വെല്ലിങ്ടണ്‍: കരിയറിലെ അഞ്ചാമത്തെ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ച നഥാന്‍ ലിയോണിന്റെ മികവില്‍ ഓസ്ട്രേലിയയ്ക്ക് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ വിജയം.
ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നേടിയ താരം ഇന്നലെ തീര്‍ന്ന ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റും സ്വന്തമാക്കി. രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ 172 റണ്‍സിന് ജയിച്ച് ഓസീസ് 1-0ന് മുന്നിലെത്തി. ബൗളര്‍മാരുടെ വിക്കറ്റ് കൊയ്ത്ത് കണ്ട വെല്ലിങ്ടണിലെ പിച്ചില്‍ ആദ്യ ഇന്നിങ്സില്‍ അപരാജിത സെഞ്ചുറി പ്രകടനം നടത്തിയ കാമറോണ്‍ ഗ്രീന്‍ ആണ് കളിയിലെ താരം. താരത്തിന്റെ 173 റണ്‍സ് ആണ് മത്സരത്തില്‍ നിര്‍ണായകമായത്.
ഇന്നലെ രാവിലെ വെല്ലിങ്ടണ്‍ പിച്ച് സജ്ജമാകുമ്പോള്‍ കളിതീരാന്‍ നാലും അഞ്ചും ദിവസങ്ങള്‍ കൈയിലിരിക്കെ 258 റണ്‍സ് മതിയായിരുന്നു ന്യൂസിലന്‍ഡിന്. പക്ഷെ വെല്ലിങ്ടണ്‍ പിച്ചിന്റെ സ്വഭാവവും അതിനെ നന്നായി മുതലെടുത്ത ഓസീസ് നായകന് പാറ്റ് കമ്മിന്‍സും മത്സരത്തിന്റെ വിധി കല്പ്പിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയ്ക്കാണ് കിവീസ് നിര ഇന്നലെ ബാറ്റ് ചെയ്യാനെത്തിയത്. പ്രതീക്ഷാ പ്രകടനവുമായി അര്‍ദ്ധ സെഞ്ചുറി തികച്ച രചിന് രവീന്ദ്ര 56 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ഒപ്പം നിന്നിരുന്നത് മറ്റൊരു വിശ്വസ്ത ബാറ്റര്‍ ഡാരില്‍ മിച്ചല്‍ ആയിരുന്നു. പൊരുതി നില്‍ക്കാനുള്ള ഭാവത്തിലാണ് ഇരുവരും തുടങ്ങിയത്. പക്ഷെ ഏഴാം ഓവറെത്തിയപ്പോഴേക്കും കളിമാറി.
കെട്ടുറപ്പുള്ള ഇന്നിങ്സിന് ശ്രമിച്ച രചിന് രവീന്ദ്രയെ(59) പുറത്താക്കി നഥാന്‍ ലിയോണ്‍ ഇത് തന്റെ ദിവസമാണെന്ന് അറിയിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിതിരിഞ്ഞ് അല്‍പ്പം ബൗണ്‍സ് ചെയ്തെത്തിയ പന്തിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച രചിന് ബാറ്റിലെ ഷോട്ടില്‍ നിന്നും പന്തിന്റെ ഗതി താഴേക്ക് പതിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടു. പന്ത് കാമറോണ്‍ ഗ്രീനിന്റെ കൈയ്യില്‍ ഭദ്രമായി പുതഞ്ഞു. ഓസീസിന്റെ തോല്‍വിയുടെയും ലിയോണിന്റെ സംഹാരത്തിന്റെയും തുടക്കമായിരുന്നു അത്. ഒട്ടും താമസിക്കാതെ ടോം ബ്ലണ്ടെലിനെ പൂജ്യത്തിന് പുറത്താക്കി ആതിഥേയര്‍ക്ക് ലിയോണ്‍ അടുത്ത പ്രഹരം നല്കി. ഇക്കുറി ക്യാച്ചെടുത്തത് ട്രാവിസ് ഹെഡ്. പിന്നാലെ ഗ്ലെന്‍ ഫിലിപ്സും(ഒന്ന്) ലിയോണിന്റെ പന്തില്‍ മടങ്ങി. സ്കോട്ട് കുഗ്ഗെലെയിനും(26) മാറ്റ് ഹെന്റിയും(14) നായകന് ടിം സൗത്തിയും(ഏഴ്) പൊരുതിനോക്കിയെങ്കിലും അത്ഭുതത്തിന് വകയുണ്ടായില്ല. ഒടുവിലത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ 130 പന്തുകള്‍ നേരിട്ട് പിടിച്ചുനിന്ന ഡാരില്‍ മിച്ചല്‍ അവസാന ബാറ്ററായി മടങ്ങി. ഹെയ്സല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച താരം 38 റണ്‍സെടുത്തു.
സ്കോര്‍: ഓസ്ട്രേലിയ- 383, 164; ന്യൂസിലന്‍ഡ്- 179, 196
നഥാന്‍ ലിയോണ്‍ കരിയറിലെ 24-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്നലത്തെ ഇന്നിങ്സില്‍ സ്വന്തമാക്കിയത്. താരത്തിന്റെ മികവില്‍ ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പേ കളി അവസാനിച്ചു. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കും. ഇതില്‍ ജയിച്ചാല്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് പരമ്പര നഷ്ടപ്പെടാതെ കാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: