ആലപ്പുഴ: ഒരു ഭാഷയിലെ ശബ്ദം മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭാഷിണി ചലഞ്ചിലും വമ്പന്മാരെ പിന്തള്ളി ജോയ് സെബാസ്റ്റ്യന്റെ ടെക്ജന്‍ഷ്യ ഒന്നാമത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയി സെബാസ്റ്റ്യന്റെ കമ്പനി നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വീഡിയോ കോണ്‍ഫറസ് ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാല് സ്റ്റേജുകളിലായിരുന്നു ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ച്. ഒരോ സ്റ്റേജിലും മികവ് തെളിയിച്ചാണ് ടെക്ജന്‍ഷ്യ ഒന്നാം സ്ഥാനം നേടിയത്. എട്ട് മാസങ്ങള്‍ നീണ്ടതായിരുന്നു ഈ നാല് സ്റ്റേജുകള്‍.
വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ മള്‍ട്ടി ലിംഗ്വല്‍ വെബിനാര്‍ ആയിരുന്നു ടെക്ജന്‍ഷ്യയുടെ ഔദ്യോഗിക എന്‍ട്രി ആയി കൊടുത്തിരുന്നത്. പക്ഷേ പ്രോട്ടോടൈപ്പ്, പ്രോഡക്ട് സ്റ്റേജുകളിലാണ് ഇങ്ങനെ നാല് വ്യത്യസ്ത ടൂളുകള്‍ ചെയ്യേണ്ട സാഹചര്യം കടന്നുവന്നത്.
ഈ നാല് ടൂളുകളും ഇതിനകം തന്നെ ജി20 ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിവിധ പരിപാടികളിലും വ്യത്യസ്ത രീതികളില്‍ ഉപയോഗിച്ചു എന്നതാണ് ഇത്തരമൊരു ടൂളിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നത്. ഒന്നാം സ്ഥാനം ലഭിച്ചതിലൂടെ 50 ലക്ഷം രൂപയാണ് ലഭിക്കുക. ഒപ്പം ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രോജക്ടുകളിലേക്കുള്ള കരാറും ലഭ്യമാകും.
നാഷണല്‍ ലാംഗ്വേജ് ടെക്നോളജി മിഷന് 2022 ജൂലൈ മാസത്തില്‍ പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ് ട്രാന്‍സലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാന്‍സ്ലേഷനും സാധ്യമാകുന്നതിനും ഭാരതത്തിലെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ സാധ്യതകള്‍ ആക്കി മാറ്റുന്നതിനും വേണ്ടിയാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി, ഭാഷിണി ഡിവിഷന് ആരംഭിച്ചത്. ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചില്‍ രണ്ട് പ്രോബ്ലം സ്റ്റേറ്റ്മെന്റുകള്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാന്സ്ലേഷന്, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാന്സ്ലേഷന്. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ആണ് ടെക്ജന്‍ഷ്യ മത്സരിച്ചത്.
റിയല്‍ ടൈം സ്പീച്ച് ടൂ സ്പീച്ച് വിഭാഗത്തില്‍ നാല് പ്രൊഡക്ടുകള്‍ ആണ് ടെക്ജന്‍ഷ്യ വികസിപ്പിച്ചത്. ഇതില്‍ പ്രധാനമായും ടെക്ജന്‍ഷ്യയുടെ പ്രധാന ഉല്പന്നമായ വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്സ്ലേഷന് സാധ്യമാക്കുകയാണ് ചെയ്തത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ജോയി സെബാസ്റ്റ്യന്‍ പ്രതിസന്ധികളോട് പടവെട്ടിയാണ് ആധുനിക സാങ്കേതിക മേഖലയില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. ചേര്‍ത്തല പള്ളിപ്പുറത്തെ ഇന്‍ഫോപാര്‍ക്കിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: