ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുകയായിരുന്നു. നിലവിൽ ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസിൽ അന്വേഷണം നടത്തിവരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരുക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് 2022ല്‍ മംഗലാപുരത്തും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നഗരത്തിലെ സ്‌ഫോടനത്തിന് മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ സ്‌ഫോടനവുമായി ബന്ധമുള്ളതായി സംശയമുണ്ടെന്ന് സിറ്റി പോലീസും അറിയിച്ചിരുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. 30 മുതൽ 35 വയസുവരെയുള്ള കണ്ണട ധരിച്ചയാളുടെ ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്. ഇയാൾ രാമേശ്വരം കഫേയ്‌ക്ക് സമീപം ബസിൽ നിന്ന് ഇറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെളുത്ത തൂവാല കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. സ്ഫോടകവസ്തു നി റച്ചതെന്ന് കരുതുന്ന ബാഗുമായി ഇയാൾ കഫേയിലേക്ക് കയറുകയായിരുന്നു.
എന്‍ഐഎ സംഭവ സ്ഥലത്തു പരിശോധന നടത്തി. നിലവിലെ യുഎപിഎ തടവുകാരെയും ചോദ്യം ചെയ്യുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലാണ്. ബെംഗളുരു, ധാര്‍വാഡ്, ഹുബ്ബള്ളി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: