിത്തെറിക്കാത്തതെന്താണ് കേരളം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: