ദുബായ് : സൗദിയിൽ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദി ഊർജ്ജ വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാനെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ 75 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള ഒരു പദ്ധതിയ്ക്ക് രൂപം നൽകുന്നതിനുള്ള നടപടികൾ സൗദി ഊർജ്ജ വകുപ്പ് നടത്തിവരുന്നതായി അദ്ദേഹം അറിയിച്ചു. ഹ്യൂമൻ കപ്പാസിറ്റി ഇനീഷ്യേറ്റിവ് വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യയിലെ മറ്റു മേഖലകളെക്കാൾ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ ഉയർന്ന തോതിലുള്ള സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ രാജ്യത്തെ ട്രാൻസ്പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സൗദി അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ മേഖലയിൽ നിന്ന് സ്വദേശികൾക്കായി ഏതാണ്ട് 23000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്. ട്രാൻസ്പോർട്, ലോജിസ്റ്റിക്സ് സേവന മന്ത്രാലയത്തിലെ ഒരു സഹമന്ത്രിയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ട് അനുസരിച്ച് ഹെവി ട്രാൻസ്പോർട് മേഖലയിൽ പതിനായിരം തൊഴിലുകളിലും, യാത്രാ സേവനമേഖലയിൽ മൂവായിരം തൊഴിലുകളിലും, വ്യോമയാന ഗതാഗത മേഖലയിൽ പതിനായിരം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള 28-ഓളം തൊഴിൽപദവികളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക