Categories: India

ചണ്ഡിഗഡ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഇരട്ട ജയം; ഇന്‍ഡിക്ക് തിരിച്ചടി

Published by

ചണ്ഡിഗഡ്: ചണ്ഡിഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിന് തിരിച്ചടി. കോര്‍പ്പറേഷനിലെ സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

സീനിയര്‍ ഡെപ്യൂട്ടി മേയറായി കുല്‍ജീത് സന്ധുവും ഡെപ്യൂട്ടി മേയറായി രജീന്ദര്‍ ശര്‍മ്മയുമാണ് ജയിച്ചത്. മൂന്ന് വോട്ടുകള്‍ക്കാണ് കുല്‍ജീത് സന്ധു ഇന്‍ഡി സഖ്യത്തിന്റെ ഗുര്‍പ്രീത് സിങ് ഗോബിയെ പരാജയപ്പെടുത്തിയത്. 36ല്‍ 19 വോട്ട് സന്ധുവിന് ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഇന്‍ഡി സഖ്യത്തിന്റെ നിര്‍മലാ ദേവിയെ രണ്ട് വോട്ടുകള്‍ക്കാണ് രജീന്ദര്‍ ശര്‍മ്മ പരാജയപ്പെടുത്തിയത്. ശര്‍മ്മയ്‌ക്ക് 19 വോട്ടുകളും നിര്‍മ്മലാ ദേവിക്ക് 17 വോട്ടുകളും ലഭിച്ചു.

36 അംഗങ്ങളുള്ള ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എക്സ് ഒഫീഷ്യോ അംഗമായ എംപി ഉള്‍പ്പെടെ 18 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന്റെ ഏഴും ആപ്പിന്റെ പത്തും ഉള്‍പ്പെടെ 17 അംഗങ്ങളാണ് ഇന്‍ഡി സഖ്യത്തിനുള്ളത്. ശിരോമണി അകാലി ദളിന്റെ ഒരംഗത്തിന്റെ പിന്തുണ ബിജെപിക്കായിരുന്നു.

ഇന്നലെ രാവിലെ 10.30നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചണ്ഡിഗഡ് എംപിയും ബിജെപി നേതാവുമായ കിരണ്‍ ഖേര്‍ ആണ് ആദ്യം വോട്ട് ചെയ്തത്. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ ചണ്ഡീഗഡ് എംപിക്കും വോട്ടുണ്ട്. നേരത്തെ നടന്ന മേയര്‍ തെരഞ്ഞെടുപ്പ് വിവാദമായതിനാല്‍ സിനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

ജനുവരി 30നാണ് ഏറെ വിവാദമായ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. അന്നും സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ സന്ധുവും ശര്‍മ്മയും തന്നെയാണ് വിജയിച്ചത്. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന ഇന്‍ഡി സഖ്യത്തിന്റെ ആരോപണത്തില്‍ വരണാധികാരിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. സുപ്രീം കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഇന്‍ഡി സഖ്യത്തിന്റെ കുല്‍ദീപ് കുമാറിനെ മേയറായി പ്രഖ്യാപിക്കുകയുമായിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by