മുംബൈ: ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്‌ക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ആണവായുധവുമായി ബന്ധപ്പെട്ട മെഷിനുകളെന്ന സംശയത്തില്‍ മുംബൈ തുറമുഖത്ത് സുരക്ഷാസേന തടഞ്ഞു. കപ്പലിലുള്ളത് പാകിസ്ഥാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കാവശ്യമായ വസ്തുക്കളാണെന്ന സംശയത്തിന്റെയടിസ്ഥാനത്തിലാണ് കപ്പല്‍ നവഷേവ തുറമുഖത്ത് തടഞ്ഞത്. ജനുവരി 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവിട്ടിരിക്കുന്നത്.
ചൈനയില്‍ നിന്നും പുറപ്പെട്ട മാള്‍ട്ട പതാകയുള്ള ചരക്ക് കപ്പലാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടഞ്ഞത്. ഒരു ഇറ്റാലിയന്‍ കമ്പനി നിര്‍മിച്ച കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷിനുകളാണ് കപ്പലിലുള്ളതെന്നാണ് കണ്ടെത്തിയത്. കറാച്ചിയിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു. അന്താരാഷ്‌ട്ര സമാധാനത്തിനുള്ള 1996ലെ വസനാര്‍ കരാര്‍ പ്രകാരം നിരോധിച്ച സാങ്കേതിക വിദ്യകളില്‍ ഒന്നാണ് സിഎന്‍സി മെഷിനുകള്‍.
അന്താരാഷ്‌ട്ര ആയുധ നിയന്ത്രണ സംവിധാനമനുസരിച്ച് സൈനികാവശ്യത്തിനോ അല്ലാതെയോ സിഎന്‍സി മെഷിന്‍ ഉപയോഗിക്കാന്‍ പാടില്ല. കരാറില്‍ ഭാരതമുള്‍പ്പെടെ 42 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഒരു സംഘം ഉദ്യോഗസ്ഥരാണ് കപ്പലിലുള്ള ചരക്ക് പരിശോധിച്ച് വിലയിരുത്തിയത്.
STORY | Ship suspected to contain dual-use consignment for Pak's nuclear programme stopped at Mumbai port
READ: https://t.co/asj26BG10M pic.twitter.com/XLRRZI5xUy
— Press Trust of India (@PTI_News) March 2, 2024
ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ്. ചൈനയില്‍ നിന്നുള്ളതാണ് ചരക്ക് കപ്പല്‍. ഷാന്‍ഹായ് ജെഎക്‌സ്ഇ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് കമ്പനി ലിമിറ്റഡില്‍ നിന്നും പാകിസ്ഥാനിലെ സിലാക്കോട്ട് പാകിസ്ഥാന്‍ വിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ളതാണ് കണ്‍സൈന്‍മെന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
22,180 കിലോയുള്ള ചരക്ക് പാകിസ്ഥാനിലെ പ്രതിരോധ വിതരണക്കാരായ കോസ്‌മോ എന്‍ജിനിയറിങ് സ്ഥാപനത്തിലേയ്‌ക്കാണ്. 2022 മുതല്‍ ഇവരുടെ ചരക്കുകള്‍ ഭാരതം നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: