ന്യൂദല്‍ഹി: ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് നയത്തെ പിന്തുണച്ച് നിയമകമ്മിഷന്. 2029ല്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ നിയമകമ്മിഷന് ശിപാര്‍ശ ചെയ്യും.
തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിന് ഭരണഘടനയില്‍ പുതിയ അധ്യായം ചേര്‍ക്കാനായിരിക്കും കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള 22-ാമത് നിയമകമ്മിഷന്റെ ശിപാര്‍ശ. പുതിയ അധ്യായത്തിന് നിയമ സഭകളുടെ നിബന്ധനകള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനയിലെ മറ്റ് വ്യവസ്ഥകളെ മറികടക്കാനുള്ള അധികാരം ഉണ്ടായിരിക്കും.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിയമസഭകളുടെ കാലാവധി മൂന്ന് ഘട്ടങ്ങളായി സമന്വയിപ്പിക്കും. 19-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 2029 മെയ്-ജൂണ്‍ മാസങ്ങളില്‍ ആദ്യ തെരഞ്ഞെടുപ്പ് നടത്താനാകും. അവിശ്വാസവോട്ടെടുപ്പിലൂടെ ഒരു സര്‍ക്കാര്‍ രാജിവയ്ക്കുകയോ തൂക്കുസഭ ഉണ്ടാകുകയോ ചെയ്താല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുള്ള ഒരു ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കാം. അല്ലെങ്കില്‍ സഭയുടെ ശേഷിക്കുന്ന കാലയളവില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും കമ്മിഷന് ശിപാര്‍ശ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതസമിതി രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. നിയമകമ്മിഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സമിതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: