Categories: Main Article

ആലംപറ്റ ജമീലയും പാലോട് രവിയും

ണ്‍ ലൈനിനോട് കടപ്പാടു പറഞ്ഞ് തന്നെ തുടങ്ങാം. അതല്ലെ നല്ലത്. അതിങ്ങനെ തൈര് മാത്രമല്ല, മോരും നല്ലതാണ്. മോരു കഴിക്കുന്നതിലൂടെ വയറിളക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മോര് കാരണമാകുന്ന ബാക്ടീരിയയേയും അണുക്കളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്പം ഉപ്പിട്ട് ഒരു ഗ്ലാസ് മോര് കഴിക്കാം. ഇത് എല്ലാവിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും രണ്ടു നേരം മോര് ശീലമാക്കാം. പെട്ടെന്നുതന്നെ വയറിളക്കത്തിന് സഹായകമാകും. വയറിളക്കം മാത്രമല്ല, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു!

ഇതാണ് കെപിസിസി പ്രസിഡന്റ് ഓര്‍ത്തത്. ഓര്‍ത്തകാര്യം തുറന്നു പറയുകയും ചെയ്തു. അമ്മമ്മോ ഇതെന്തൊരു പുകിലാക്കി. പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ട പ്രതിപക്ഷ നേതാവെത്താന്‍ വൈകി. കാത്തുകാത്ത് മടുത്തു. അന്നേരമാണ് പ്രതിപക്ഷ നേതാവിന്റെ ദഹനക്കേടും വയറിളക്കവും മൂലം അദ്ദേഹം കഷ്ടപ്പെടുകയാണെന്നോര്‍ത്തത്. തൈരിന്റെ കാര്യവും മോരിന്റെ കാര്യവും പറഞ്ഞത് പോരെ പൂരം. കൂടെയുള്ളവരാണ് പ്രസിഡന്റിനെ വട്ടത്തിലാക്കിയത്. ചാനലുകളുണ്ട്. ക്യാമറകളുണ്ട്. അത് ഓണ്‍ ആണെന്നുണര്‍ത്തുകയും ചെയ്തു.

പ്രസിഡന്റും ഞാനും ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സാണെന്ന് പ്രതിപക്ഷനേതാവ്. ജ്യേഷ്ഠനും അനുജനും പോലെയാണെന്ന്. അങ്ങനെയുള്ളവര്‍ക്ക് തൈര് ആവാം. മോരും ആവാം. പ്രസിഡന്റ് ഓര്‍ത്തു. അദ്ദേഹത്തോട് ഭാര്യ ചോദിച്ചത്രെ. നിങ്ങളിങ്ങനെ പറയുന്നത് ഇതുവരെ കേട്ടിട്ടില്ലല്ലൊ. എങ്ങിനെയിത് പറഞ്ഞു. നമ്മുടെ വീട്ടില്‍ തൈരുമില്ല മോരുമില്ല. പിന്നെങ്ങനെ നീയതുകേള്‍ക്കും? വീട്ടില്‍ മീന്‍കറിയും വറുത്തതുമല്ലെ ഉള്ളൂവെന്ന് പറഞ്ഞപ്പോഴാണ് മോരിന്റെ കാര്യം ഭാര്യയ്‌ക്ക് മനസ്സിലായത്. മുരളിക്കാണ് സംശയലേശമന്യേ കാര്യം മനസ്സിലായത്. ‘മൈഡിയര്‍’ എന്നല്ലെ പറഞ്ഞത് എന്നാണദ്ദേഹത്തിന്റെ വ്യാഖ്യാനം. എട്ടും പൊട്ടും തിരിയാത്ത മരമണ്ടത്തരം മാത്രം വിളമ്പുന്ന മുരളി.

സമരാഗ്നി ഉണ്ടാക്കുന്ന ഓരോരോ എടാകൂടങ്ങളേ! തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപനസമ്മേളനമാണ് സംഗതി ഗംഭീരമാക്കിയത്. പാലോട് രവിയാണ് വില്ലന്‍. തെലങ്കാന മുഖ്യമന്ത്രി രേവന്‍ റെഡ്ഡിയും സച്ചിന്‍ പൈലറ്റുമുള്ള വേദിയല്ലെ. ദേശീയഗാനം പാടാന്‍ മറ്റാരെയെങ്കിലും വിളിച്ചാല്‍ ഞാനങ്ങ് ചെറുതായിപ്പോകില്ലേ എന്ന ചിന്ത സ്വാഭാവികം. എല്ലാവരേയും എണീറ്റ് വില്‍ക്കാന്‍ പറഞ്ഞത് രവിതന്നെ ജനഗണമന… തുടങ്ങി. ആദ്യവരി ശരി. പിറ്റേവരി എങ്ങോ എവിടെയോ പോയി. ടി.സിദ്ദിഖിന് പിടികിട്ടി. ഓടിവന്ന് പാലോടിനെ തള്ളിമാറ്റി ‘സിഡി ഇട് സിഡി ഇട്’ എന്നുപറയുന്നുണ്ടായിരുന്നു. ശശി അണ്ണനെയും പിടിച്ച് ചേര്‍ത്തുനിര്‍ത്തി. ആലപ്പറ്റ ജമീല ഒടുവില്‍ കാത്തു.

ഡിസിസി പ്രസിഡന്റിന്റെ ഈ പോക്കണം കെട്ട നിലപാടിനെതിരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് പരാതി നല്‍കി. പോലീസ് കമ്മീഷണര്‍ക്ക്. ‘മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും തെറ്റായുമാണ് ദേശീയഗാനം പാടിയത്. ഇത് ബോധപൂര്‍വമാണെന്നേ കാണാന്‍ കഴിയൂ. അതിനാല്‍ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അതൃപ്തിരേഖപ്പെടുത്തിയിരുന്നു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനു വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിച്ചതെന്നും രണ്ടുപേര്‍ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകള്‍ പോകുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി നല്‍കി. ”മൂന്നുമണിക്ക് കൊടുംചൂടില്‍ വന്നുനില്‍ക്കുന്നവരാണ്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നു. 12 പേര്‍ പ്രസംഗിച്ചു. അതിനാല്‍ പ്രവര്‍ത്തകര്‍ പോയതില്‍ പ്രസിഡന്റ് വിഷമിക്കേണ്ട” സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഏട്ടന്‍ ബാവയും അനിയന്‍ ബാവയുമാണെന്ന് കേട്ടിട്ടില്ലെ. സിഎംആര്‍എല്‍-വീണാ വിജയന്‍ വിഷയത്തില്‍ അത് കണ്ടതാണ്. കോണ്‍ഗ്രസുകാരന്‍ തന്നെയായ മാത്യുകുഴല്‍ നാടന്‍ വിഷയത്തിന്റെ തായ്‌വേര് തേടിചെന്ന് ഓരോന്നോരോന്ന് പുറത്തെടുക്കുമ്പോള്‍ ‘ഞാന്‍ മാവിലായിക്കാരന്‍’ എന്നമട്ടിലാണ് പ്രതിപക്ഷനേതാവും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമെല്ലാം. ഏറ്റവും ഒടുവിലിതാ മുഖ്യമന്ത്രിയുടെ പ്രസംഗം. അതേറ്റുപിടിച്ച് പ്രതിപക്ഷ നേതാവും. മരപ്പട്ടിയാണ് വിഷയം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മരപ്പട്ടികള്‍ വിലസുകയാണത്രെ. വെള്ളം തുറന്നുവയ്‌ക്കാന്‍ കഴിയില്ല. ഷര്‍ട്ടും മുണ്ടും ഇസ്തിരി ഇട്ട് മടക്കിവച്ചാലും പ്രശ്‌നമാണ്. ക്ലിഫ് ഹൗസ് വാസം വലിയ കഷ്ടം. ശോച്യാവസ്ഥയാണ് അവിടെ ആകെ.
ഐഎഎസ് ഉദ്യോഗസ്ഥരുടെ ഓഫീസേര്‍സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കവേയാണ് തന്റെ വസതിയിലെ കഷ്ടനഷ്ടങ്ങളുടെ കഥ മുഖ്യമന്ത്രി നിരത്തിയത്. ”ഇസ്തിരി ഇട്ടു വച്ച തുണി അല്പസമയം കഴിഞ്ഞാല്‍ നനഞ്ഞിരിക്കും. എല്ലാം മരപ്പട്ടിയുടെ പണിയാണ്. മരപ്പട്ടിയുടെ മൂത്രം വീഴുമെന്നതിനാല്‍ അടച്ചുവയ്‌ക്കാതെ നിര്‍വാഹമില്ല. ക്ലിഫ് ഹൗസില്‍ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ അവസ്ഥ ആകെ ഇങ്ങിനെയാണ്.”

മുഖ്യമന്ത്രി ഇങ്ങിനെ പറയുമ്പോ പ്രതിപക്ഷ നേതാവിനെങ്ങനെ മിണ്ടാതിരിക്കാനാകും! കഴിഞ്ഞ ദിവസം മരപ്പട്ടിയുടെ ശല്യം കാരണം 4 മണിക്ക് ഉണര്‍ന്നു. ഒന്നല്ല, ഇഷ്ടംപോലെ മരപ്പട്ടിയുണ്ട്. ‘മരപ്പട്ടിക്ക് ഈനാംപേച്ചി’ കൂട്ടെന്നപോലെയായി പ്രതിപക്ഷ നേതാവിന്റെ വാക്കുകളും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടിന് അടച്ചുറപ്പുണ്ടാക്കാന്‍ 38 ലക്ഷത്തിലധികം രൂപ അനുവദിച്ചിട്ടുണ്ട്. അത് മറച്ചുവച്ചുകൊണ്ടുള്ള പ്രസ്താവനയെ താങ്ങിക്കൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയും കൂടിയായപ്പോള്‍ നമുക്കും കിട്ടണം പണം എന്ന ന്യായം പോലെയായി.

മുഖ്യമന്ത്രിയുടെ വീടിന്റെ ഒന്നാം നിലയില്‍ കയറാന്‍ ലിഫ്റ്റ് വച്ചതും മതിലിന് ഉയരം കൂട്ടാനും കാലികളെ വാങ്ങാനും തൊഴുത്ത് കെട്ടാനും കോടിയിലേറെ ചെലവാക്കിയത് അടുത്തിടെയാണ്. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ നായയെ കുളിപ്പിക്കാനും കളിപ്പിക്കാനും ഉപയോഗിച്ചിരുന്ന കുളം നന്നാക്കാനും ലക്ഷങ്ങളാണ് ചെലവാക്കിയത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ലക്ഷങ്ങള്‍ ചെലവാക്കി കുളം കുത്തിയത്. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കി കുളം തോണ്ടിക്കൊണ്ടേയിരിക്കുന്നു.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക