ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനെ പിടിച്ചുലച്ച് ജാതി സെന്‍സസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ച സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെത്തിയതാണ് പുതിയ പ്രതിസന്ധി. ജാതിസെന്‍സസ് റിപ്പോര്‍ട്ട് എന്ന് സിദ്ധരാമയ്യ വിശേഷിപ്പിച്ച സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീരശൈവ-ലിംഗായത്ത് മഹാസഭ അധ്യക്ഷനുമായ ഷാമനൂര്‍ ശിവശങ്കരപ്പ പറഞ്ഞു. വീടുവീടാന്തരം കയറി സര്‍വേ നടത്താതെ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹം അംഗീകരിക്കില്ല. ഇതു സംബന്ധിച്ച് രണ്ടുതവണ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ശിവശങ്കരപ്പ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് അശാസ്ത്രീയവും അസംബന്ധവുമാണെന്ന് ധാര്‍വാഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണി പറഞ്ഞു. ഞാന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നു, ഇത് അശാസ്ത്രീയമാണ്. ലിംഗായത്ത് സമുദായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നൂറിലധികം ഉപജാതികളുള്ള സമൂഹമാണത്. നിലവിലെ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി സ്വത്വം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു വലിയ ഗൂഢാലോചനയാണ്. മറ്റ് സമുദായങ്ങള്‍ക്ക് സംവരണം നല്കുന്നതില് എതിര്‍പ്പില്ല. അശാസ്ത്രീയമായ റിപ്പോര്‍ട്ട് ബാധിക്കുന്നത് കുറച്ച് സമുദായങ്ങളെയാണെന്നും അത് വിവേചനത്തിന് വഴിവയ്ക്കുമെന്നും വിനയ് കുല്‍ക്കര്‍ണി പറഞ്ഞു.
ലിംഗായത്തുകള്‍ അനീതി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് വന്‍കിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലും റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും പറഞ്ഞു. വിവരശേഖരണത്തിനായി അവര്‍ എന്റെ ബന്ധുക്കളുടെ വീടുകളില്‍ പോയിട്ടില്ല. ജാതി സെന്‍സസില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ജാതി സെന്‍സസിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുത്. എല്ലാ സമുദായങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണം, ഹെബ്ബാള്‍ക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവര്‍ പറഞ്ഞു.
അതേസമയം ആളുകള്‍ക്ക് ഡാറ്റയോടാണ്, റിപ്പോര്ട്ടിനോടല്ല എതിര്‍പ്പെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അവകാശപ്പെട്ടു. അവരെ വിശ്വാസത്തിലെടുക്കും. ശാസ്ത്രീയമായ മാറ്റങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. അവര്‍ പറഞ്ഞു.
1.08 കോടി ജനസംഖ്യയുള്ള പട്ടികജാതി വിഭാഗത്തെ ഏറ്റവും വലിയ സമുദായമായും 70 ലക്ഷം ജനസംഖ്യയുള്ള മുസ്ലീങ്ങളെ രണ്ടാമത്തെ സമുദായമായും തരംതിരിച്ചതാണ് റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ ചോര്‍ന്നത് വിവാദമായിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 65 ലക്ഷം ജനസംഖ്യയുള്ള മൂന്നാമത്തെ വലിയ വിഭാഗമാണ് ലിംഗായത്തുകള്‍, 60 ലക്ഷം വൊക്കലിഗകള്‍ നാലമതും. ലിംഗായത്തുകളും വൊക്കലിഗകളും കര്‍ണാടകയില്‍ ഇന്നുവരെ ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നും രണ്ടും ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: