ജാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ബൈദ്യനാഥ് ജയദുര്‍ഗ ശക്തി പീഠം സ്ഥിതി ചെയ്യുന്നത്. ശക്തിപീഠങ്ങളുടെ ഐതിഹ്യപ്രകാരം പരമേശ്വര പത്നിയായ സതിയുടെ ഹൃദയം ഇവിടെ വീണെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ക്ഷേത്രം, ഹൃദയപീഠം എന്നും അറിയപ്പെടുന്നു. സതിയെ ‘ജയ് ദുര്‍ഗ’യുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്, മഹാദേവന് ബൈദ്യനാഥായി വസിക്കുന്നു. സതിക്കൊപ്പം തന്നെ ബൈദ്യനാഥ് ജ്യോതിര്‍ലിംഗവും കാണാം.
ജ്യോതിര്‍ലിംഗ രൂപത്തില്‍ മഹാദേവനും വസിക്കുന്ന ആദ്യത്തെ ശക്തിപീഠമാണിത്. പ്രിയപത്നിയുടെ ഹൃദയം വീണ അതേ സ്ഥലത്ത് ശിവന് സ്വയം ദഹിപ്പിച്ചതായാണ് വിശ്വാസം. അതിനാല്‍ ഇവിടം ചിതാഭൂമിയെന്നും അറിയപ്പെടുന്നു. ജയദുര്‍ഗാ ക്ഷേത്രം, പാര്‍വതീ ക്ഷേത്രം എന്നീ പേരുകളിലും ഈ ശക്തിപീഠം പ്രസിദ്ധമാണ്.
ബാബ ബൈദ്യനാഥ് ധാം എന്നറിയപ്പെടുന്ന ബൈദ്യനാഥിലെ പ്രധാന ക്ഷേത്രത്തിന് എതിര്‍വശത്താണ് ജയദുര്‍ഗാ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, രണ്ട് ക്ഷേത്രങ്ങളും അവയുടെ മുകളില്‍ നിന്ന് ചുവന്ന നൂലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ദമ്പതികള്‍ ഇങ്ങനെ രണ്ടു ക്ഷേത്രങ്ങളുടെയും മുകള്‍ഭാഗങ്ങള്‍ പട്ടുനൂല്‍ കൊണ്ട് ബന്ധിച്ചാല്‍, സന്തോഷപ്രദവും സമ്പല്‍സമൃദ്ധവുമായ ദാമ്പത്യം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ശക്തിപീഠങ്ങളുടെ ഉത്ഭവം
ശക്തിപീഠങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് വിശ്വാസത്തിലിരക്കുന്ന കഥ ഇങ്ങനെയാണ്: ഒരിക്കല്‍ ദക്ഷപ്രജാപതി, മകള്‍ സതിയുടെ ഭര്‍ത്താവായ ശിവന് ഒഴികെയുള്ള എല്ലാ ദേവതകളെയും ക്ഷണിച്ച് ഒരു യജ്ഞം സംഘടിപ്പിച്ചു. സ്വന്തം ഗൃഹത്തില്‍ അച്ഛന് യജ്ഞം നടത്തുന്നതറിഞ്ഞ സതി, അവിടെ പോകാനായി ആഗ്രഹം പ്രകടിപ്പിച്ചു. ശിവഭഗവാന് ആദ്യം സമ്മതിച്ചില്ലെങ്കിലും സതിയുടെ മനസ്സറിഞ്ഞ്, പോകാന്‍ അനുവദിച്ചു. ദക്ഷന് ശിവനോടുള്ള അനാദരവ് നേരിട്ടറിഞ്ഞതോടെ സതി യജ്ഞകുണ്ഠത്തില്‍ ചാടി പ്രാണത്യാഗം ചെയ്തു. വിവരമറിഞ്ഞ് കോപാകുലനായ ശിവന് അവിടെയെത്തി, സതിയുടെ ഭൗതികദേഹം തോളില്‍ വച്ച് താണ്ഡവമാടാന്‍ തുടങ്ങി. ഇതുണ്ടാക്കുന്ന വിപത്തുകളെക്കുറിഞ്ഞ് മനസ്സിലാക്കിയ ഭഗവാന് വിഷ്ണു, സുദര്‍ശന ചക്രത്താല്‍ സതിയുടെ ദേഹം 51 ഭാഗങ്ങളായി മുറിച്ചു. ഈ ഭാഗങ്ങള്‍ വീണ സ്ഥലങ്ങളാണ് ശക്തിപീഠങ്ങളായി അറിയപ്പെടുന്നത്. സതിയുടെ ഹൃദയം ദേവ്ഘറില്‍ വീണത് ജയദുര്‍ഗ ശക്തിയുടെ രൂപത്തിലാണ്.
ആചാരങ്ങള്‍
താന്ത്രിക വിദ്യയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബൈദ്യനാഥ് ജയദുര്‍ഗ ക്ഷേത്രത്തിലെ ആചാരങ്ങള്‍. ഈ സ്ഥലത്തെക്കുറിച്ച് താന്ത്രിക ഗ്രന്ഥങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പല തന്ത്രിമാരും തങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും അനുഗ്രഹം വാങ്ങാനും ജയദുര്ഗയെ ആരാധിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു. ദേവ്ഘറിലെ കാളിയുടെയും മഹാകാളിന്റെയും പ്രാധാന്യം പത്മപുരാണത്തിലെ പാതാളഖണ്ഡത്തിലും പരാമര്‍ശിക്കുന്നുണ്ട്. ശ്രാവണി മേള, അശ്വയുജ നവരാത്രി, മഹാ ശിവരാത്രി എന്നിവയാണ് പ്രധാന ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.
ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍:
ബൈദ്യനാഥം, ദേവ്ഘര്‍ ജംഗ്ഷന് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. അടല്‍ ബിഹാരി വാജ്പേയി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. റോഡ് മാര്‍ഗവും ക്ഷേത്രത്തിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: