ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാമന്ദിരത്തിലെ ഗുരുതരസുരക്ഷാവീഴ്ചയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്ക് പരാതി നല്‍കി. രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ കോണ്‍ഗ്രസുകാര്‍ നിയമസഭാ മന്ദിരത്തിന്റെ പരിസരത്ത് പാക്കിസ്ഥാന്‍ അനുകൂല മുദ്രാ വാക്യം മുഴക്കിയ സംഭവത്തിലാണ് പരാതി.
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിലെ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ കയറിപറ്റിയതായും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. കോണ്‍ഗ്രസിന്റെ എംപി നാസര്‍ ഹുസൈന്റെ അനുയായികളാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമസഭാ മന്ദിരത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസുകാര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി കൂടിയായ ശോഭ കരന്തലജെയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: