ധര്‍മശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഭാരത ബാറ്റര്‍ കെ.എല്‍. രാഹുല്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം റാഞ്ചി ടെസ്റ്റില്‍ വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തും. പരമ്പര 3-1ന് ഭാരതം സ്വന്തമാക്കിയ നിലയ്ക്ക് ഏഴിന് തുടങ്ങുന്ന ധര്‍മശാല ടെസ്റ്റില്‍ ഏതാനും താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട്.
വലത് കാല്‍മുട്ടിന് താഴെയുള്ള മസിലുകളിലാണ് രാഹുലിന് ബുദ്ധിമുട്ട്. വേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ ചികിത്സ തേടിയതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരുവര്‍ഷം മുമ്പ് ഉണ്ടായ ഗുരുതരമായ പരിക്ക് പറ്റിയ അതേ ഭാഗത്താണ് താരത്തിന് വേദന അനുഭവപ്പെടുന്നത്. അന്ന് മാസങ്ങളോളം വിട്ടുനിന്ന രാഹുല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. താരം അടുത്ത ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്ന് മാത്രമാണ് ബിസിസിഐ അറിയിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം രാഹുല്‍ പരിക്ക് കാരണം വിട്ടു നിന്നിരുന്നു. രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിക്കാനായില്ല. റാഞ്ചി ടെസ്റ്റില്‍ നിന്നും താരം വിട്ടുനിന്നു. ഈ സമയത്താണ് വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.
രാജ്കോട്ട് ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന് പിന്നാലെയാണ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്. ധര്‍മശാല ടെസ്റ്റില്‍ താരം തിരികെയെത്തുമ്പോള്‍ അദ്ധ്വാന ഭാരം കുറയ്ക്കാന്‍ മറ്റ് ഭാരത താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അത് ആരൊക്കെയായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. റാഞ്ചി ടെസ്റ്റോടെ അവധിയില്‍ പോയ ടീം അംഗങ്ങള്‍ രണ്ടിന് ധര്‍മശാലിയില്‍ വീണ്ടും ഒത്തുചേരും. മൂന്നിന് ഇംഗ്ലണ്ട് ടീമും ഇവിടേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: