ലൂട്ടന്‍: എഫ് എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടന്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടിക്കൊണ്ട് പെപ്പ് ഗ്വാര്‍ഡിയോളയുടെ പട വിജയിച്ചു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ എര്‍ലിങ് ഹാളണ്ടിന്റെ തിരിച്ചുവരവാണ് മത്സരത്തിന്റെ പ്രധാന ഹൈലൈറ്റ്. സിറ്റി നേടിയ ആറില്‍ അഞ്ച് ഗോളും പിറന്നത് ഈ നോര്‍വേ താരത്തിന്റെ ബൂട്ടില്‍ നിന്നാണ്.
പ്രമീയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ബോണ്‍മൗത്തിനെതിരെ എണ്ണംപറഞ്ഞ അവസരങ്ങള്‍ ഹാളണ്ടിന് ലഭിച്ചു. പക്ഷെ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ ആരാധകരെ നിരാശപ്പെടുത്തി. അതിന്റെ എല്ലാ പോരായ്മകളും പരിഹരിക്കുന്ന പ്രകടനമാണ് ഇന്നലെ എഫ് എ കപ്പില്‍ കണ്ടത്. അഞ്ചാം റൗണ്ട് മത്സരത്തില്‍ ലൂട്ടനെതിരെ ഹാളണ്ട് നിറഞ്ഞാടി. കെവിന് ഡിബ്രൂയിനെ പന്ത് എത്തിച്ചു നല്‍കും ഹാളണ്ട് ഗോളടിക്കും. ഇതായിരുന്നു സ്ഥിതി. കളിയിലെ ആദ്യ നാല് ഗോളിനും വഴിയൊരുക്കിയത് ഡിബ്രുയിനെ ആണ്.
സിറ്റിയും ഹാളണ്ടും ഗോളടിച്ചുകൂട്ടിയത് ലൂട്ടന്റെ കരുത്തന് പ്രകടനത്തെ മറികടന്നുകൊണ്ടാണ്. അവര്‍ നേടിയ രണ്ട് മറുപടി ഗോളുകള്‍ തന്നെ അതിന് ഉദാഹരണം. സിറ്റിയുടെ പ്രതിരോധത്തെയും പേരുകേട്ട മധ്യനിരയെയും നിഷ്പ്രഭമാക്കുന്ന ഗോളുകളാണ് ലൂട്ടന്‍ നേടിയത്. ആക്രമണത്തിലെന്നപോലെ പ്രതിരോധത്തിലും അവര്‍ ശക്തരായിരുന്നു. അതിനെ ഭേദിച്ചുകൊണ്ടാണ് സിറ്റി താരങ്ങള്‍ ഗോള്‍ വര്‍ഷം നടത്തിയത്.
മൂന്നാം മിനിറ്റില്‍ ഇടതുവശത്ത് നിന്ന് ഡിബ്രൂയിനെ നല്കിയ പാസില്‍ ഹാളണ്ട് ഗോളടിക്ക് തുടക്കമിട്ടു. ഡിബ്രൂയിനെ-ഹാളണ്ട് മുന്നേറ്റത്തില്‍ ആദ്യ പകുതി പിരിയും മുമ്പേ മൂന്ന് തവണ ലൂട്ടന്‍ ഗോളി ടിം ക്രുലിന് തല കുനിക്കേണ്ടിവന്നു. പക്ഷെ ഈ ഗോളിയുടെ മികവില്ലായിരുന്നെങ്കില്‍ ഇതനേക്കാല് ഗോളെണ്ണം കൂടുമായിരുന്നു. മത്സരത്തിലാകെ 15 ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് സിറ്റി ഉതിര്‍ത്തത്. ഇതില്‍ കൂടുതല്‍ ഷോട്ടും ഹാളണ്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ ഒരു ഗോള്‍ ജോര്‍ദാന്‍ ക്ലാര്‍ക്കിലൂടെ തിരിച്ചടിച്ചാണ് ലൂട്ടന്‍ ആദ്യ പകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയല്‍ സിറ്റിയെ ഞെട്ടിച്ച് ആദ്യം ഗോളടിച്ചതും ലൂട്ടന്‍ ആണ്. ജോര്‍ദാന്‍ ഇരട്ടഗോള്‍ തികച്ചു.
സിറ്റിക്കായി ഹാളണ്ട് പിന്നെയും രണ്ട് ഗോളുകള്‍ കൂടി നേടി. ഒടുവില്‍ മാറ്റിയോ കോവാസിച്ച് ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ നേടിയ ഗോളോടെ സിറ്റി ക്വാട്ട പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 72-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആറാം ഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: