ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തതിന് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സാദിഖ് ബാഷ വട്ടിയൂര്‍ക്കാവില്‍നിന്ന് വീണ്ടും പിടിയിലായ സംഭവം വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. വട്ടിയൂര്‍ക്കാവില്‍ ഇയാള്‍ക്ക് ഒരു ഭാര്യയുണ്ട്. ഇവരെ മൊഴി ചൊല്ലുന്നതിനായി വിളിച്ചുവരുത്തിയപ്പോള്‍ സംശയം തോന്നിയാണ് പിടിയിലായത്. പോലീസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിലാണ് സാദിഖ് ഉള്‍പ്പെടുന്ന സംഘം മലയോര മേഖല വഴി കേരളത്തിലെത്തിയെന്നാണ് വിവരം. സംശയം തോന്നി പരിശോധിച്ചപ്പോള്‍ സംഘത്തില്‍പ്പെടുന്ന ഒരാളുടെ ബന്ധു പോലീസിലാണെന്നും, ഇയാളുടെ വാഹനമാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും, എന്‍ഐഎ എടുത്ത കേസില്‍ തമിഴ്നാട് ജയിലിലായിരുന്ന ഇയാള്‍ ജാമ്യം നേടി പുറത്തുവന്നതാണെന്നും, അവിടെ നിന്നാണ് വളരെ രഹസ്യമായി തിരുവനന്തപുരത്ത് എത്തിയതെന്നും വ്യക്തമായത്. ഇയാള്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു, നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്പ്പെടുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടോ, പ്രാദേശികമായി ആരെയൊക്കെയാണ് ഇയാള്‍ ബന്ധപ്പെട്ടത് എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. കളിയിക്കാവിളയില്‍ ഇസ്ലാമിക തീവ്രവാദികള്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ സാദിഖ് ബാഷയ്ക്ക് പങ്കുള്ളതായി തമിഴ്നാട് പോലീസ് സംശയിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുന്നതിനു മുന്‍പാണ് സാദിഖ് ബാഷയും സംഘവും അറസ്റ്റിലായതെന്ന കാര്യം വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പഴുതടച്ചുള്ള സുരക്ഷാ പരിശോധന നടത്തേണ്ടതാണ്. ഇതിനിടെയാണ് ഭീകരനായ സാദിഖ് ബാഷ തടസ്സങ്ങളൊന്നുമില്ലാതെ തിരുവനന്തപുരത്ത് എത്തിയത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് എന്‍ഐഎ നിരവധി സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവില്‍ രണ്ടാം ഭാര്യയുടെ വീട്ടിലെത്തി സാദിഖിനെ പിടികൂടുകയുമായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്ന് പത്രക്കുറിപ്പ് ഇറക്കിയശേഷമാണ് ഈ വിവരം കേരളാ പോലീസ് അറിയുന്നത്. ഇയാള്‍ പലതവണ വട്ടിയൂര്‍ക്കാവിലെ ഭാര്യാവീട്ടില്‍ വന്നുപോയിരുന്നു. ഇതൊന്നും കേരളാ പോലീസ് അറിഞ്ഞില്ല. തിരുവനന്തപുരത്ത് നിരവധി അക്രമങ്ങള്‍ക്ക് പദ്ധതിയിട്ട സാദിഖ് ബാഷയും കൂട്ടരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക താവളവും ലക്ഷ്യമിട്ടിരുന്നതായാണ് അറിയുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇവര്‍ പലതവണ കടന്നതായും അറിയാന്‍ കഴിഞ്ഞു. ഇവര്‍ക്കൊപ്പമുള്ള സ്ത്രീ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഉത്സവ ചടങ്ങുകള്‍ നിര്‍ത്തിവച്ച് ശുദ്ധികലശം നടത്തേണ്ട സ്ഥിതിവരെയുണ്ടായി. ബിജെപി നേതാവ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ ഈ സംഘത്തിന്റെ ഹിറ്റ്ലിസ്റ്റില് ഉണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
കേരളം ഇപ്പോഴും ഇസ്ലാമിക ഭീകരരുടെ താവളമായി തുടരുന്നു എന്നാണ് സാദിഖ് ബാഷയുടെ തിരുവനന്തപുരം സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ഭരണസംവിധാനം ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തനത്തെ ഇപ്പോഴും ഗൗരവത്തിലെടുക്കുന്നില്ല എന്നര്‍ത്ഥം. ഭീകര പ്രവര്‍ത്തനം തെളിഞ്ഞതിനെ തുടര്‍ന്നു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചുവെങ്കിലും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ സജീവമായി രംഗത്തുണ്ട്. ഈ പാര്‍ട്ടിയുമായി സിപിഎമ്മും ഇടതുമുന്നണിയും ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിച്ചതിനെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും അനുകൂലിക്കുന്നില്ല. ഇവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയിറക്കാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. അക്രമാസക്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പിഎഫ്ഐ ഭീകരരെ പ്രതിചേര്‍ത്ത് കേസെടുക്കാനും, നഷ്ടപരിഹാരം ഈടാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുപോലും സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. പോലീസിലെ ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് ഭീകരരുമായി ഒത്തുകളിക്കുന്നതിന്റെ നിരവധി വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. ഇതൊന്നും ഗൗരവത്തില്‍ കാണാതെ നടപടിയെടുത്തെന്ന് വരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഡിപിഐയുമായും ഇസ്ലാമിക ഭീകരവാദികളുമായും സിപിഎം സഖ്യമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതും രാജ്യസരുക്ഷ അപകടപ്പെടുത്തുന്നതുമൊന്നും സിപിഎം ഒരു പ്രശ്നമായി കാണുന്നില്ല. സാദിഖ് ബാഷയെപ്പോലുള്ളവര് കേരളം സുരക്ഷിത താവളമായി കാണാനുള്ള കാരണം ഇതാണ്. ഇതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പാലിക്കുകയും ശക്തമായ നടപടികള്‍ എടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: