അദിലാബാദ് : രാജ്യത്തെ പാരമ്പര്യ പാർട്ടികൾക്ക് വ്യത്യസ്ത മുഖങ്ങളുണ്ടാകാം എന്നാൽ ” ജൂട്ട് ആൻഡ് ലൂട്ട് ” ( നുണയും കൊള്ളയും ) അവരുടെ പൊതു സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച തെലങ്കാനയിലെ അദിലാബാദിൽ നടന്ന ബിജെപിയുടെ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചത്.
ടിആർഎസ് ബിആർഎസായി മാറിയെങ്കിലും തെലങ്കാനയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നും മോദി പറഞ്ഞു. ഇപ്പോൾ ഇവിടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയുടെ പിൻഗാമിയായി ഭരണത്തിലെത്തി, പക്ഷേ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പോലുള്ള അഴിമതികൾ ബിആർഎസ് ഭരണകാലത്ത് നടത്തിയെന്നും ഭരണകക്ഷിയായ കോൺഗ്രസിനെതിരെ നടപടിയെടുക്കാതെ ഫയലുകളിൽ അത് ഇപ്പോഴും ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. ചന്ദ്രശേഖർ റാവു സ്ഥാപിച്ച തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പിന്നീട് ഭാരത് രാഷ്ട്ര സമിതി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 ദിവസങ്ങളിലായി രാജ്യത്ത് നടന്ന നിരവധി വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കുകയും ‘ആത്മനിർഭർ ഭാരത്’ ‘വികസിത് ഭാരത്’ എന്നതിലേക്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ പദ്ധതികളെന്നും റാലിയിൽ പറഞ്ഞു. വികസിത ഇന്ത്യക്കായുള്ള പ്രവർത്തന പദ്ധതിയെക്കുറിച്ച് ഞായറാഴ്ച ദൽഹിയിൽ എല്ലാ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ചകൾ നടത്തിയതായും അദ്ദേഹം അനുസ്മരിച്ചു.
കൂടാതെ വനവാസികളുടെ ക്ഷേമത്തിന് അടിവരയിടുന്ന മോദി ഇക്കാര്യത്തിൽ ഏറ്റവും ഉയർന്ന മുൻഗണന തന്റെ പാർട്ടി നൽകുന്നുണ്ടെന്നും പറഞ്ഞു.
തന്റെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തു വീടുവിട്ടിറങ്ങിയപ്പോൾ നാടിനു വേണ്ടി ജീവിക്കുമെന്ന സ്വപ്നവുമായാണ് ഞാൻ പോയത്. ഈ രാജ്യത്തെ 140 കോടി ജനങ്ങളും എന്റെ കുടുംബമാണ്. മേരാ ഭാരത് മേരാ പരിവാർ,”(എന്റെ ഇന്ത്യ എന്റെ കുടുംബമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: