മുംബൈ: എസ് യുവി രംഗത്ത് മാരുതി കുതിപ്പ് തുടരുന്നു. ബ്രെസ്സ, എര്‍ടിഗ, ഗ്രാന്റ് വിറ്റാര, എക്സ് എല്‍ 6 എന്നിവയുടെ വില്പന കുതിപ്പിലാണ്. 2024 ഫെബ്രുവരിയില്‍ 2023 ഫെബ്രുവരിയെ അപേക്ഷിച്ച് 82 ശതമാനം കുതിപ്പുണ്ടായി. അതേ സമയം ചെറുകാറുകള്‍, കോംപാക്ട് കാറുകള്‍ എന്നിവയുടെ വില്പനയില് ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ കയറ്റുമതിയില്‍ മാരുതി നേട്ടമുണ്ടാക്കി.
വാഹനവില്പനയില് ഫെബ്രുവരി മാസത്തില്‍ മാത്രം മാരുതി 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എല്ലാം ചേര്‍ത്ത് ഏകദേശം 1,97,471 യൂണിറ്റുകളാണ് മാരുതി വിറ്റത്. 2023 ഫെബ്രുവരിയിലാകട്ടെ മാരുതിക്ക് 1,72,321 യൂണിറ്റുകള്‍ മാത്രമേ വില്ക്കാന് സാധിച്ചുള്ളൂ.
എസ് യുവി രംഗത്ത് മാരുതി വളര്‍ച്ചാക്കുതിപ്പ് തുടരുന്നു
അതേ സമയം എസ് യുവി രംഗത്താണ് മാരുതി കുതിപ്പ് തുടരുകയാണ്. 2024 ഫെബ്രുവരിയില്‍ ബ്രെസ്സ, എര്‍ടിഗ, ഗ്രാന്റ് വിറ്റാര, എക്സ് എല്‍ 6 എന്നിവ ഉള്‍പ്പെടെ 61,234 യൂണിറ്റുകള്‍ വിറ്റു. ഇക്കാര്യത്തില്‍ 2023 ഫെബ്രുവരിയെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. 2023 ഫെബ്രുവരിയില്‍ വിറ്റത് 33,550 എസ് യുവികള്‍ മാത്രമായിരുന്നു.
മിനികാറുകള്, കോംപാക്ട് കാറുകള്‍ – വില്പനയില് ഇടിവ്
അതേ സമയം മിനികാറുകളുടെ വില്പന കുറഞ്ഞു. മിനികാറുകളായ മാരുതി ആള്‍ട്ടോ, എസ് പ്രസ്സോ എന്നിവ ഫെബ്രുവരിയില്‍ വിറ്റുപോയത് 14,782 മിനി കാറുകളാണ്. 2023 ഫെബ്രുവരിയിലാകട്ടെ 21,875 യൂണിറ്റുകള്‍ വിറ്റുപോയി.
അതുപോലെ കോംപാക്ട് കാറുകളായ ബലേനോ, സെലിറിയോ, ഡിസൈര്‍, സ്വിഫ്റ്റ്, ഇഗ്നിസ്, ടൂര്‍ എസ്, വാഗന് ആര് എന്നിവയുടെ വില്പനയില് പത്ത് ശതമാനം കുറവുണ്ടായി. 2024 ഫെബ്രുവരിയില്‍ 71,627 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2023 ഫെബ്രുവരിയില്‍ 79,898 യൂണിറ്റുകള്‍ വിറ്റിരുന്നു.
കയറ്റുമതിയില്‍ നേട്ടം
വാഹനക്കയറ്റുമതിയിലും മാരുതി നേട്ടമുണ്ടാക്കി. 2024 ഫെബ്രുവരിയില്‍ 28,927 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2023 ഫെബ്രുവരിയിലാകട്ടെ 17,207 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്. ഇന്ത്യയ്ക്കകത്തെ യാത്രാവാഹനങ്ങളുടെ വില്പനയില് 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1,60,271 യൂണിറ്റുകളാണ് വിറ്റത്. 2023 ഫെബ്രുവരിയിലാകട്ടെ 1,47,467 യൂണിറ്റുകള്‍ മാത്രമാണ് വില്ക്കാന് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: