ന്യൂദല്‍ഹി: മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ഭാരത സഹായത്തോടെയുള്ള ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികളും പുതിയ എയര്‍സ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 12ന് മൗറീഷ്യസില്‍ യുപിഐ, റുപേ കാര്‍ഡ് സേവനങ്ങള്‍ ആരംഭിച്ചതിന്റെ പിന്നാലെയാണിതും. മൗറീഷ്യസ്-ഭാരത ബന്ധത്തിന് പുതിയ മാനം നല്‍കിയതിന് പ്രധാനമന്ത്രി മോദിയെ പ്രവിന്ദ് ജഗന്നാഥ് നന്ദി അറിയിച്ചു, ഭാരതത്തില്‍ നിന്ന് 250 ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ അനുവദിക്കുന്ന ‘ജന്‍ ഔഷധി പദ്ധതി’ സ്വീകരിക്കുന്ന ആദ്യ രാജ്യമായി മൗറീഷ്യസ് മാറിയെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ, മൗറീഷ്യസിലെ ജനങ്ങള്‍ക്ക് 400 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായത്തോടൊപ്പം 1,000 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ്പ ഭാരതം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൗറീഷ്യസിലെ മെട്രോ റെയില്‍ ലൈനുകള്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകള്‍, സോഷ്യല്‍ ഹൗസിങ്, ഇഎന്‍ടി ഹോസ്പിറ്റല്‍, സിവില്‍ സര്‍വീസ് കോളജ്, സ്പോര്‍ട്സ് കോംപ്ലക്സുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിന് സംഭാവന നല്കാന് ഭാരതത്തിന് ഭാഗ്യമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: