കോഴിക്കോട്: ‘കാളപെറ്റു’ എന്ന്പോലും കേള്‍ക്കുന്നതിന് മുമ്പേ കയറുമായി സിപിഎം നേതാവും കോഴിക്കോട് ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എളമരം കരീം. എന്‍ഐടി കാലിക്കറ്റും സ്പിക്ക് മാകെ എന്ന സംഘടനയും ചേര്‍ന്ന് കോഴിക്കോട് എന്‍ഐടിയില്‍ കലാസാംസ്കാരിക പരിപാടിയായ ‘വിരാസത്- 24’ സംഘടിപ്പിക്കുന്നു. ഇത് ‘ഹിന്ദുത്വത്തിന്റെ താത്ത്വിക ആചാര്യനും ഗാന്ധിവധക്കേസില്‍ പ്രതിയുമായ സര്‍വര്‍ക്കറുടെ പേരില്‍ നടക്കുന്ന കലോത്സവമാണ്’ എന്ന വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീം ചാടിവീണ് അപഹാസ്യനാകുകയായിരുന്നു.
എന്‍ഐടിയെ ഗോഡ്സെ ആരാധകരുടെയും സവര്‍ക്കറുടെ മതരാഷ്ട്രവാദ പ്രചാരണത്തന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണെന്നും ഇതില്‍ പ്രതിഷേധം ഉയര്ന്നുവരണമെന്നുമൊക്കെയാണ് എളമരം കരീം നീണ്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഡയറക്ടര്‍ പ്രസാദ് കൃഷ്ണയെ വ്യക്തിപരമായി ആക്ഷേപിച്ചുമാണ് കരീം പ്രസ്താവനയിറക്കിയത്.
വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കലാസാംസ്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം
സംഘടിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് സ്പിക് മാകെ. 1995 മുതല്‍ വിരാസത് എന്ന പേരില്‍ തുടര്‍ച്ചയായി ഭാരതത്തിലെ കാമ്പസുകളില്‍ പരിപാടി സംഘടിപ്പിച്ചുവരികയാണ്. വിരാസത് 24 സംഘടിപ്പിക്കുന്നതിനായി എന്‍ഐടിയും സ്പിക് മാകെയും ഫെബ്രുവരി 23 ന് ധാരണാ പത്രം ഒപ്പിട്ടിരുന്നു. മാര്‍ച്ച് മാസത്തില്‍ പതിനേഴ് ദിവസത്തെ സാംസ്കാരികോത്സവമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
‘വിരാസത്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പാരമ്പര്യം’ എന്നാണെന്ന് പോലും മനസ്സിലാക്കാതെ അത് വീരസവര്‍ക്കറുടെ പേരില്‍ നടക്കുന്ന പരിപാടിയാണെന്ന വാദവുമായാണ് കരീം ചാടി വീണത്. രാജ്യസഭാ എംപിയായശേഷം കോഴിക്കോട്ട് പൊതുവേദികളിലൊന്നും സജീവമല്ലാതിരുന്ന കരീം ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വിരാസത്തിനെ വീരസര്വര്ക്കറായി ചിത്രീകരിച്ച് മണ്ഡലത്തിലെ മുസ്ലിം വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു സിപിഎം നേതാവിന്റെ ലക്ഷ്യം. എന്നാല്‍, അപഹാസ്യനായി മാറുകയായിരുന്നു.
ദേശാഭിമാനി പത്രത്തിന്റെ ഓണ്‍ലൈനിലും കരീമിന്റെ പ്രതികരണം പോലെയുള്ള വാര്‍ത്ത വന്നിരുന്നു. ഡൂള്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: