തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദാരുണമായ അന്ത്യത്തിന് പിന്നിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കേസ് സിബിഐ അന്വേഷിക്കുകയോ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു സ്വതന്ത്ര അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയോ വേണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആവശ്യപ്പെട്ടു.
പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ അത്തരം അന്വേഷണങ്ങളിലൂടെയല്ലാതെ സത്യം പുറത്ത് വരാന്‍ ഇടയില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം കലാലയങ്ങളിലും എസ്എഫ്‌ഐക്കാണ് മേല്‍ക്കൈ. അവര്‍ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ സമ്പൂര്‍ണ പിന്തുണയും ലഭിക്കുന്നു.
തീവ്രവാദ സമാനമായ ആക്രമണങ്ങളുടെ രംഗവേദിയാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. കൊലപാതകികള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുന്നത് സാംസ്‌കാരികമായ ജീര്‍ണതയുടെ ഏറ്റവും വലിയ തെളിവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മാത്രമല്ല അധ്യാപകര്‍ക്കും സ്ഥാപന തലവന്മാര്‍ക്കും നേരെയും അവിശ്വസനീയമായ ആക്രമണപരമ്പരകള്‍ അഴിച്ചുവിട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
സാധാരണ കുടുംബത്തില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. അതാണ് ചിലരുടെ ക്രൂരത കാരണം പൊലിഞ്ഞുപോയത്. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ഇത്തരം സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ശക്തമായ ബഹുജന അഭിപ്രായം സൃഷ്ടിച്ചുകൊണ്ടു മാത്രമേ സങ്കടകരമായ ഈ അവസ്ഥയില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: