തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയോട് യോജിക്കാനാവില്ലെന്ന് മന്ത്രി ചിഞ്ചു റാണി. സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. നടപടി അംഗീകരിക്കില്ലെന്നും മന്ത്രി.
സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് വിസിയെ സസ്പെൻഡ് ചെയ്തത്. ആൻ്റി റാഗിങ് സെല്ലിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 19 വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ഇവർക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാൾ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാൾ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടാണ് പോലീസിന്റെ കൂടി അന്വേഷണം കൊണ്ടുവന്ന് വിദ്യാർത്ഥികളെ അറസ്‌റ്റ് ചെയ്യിക്കുവാനും, മൂന്ന് വർഷത്തേക്ക് അവരെ ഡീബാർ ചെയ്യാനും സാധിച്ചു. അത് നിസാരപ്പെട്ട കാര്യമല്ല. സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: