ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡെയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. മോദി തന്നെയാണ് ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നും സര്‍വേയില്‍ പറയുന്നു. ഡിസംബര്‍ 15നും ജനുവരി 28 നും ഇടയ്ക്കാണ് രാജ്യമൊട്ടാകെ ഇന്ത്യ ടുഡേയും സീ വോട്ടറും ചേര്‍ന്ന് സര്‍വേ നടത്തിയത്.
ഭാരതത്തില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചയാള്‍ നരേന്ദ്ര മോദി തന്നെയെന്നാണ് 44 ശതമാനം പേരുടെയും അഭിപ്രായം. 15 ശതമാനത്തിന്റെ പിന്തുണയുമായി അടല്‍ ബിഹാരി വാജ്പേയിയാണ് രണ്ടാമത്. 14 ശതമാനം പിന്തുണയുള്ള ഇന്ദിരാഗാന്ധി, 11 ശതമാനവുമായി ഡോ. മന്മോഹന് സിങ് എന്നിവരാണ് പിന്നില്‍.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നെന്ന് 42 ശതമാനം പേര്. ആഗോള തലത്തില്‍ ഭാരതത്തിന്റെ പദവി ഉയര്‍ന്നതാണ് 19 ശതമാനം പേരെ ആകര്‍ഷിച്ചത്. 370-ാം വകുപ്പ് നീക്കിയതാണ് മറ്റൊരു പ്രധാന നേട്ടമെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഡിഎയ്ക്ക് 335 സീറ്റും ഇന്‍ഡി മുന്നണിക്ക് 166 വരെ സീറ്റുമാണ് സര്‍വേ പറയുന്നത്. ബിജെപിക്കു മാത്രം 304 സീറ്റ് ലഭിക്കും. കോണ്‍ഗ്രസിന് 71 സീറ്റും.
ക്ഷേമവും വികസനവും ദേശീയതയും തുണയ്ക്കും
മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ശക്തമായ ദേശീയ വികാരവും ബിജെപിക്ക് കരുത്തു പകരും. ഇന്‍ഡി മുന്നണിക്ക് ഒരു മുഖത്തോടെ പ്രവര്‍ത്തിക്കാന്‍ പോലും കഴിയില്ല.
മോദിക്കു പകരം ആരുമില്ല
മോദിക്ക് ബദലായി ഒരാള്‍ പോലും ഇല്ലെന്നതാണ് ഇന്‍ഡി മുന്നണിയുടെ വന്‍ ദൗര്‍ബല്യം. മോദി സര്‍ക്കാര്‍ അഴിമതി രഹിതമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ദല്‍ഹി മൊത്തം ബിജെപിക്ക്
ആപ്പ് ഭരിക്കുന്ന ദല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളും ബിജെപി നേടും. 57 ശതമാനം വോട്ടും ബിജെപി നേടും.
നില വീണ്ടും മെച്ചപ്പെടും
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിയുടെയും എന്‍ഡിഎയുടെയും നില കൂടുതല്‍ ശക്തമാകും. ഇന്ത്യ ടുഡേയും സി വോട്ടറും ആഗസ്തില്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎയ്ക്ക് 306 ഉം ബിജെപിക്ക് 287 ഉം സീറ്റാണ് പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോള്‍ 335ഉം 304 മായി ഉയര്‍ന്നത്.
അസാധ്യമല്ല 400
എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നാണ് മോദി പറയുന്നത്. ഇതിന് സാധ്യത കുറവാണ്, എന്നാല്‍ അസാധ്യവുമല്ല. സി വോട്ടര്‍ ഡയറക്ടര്‍ യശ്വന്ത് ദേശ്മുഖ് വിശദീകരിക്കുന്നു. വരുന്ന രണ്ടു മാസം അത്ഭുതങ്ങള്‍ സംഭവിക്കാം. യുപിഎ സര്‍ക്കാര്‍ മൂന്നാമൂഴം തേടി മല്‍സരിച്ച 2014ല്‍ അവര്‍ 250 ല്‍ നിന്ന് നൂറു സീറ്റിലേക്ക് മൂക്കു കുത്തുമെന്നായിരുന്നു മൂഡ് ഒാഫ് ദ നേഷന്‍ സര്‍വേയില്‍ തെളിഞ്ഞത്.
പക്ഷെ പതനം അതിനേക്കാള്‍ ഭയാനകമായിരുന്നു. യുപിഎയ്ക്ക് വെറും 92 സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 212 സീറ്റെന്നായിരുന്നു പ്രവചനം. പക്ഷെ ബിജെപിക്ക് ഒറ്റയ്ക്കു തന്നെ 282 സീറ്റുകള്‍ ലഭിച്ചു. എന്‍ഡിഎയ്ക്ക് 336 സീറ്റുകളും. ബിജെപിയുടെ സ്ട്രൈക് റേറ്റ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും 67 ശതമാനമായിരുന്നുവെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു. ഇക്കുറി സ്ട്രൈക്ക് റേറ്റ് 84 ശതമാനമാക്കാനാണ് ബിജെപി ശ്രമം.
മോദിക്ക് 55 ശതമാനം രാഹുലിന് 14
അടുത്ത പ്രധാനമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് 55 ശതമാനം പേരുടെയും ഉത്തരം മോദി എന്നാണ്. 14 ശതമാനം പേരാണ് രാഹുലിനെ അനുകൂലിച്ചത്. മോദിക്കു ശേഷം ആരായിരിക്കണം പ്രധാനമന്ത്രിയെന്ന ചോദ്യത്തോട് അമിത് ഷാ എന്നാണ്, 29 ശതമാനം പേരും പ്രതികരിച്ചത്. 25 ശതമാനം പേര് യോഗി ആദിത്യനാഥിനെയും 16 ശതമാനം പേര് നിതിന്‍ ഗഡ്കരിയേയും അനുകൂലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: