കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് പകരം ന്യൂദല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ അങ്കത്തിനൊരുങ്ങുകയാണ് ബന്‍സൂരി സ്വരാജ്. ലോക്സഭയിലേക്കുള്ള ആദ്യ മത്സരം. രാഷ്ട്രം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍, ഇതിനുമപ്പുറം ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല ഈ നാല്പതുകാരിക്ക്. എന്നാല്‍ ഒരിക്കലും സുഷമാ സ്വരാജിന്റെ മകള്‍ എന്ന നിലയിലല്ല ബാന്‍സുരി ജനവിധി തേടാനിറങ്ങുന്നത്. തന്റെ പ്രവൃത്തിയിലൂടെയും വ്യക്തിത്വത്തിലൂടെയും അവരത് തെളിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ ബിജെപിയുടെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായാണ് ബാന്‍സുരി സ്വരാജ് പാര്‍ട്ടി ചുമതയലിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തിനിപ്പുറം സ്ഥാനാര്‍ത്ഥിയും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ക്കൊപ്പം ഇടം പിടിച്ചതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷക കൂടിയായ ബാന്‍സുരി.
പാര്‍ട്ടി ചുമതലയിലെത്തിയ നാള് മുതല്‍ ദല്‍ഹിയിലെ എഎപി സര്‍ക്കാരിനേയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ബാന്‍സുരി ദല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ബിജെപിയില്‍ ചേരാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് കേജ്രിവാള് അവകാശപ്പെട്ടതിന് ശേഷം തന്റെ പാര്‍ട്ടിക്ക് ഒരിക്കലും കേജ്രിവാളിനെ ആവശ്യമില്ലെന്ന് പറഞ്ഞ് ബാന്‍സുരി രംഗത്ത് എത്തിയിരുന്നു. ദല്‍ഹി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഏറ്റവും മുകളിലായാണ് ബാന്‍സുരിയുടെ പേരുണ്ടായിരുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റിക്കും സ്വീകാര്യമായിരുന്നു അവരുടെ പേര്.
2007ലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. ദല്‍ഹി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത ബാന്‍സുരിക്ക് അഭിഭാഷകവൃത്തിയില്‍ പതിനഞ്ച് വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്. ഹരിയാനയില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു. വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
ഏറെ നന്ദിയുണ്ട്. ഇങ്ങനെ ഒരവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ജി, ജെ.പി. നദ്ദ ജി കൂടാതെ ഓരോ ബിജെപി പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു. അബ് കി ബാര്‍ 400 പാര് എന്ന ലക്ഷ്യം കൈവരിച്ച് നരേന്ദ്ര മോദിയെ മൂന്നാം തവണയും രാഷ്ട്രത്തിന്റെ പ്രധാനസേവകനാക്കാന് ഓരോ ബിജെപി പ്രവര്‍ത്തകനും പരിശ്രമിക്കും… ബാന്‍സുരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: