ഗുരുവായൂരപ്പന്റെ തിരുസന്നിധി ഉത്സവനാളുകളില്‍ ഭക്തരാല്‍ നിറഞ്ഞു കവിയും. ഈ ആഘോഷവേളയിലും കാണാം ഭക്തിനിര്‍ഭരമായ കാഴ്ചകള്‍. എങ്ങും എവിടേയും തിരക്ക്. കൃഷ്ണാ…. ഗുരുവായൂരപ്പാ…. വിളികളാല്‍ മുഖരിതമാണ് വാതാലയേശന്റെ ഗുരുപവനപുരി.
സമൃദ്ധിയുടെ ഇടമാണ് ഗുരുവായൂര്‍. ഇവിടെ വന്നെത്തുന്ന ഒരാളും പട്ടിണി അറിയില്ല. ദാരിദ്ര്യം തൊട്ട് തീണ്ടാത്ത മണ്ണ്. ഇവിടെ വന്നെത്തുന്നവര്‍ക്ക് മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നു. ഉത്സവകാലത്ത് പ്രത്യേകിച്ച്. പതിനായിരക്കണക്കിനാണ് ഭക്തരെത്തുക. അഗ്രശാലയും വമ്പന്‍ കലവറയും തയ്യാറാണ് എപ്പോഴും. ഭീമന് ചെമ്പ് ചരക്കുകള്‍ നിറയെ ചക്കയും മുതിരയും ചേര്‍ത്ത പുഴുക്ക്. കുട്ടകങ്ങളില്‍ നിറയെ കുത്തരികഞ്ഞി, പപ്പടം, നാളികേര പൂള്, ശര്‍ക്കര എന്നിവയാണ് കാലത്തെ വിഭവങ്ങള്‍. വൈകീട്ട് ചോറ,് രസകാളന്‍, പപ്പടം എന്നിവയും ഉണ്ടാകും. നാടിന്റെ നാനാഭാഗത്തു നിന്നും അനേകായിരങ്ങള്‍ ഈ പ്രസാദം കഴിക്കാന്‍ ഭക്തിപൂര്വമെത്തും. പാളയിലാണ് കഞ്ഞി കുടിക്കുക. പ്ലാവില കുത്തിയ കയിലും ഉണ്ടാക്കും. പാളയില്‍ ഗുരുവായൂരപ്പന്റെ കഞ്ഞികുടിച്ചാല്‍ പാപം തീരും എന്നാണ് ഭക്തരുടെ വിശ്വാസം. കഴിഞ്ഞ ദിവസം നടന്ന കാഴ്ചശീവേലിക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ സ്വര്‍ണക്കോലം എഴുന്നള്ളിപ്പ് നടന്നു.
താന്ത്രികച്ചടങ്ങുകളില്‍ അതിപ്രധാനമായ ഉത്സവബലി നാളെയാണ്. വ്യാഴാഴ്ച പള്ളിവേട്ടയ്ക്കും വെള്ളിയാഴ്ച ആറാട്ടിനും സന്ധ്യയ്ക്ക് ഗുരുവായൂരപ്പന് ക്ഷേത്രം വിട്ട് ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളും. ഈ സമയം ഭക്തജനങ്ങള്‍ ഭഗവാന് കഴ്ചയായി വിവിധ പറകള്‍ നിറച്ച് നാമ ജപത്തോടെ പ്രാര്‍ത്ഥനാനിരതരായി നില്ക്കും. പൂപ്പറ, അവില്, മലര്, ശര്‍ക്കര, അരി, നെല്ല്, തുടങ്ങി വിവിധയിനം പറകളുണ്ടാകും. ഗ്രാമപ്രദക്ഷിണത്തില്‍ ഭഗവാന് ഗ്രാമവാസികളുടെ ക്ഷേമമന്വേഷിച്ചെത്തുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
കൊല്ലം തോറുമുള്ള ഉത്സവത്തിന് പുറമേ വിഖ്യാതമായ പല ആഘോഷങ്ങളും ക്ഷേത്രത്തില്‍ ആചരിച്ചു വരുന്നു. ചിലത് മഹത്തുക്കളുടെ സ്മാരകമായും മറ്റുളവ വിശേഷനക്ഷത്രങ്ങളിലും തിഥികളിലും ആചരിച്ചു വരുന്നതാണ്. അതില്‍ പ്രധാനമായതാണ് ഗുരുവായൂര്‍ ഏകാദശി. ഉത്ഥാന എകാദശിയെന്നും പറയും. ഭഗവാന് കൃഷ്ണന് അര്ജുനന് ഗീത ഉപദേശിച്ചത് ഈ ദിനത്തിലാണെന്നാണ് സങ്കല്പം. ഗീതാദിനമായും ഈ ദിവസം അറിയപ്പെടുന്നു.
ഐതിഹ്യങ്ങളനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ ചരിത്രപരമായ രേഖകള്‍ ഇത് സംബന്ധിച്ച് ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുരാതനരേഖ നാരദപുരാണത്തിലെ ഗുരുവായുപുര പുരാണം എന്ന ഭാഗത്താണ്. തക്ഷകദംശനമേറ്റു ജീവന് നഷ്ടമായ പരീക്ഷിത്തു രാജാവിന്റെ മകനായിരുന്നു ജനമേജയന്. അദ്ദേഹം നടത്തിയ സര്‍പ്പയജ്ഞത്തില്‍ പരസഹസ്രം സര്‍പ്പങ്ങളെ ആഹുതി ചെയ്തു. ഇതിന്റെ ഫലമായി ജനമേജയരാജാവിന് സര്‍പ്പശാപത്താല്‍ കുഷ്ഠരോഗം പിടിപെട്ടു. എന്തു ചെയ്തിട്ടും രോഗശമനം ലഭിക്കാതെ വന്നപ്പോള്‍ ജനമേജയരാജാവിന് ദത്താത്രേയ മഹര്‍ഷിയുടെ ഉപദേശം ലഭിച്ചു. ഗുരുവായൂരില്‍ ചെന്ന് സച്ചിദാനന്ദസ്വരൂപനായ ഗുരുവായൂരപ്പനെ ഭജിക്കാനും രോഗമുക്തി നേടാനുമായിരുന്നു ഉപദേശം. ഇപ്രകാരം ചെയ്ത് രാജാവ് രോഗമുക്തിനേടിയെന്ന് വിശ്വാസം.
അങ്ങനെ എല്ലാ ഭക്തര്‍ക്കും രോഗശാന്തിയും ആത്മശാന്തിയും നല്കുന്ന ഭഗവാനെ ഭജിക്കുക എന്നുള്ളതാണ് ഈ കലികാലത്തിലെ ഏക ആശ്രയം.
”മരണ വിഷാദമൊഴിപ്പവനേ! ഹരി
മധുരകരമണ്ഡിത മാലികനേ! ഹരി
മഖരസികാവലി പാലകനേ! ഹരി
മരുവലര്മാണ്പിനെ മാച്ചവനേ! ഹരി
മസൃണമഹാമണി മണ്ഡിതനേ! ഹരി
മംഗലമന്ദിരമായവനേ! ഹരി
ഹരിഹരി ഹരിഹരി ഹരിഹരി ഹരി ഹരി”
(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: