മുംബൈ: റിസര്‍വ്വ് ബാങ്ക് പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 മുതല്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന പേടിഎം ബാങ്കിന്റെ ചെയര്മാന് പദവി വിജയ് ശേഖര്‍ ശര്‍മ്മ ഒഴിഞ്ഞു. പേ ടിഎം ബാങ്കിനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു.
പേടിഎം ബാങ്കിന്റെ ബോര്‍ഡില്‍ നിന്നും വിജയ് ശര്‍മ്മ പടിയിറങ്ങി. പുതിയ ചെയര്‍മാനെ ഉടന്‍ നിയമിക്കുമെന്ന് പേടിഎം കമ്പനിയുടെ ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരിവിപണിയെ അറിയിച്ചു. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്മാന് ശ്രീനിവാസ് ശ്രീധര്‍, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് രജ്നി സേഖ്രി സിബല്‍ എന്നിവരെ പേടിഎം ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.
പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ ഒരു കാലത്ത് ഏറെ വാഴ്ത്തപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് ബിസിനസുകാരനായിരുന്നു. പക്ഷെ റിസര്‍വ്വ് ബാങ്ക് ഫെബ്രവരി 29ന് ശേഷം പേ ടിഎം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് പേടിഎം ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവെയ്കാനുള്ള ഉത്തരവ് മാര്‍ച്ച് 15 വരെ നീട്ടി.
പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?
ജനവരി 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. 2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും പേടിഎം പേമെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്റ് എന്ന കമ്പനിയുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള പേടിഎം ഉടമ വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് സംശയത്തോടെയാണ് വീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനി ആന്റുമായുള്ള ബന്ധം പേ ടിഎം അവസാനിപ്പിച്ചിരുന്നു. പക്ഷെ റിസ്ക് മാനേജ്മെന്റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ പേടിഎം പേമെന്റ് ബാങ്കും ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്ലാതെ വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.
മാത്രമല്ല, പേടിഎം പേമെന്റ് ബാങ്ക് പല അക്കൗണ്ടുകളും തുറന്നിരിക്കുന്നത് കെവൈസി വാങ്ങാതെയാണെന്ന പരാതിയും ഉണ്ട്. സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പിന്തുടരേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. നിക്ഷേപം സ്വീകരിക്കുന്ന, വായ്പ നല്കുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിശദാംശങ്ങളും ബാങ്കുകള്‍ കെവൈസി അനുസരിച്ച് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടപാടുകളുടെ സുതാര്യത പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്കിന് ആകൂ.
പുതുതായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിന് ചില ഇളവുകള്‍ നല്കി. നേരത്തെ ഫെബൂവരി 29 കഴിഞ്ഞാല്‍ പേടിഎം പേമെന്റ് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യാനോ പാടില്ലായിരുന്നു. എന്നാല്‍ ഈ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടിരുന്നു.
വ്യാപാരികള്‍ക്ക് ഭയം വേണ്ട, പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം
പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ കടകളില്‍ ഉപയോഗിച്ചുവരുന്ന വ്യാപാരികള്‍ പേടിക്കേണ്ടതില്ല. പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന് എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം. ഇതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇല്ല. പക്ഷെ വ്യാപാരികള്‍ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന് എന്നിവയെ പേടിഎം പേമെന്റ് ബാങ്കുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവര്‍ അത് മാറ്റി മറ്റൊരു ബാങ്കുമായി ഇവയെ ബന്ധിപ്പിക്കണം. ഇപ്പോള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ പ്രശ്നമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: