നാഗ്ഭിഡ്(മഹാരാഷ്ട്ര): ധാര്‍മ്മിക ചിന്തയും രാഷ്ട്രബോധവുമുള്ള പൗരന്മാരായി വിദ്യാര്‍ത്ഥികളെ മാറ്റിയെടുക്കുകയാകണം വിദ്യാലയങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിദ്യാലയങ്ങളിലൂടെ വ്യക്തികള്‍ രൂപപ്പെടും. ഭാരതം വളരും, ലോകം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ സഞ്ചരിക്കും, അദ്ദേഹം പറഞ്ഞു. ജെ.എസ്. ജന്‍വര്‍ ജന്മശതാബ്ദി പരിപാടികളുടെ സമാപനത്തില്‍ നാഗ്ഭിഡ് ഗോണ്ട്വാന് വികാസ് സന്‍സ്തയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്.
ആത്മവിശ്വാസമാണ് വിദ്യാഭ്യാസം നല്‍കുന്നത്. ഇതിലൂടെ സ്വന്തം കാലില്‍ നില്ക്കാന് കരുത്തുള്ള സമൂഹം രൂപപ്പെടും. പരാതിയും പഞ്ഞവും പറയാനല്ല, സ്വയം മുന്നേറാനുള്ള പാഠവും ദിശാബോധവും ക്ലാസ്മുറികളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കണം. അത്തരം കുട്ടികള്‍ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരും ലോക മാനവികതയുടെ അവയവങ്ങളുമായി മാറും, അദ്ദേഹം പറഞ്ഞു.
കൗമാരത്തിലേക്കും യുവത്വത്തിലേക്കും കാലൂന്നുമ്പോള്‍ ഒരുവനില്‍ ഉറയ്ക്കേണ്ട പൗരബോധം ബാല്യകാലത്ത് തന്നെ ലഭിക്കണം. അത് അവന്റെ സ്വഭാവമായി മാറും. ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പാഠ്യപുസ്തകത്തിനപ്പുറത്തുനിന്ന് ജീവിത പാഠങ്ങള്‍ പകരണമെന്ന് ആഗ്രഹിച്ച മഹാനാണ് ജന്വര്ജിയെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
പ്രസംഗങ്ങളും പുസ്തകങ്ങളുമല്ല, മാതൃകയായി മാറുന്ന മുതിര്‍ന്നവരാണ് കുട്ടികളെ നയിക്കേണ്ടത്. അവരുടെ മുന്നില്‍ ഉദാഹരണങ്ങള്‍ വേണം. തെളിവുറ്റ ഉദാഹരണങ്ങളായി മാറാന്‍ മുതിര്‍ന്നവര്‍ കഠിനാധ്വാനം ചെയ്യണം. വിദ്യ മുക്തിയുടെ മാര്‍ഗമാണ്. മുക്തി എന്നത് അവനവനെ അറിയലാണ്. ആത്മവികാസമാണത്. അത് തന്നെയാണ് വികസനത്തിന്റെ അടിക്കല്ല്.
ഇത് എന്റേത്, അത് നിന്റേത് എന്ന ചിന്ത സങ്കുചിതമാണ്. നമ്മള് ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നു. ഹിന്ദുത്വത്തിന്റെ സവിശേഷതയാണത്. വിദ്യാഭ്യാസം പകരുന്ന മൂല്യവും ഇത് തന്നെയാകണം. നല്ല ഭാവി തേടി വിദേശങ്ങളിലേക്ക് പോകുന്ന പ്രവണത ഉണ്ടാകുന്നത് നമ്മുടെ ഗ്രാമങ്ങളുടെ മഹത്വം അറിയാതെ പോകുന്നത് കൊണ്ടാണ്. ജീവിക്കുന്ന ചുറ്റുപാടിനോടും സംസ്കാരത്തോടും ആദരവ് വളര്‍ത്താന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണം. രാജ്യത്തെ സംബന്ധിച്ച് വൈകാരികമായ ഏകത്വഭാവമാണ് ഉണ്ടാകേണ്ടതെന്ന് സര്‍സംഘചാലക് പറഞ്ഞു.
ഗോണ്ട്വാന് ഡവലപ്മെന്റ് അസോസിയേഷന് പ്രസിഡന്റ് രാജഭാവു ദേശ്പാണ്ഡെ, സെക്രട്ടറി രവീന്ദ്ര ജന്‍വര്‍, എംഎല്‍എ കീര്‍ത്തി കുമാര്‍ ഭംഗഡിയ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: