കൊച്ചി: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്‌മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്‌ക്കും ഇടയിൽവെച്ചാണ് പുക കണ്ടത്. എസിയിൽ നിന്നുള്ള വാതകച്ചോർച്ചയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.
പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എസിയിൽ നിന്നുള്ള വാതകച്ചോർച്ച എന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ഇതോടെ വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്‌മെന്‍റുകളിലേക്ക് മാറ്റി. തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്.
ട്രെയിനുള്ളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം. യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. പുകവലിച്ച യാത്രക്കാരനിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ട്രെയിനിൽ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: