തൂത്തുക്കുടി: തമിഴ്നാട്ടിലെ 17,300 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ചിദംബരനാര്‍ തുറമുഖത്ത് കണ്ടൈനര്‍ ടെര്‍മിനലിന് തറക്കല്ലിട്ട അദ്ദേഹം, 10 സംസ്ഥാനങ്ങളിലായി 75 വിളക്കുമാടങ്ങളും രാജ്യത്തിനു സമര്‍പ്പിച്ചു. ഇരട്ടിപ്പിച്ച, വഞ്ചി മണിയാച്ചിച്ചി നാഗര്‍കോവില്‍, തിരുനല്‍വേലി, മേലേപ്പാളയം അരുള്‍വായ് മൊഴി പാതകളും രാജ്യത്തിന് സമര്‍പ്പിച്ചു.
പുരോഗതിയുടെ പുതിയ പാതയിലാണ് തമിഴ്നാടെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ സത്ത ഉള്‍ക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് കാണാന്‍ സാധിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ തൂത്തുക്കുടിയിലാണ് നടക്കുന്നതെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ രാജ്യമൊട്ടാകെ ലഭിക്കും.
രണ്ടു കൊല്ലം മുന്‍പ് താന്‍ തറക്കല്ലിട്ട ചിദംബരനാര്‍ തുറമുഖത്തെ വികസന പദ്ധതികളാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. മോദിയുടെ ഗ്യാരന്റി പൂര്‍ത്തിയാക്കിയിരിക്കുന്നു. പുതുതായി 7,000 കോടി രൂപയ്ക്കാണ് കണ്ടൈനര്‍ ടെര്‍മിനല്‍ പണിയുന്നത്. തുറമുഖത്തെ 900 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 13 തുറമുഖങ്ങളിലായി 2500 കോടിയുടെ വികസനവും തുടങ്ങി. ചിദംബരനാര്‍ തുറമുഖത്തെ രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഹബ് തുറമുഖമാക്കാനാണ് തന്റെ സര്‍ക്കാരിന്റെ പദ്ധതി. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്, അദ്ദേഹം പറഞ്ഞു.
പത്തു വര്‍ഷം കൊണ്ട് തമിഴ്നാട്ടില്‍ മാത്രം 1300 കിലോമീറ്റര്‍ റെയില്‍ പദ്ധതികളാണ് ഏറ്റെടുത്തത്. 2000 കിമി വൈദ്യുതീകരണവും പൂര്‍ത്തിയായി. അഞ്ചു വന്ദേഭാരതുകളാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ഓടുന്നത്. തമിഴ്നാട്ടിലെ റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ കേന്ദ്രം 1.50 ലക്ഷം കോടി രൂപയാണ് ചെലവിടുന്നത്. മോദി പറഞ്ഞു. ഗവര്‍ണര്‍ ആര്. എന്‍. രവി, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ഡോ. എല്‍. മുരുകന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: