“സന്തോഷവും സങ്കടവും എല്ലാവരും പങ്കുവെയ്‌ക്കുന്നു… അത് നിങ്ങളുടേത് മാത്രമായാലും മറ്റുള്ളവരുടേതായാലും”…
(ദുഖ് സുഖ് ഥാ ഏക് സബ് കാ
അപ്ന ഹൊ യാ ബേഗാനാത്…)
പങ്കജ് ഉധാസ് ഈ ഗസല്‍ പാടുമ്പോള്‍ നമ്മുടെ ഹൃദയം അതില്‍ കോര്‍ക്കപ്പെടും. അതായിരുന്നു ആ ശബ്ദ മാന്ത്രികത. വേദനയുടെ നനവ് പടര്‍ന്ന പട്ടുപോലുള്ള ആ ശബ്ദം! അതുകൊണ്ട് പങ്കജ് ഉധാസ് ഗസലിലൂടെ പങ്കുവെയ്‌ക്കുന്ന ആ വിഷാദം നമ്മെ കൂടുതല്‍ ബാധിക്കുന്നത്.
അനൂപ് ജലോട്ടയും തലത്ത് അസീസും ജഗജിത് സിങ്ങും ഗസലില്‍ രാജാക്കന്മാരായി വാഴുമ്പോള്‍ അവിടേക്ക് പങ്കജ് ഉദാസ് കടന്നുവന്നു. പക്ഷെ പങ്കജ് ഉദാസിന് അപ്പോഴേക്കും വ്യത്യസ്തമായ ഒരു മേല്‍വിലാസം നേടിക്കഴിഞ്ഞിരുന്നു. ഒരു സിനിമാപ്പാട്ടുകാരന്‍ എന്ന മേല്‍വിലാസം. 1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ പാടാന്‍ ലഭിച്ച അവസരം പങ്കജ് ഉധാസ് ശരിക്കും മുതലാക്കി. ആ ഗാനം പങ്കജ് ഉദാസിന്റെ ജീവിതം മാറ്റിമറിച്ചു.
ചിട്ടി ആയി ഹെ’ എന്ന ആ ഗാനം ഇന്ത്യയാകെ അലയടിച്ചു. ഭ്രാന്തമായാണ് ആളുകള്‍ അന്ന് ആ പാട്ട് ഏറ്റെടുത്തത്. കാരണം ഇന്ത്യക്കാരുടെ ഹൃദയവികാരം തന്നെയായിരുന്നു ആ ഗാനം.
“ചിട്ടി ആയി ഹേ ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതന്‍ സെ ചിട്ടി ആയി ഹേ
ബഡേ ദിനോ കെ ബാദ്
ഹം ബേവതനോ കൊ യാദ്
വതന്‍ കി മിട്ടി ആയി ഹേ
(കത്ത് വന്നു, കത്ത് വന്നു
എന്റെ രാജ്യത്ത് നിന്നും ഒരു കത്ത് വന്നു
എത്രയോ കാലത്തിന് ശേഷം
വീട്ടില്‍ നിന്നും അകന്നുകഴിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്
ഞങ്ങളുടെ മാതൃരാജ്യത്തിന്റെ മണ്ണാണ് എത്തിയത്.
ഒരു കത്ത് വന്നു, എന്റെ മാതൃരാജ്യത്ത് നിന്നും ഒരു കത്ത് വന്നു)
ആനന്ദ് ബക്ഷീയുടെ വരികള്‍ക്ക് ലക്ഷ്മീ കാന്ത് -പ്യാരേലാല്‍ എന്ന ഇരട്ട സംഗീതജ്ഞര്‍ പകര്‍ന്ന ഈണം ദുഖത്തിന്റെയും സന്തോഷത്തിന്റെ നനവുള്ളതായിരുന്നു. അമ്മയ്‌ക്കും കാമുകിയ്‌ക്കും ഇടയില്‍ ഉരുകുന്ന കാമുകനായ സഞ്ജയ് ദത്താണ് ഈ ഗാനത്തിനൊപ്പം ‘നാം’ എന്ന സിനിമയില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്.
പക്ഷെ ഈ ഗാനം ആ സിനിമയിലെ രംഗത്ത് മാത്രമായി ഒതുങ്ങിനിന്നില്ല. ജോലി തേടി മനസ്സില്ലാമനസ്സോടെ മറുനാട്ടില്‍ പോയി ജീവിക്കുന്ന ഇന്ത്യക്കാര്‍….അയാള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും പ്രിയപ്പെട്ടവരുടെ ഒരു കത്ത് ലഭിക്കുന്നതിലെ സന്തോഷവും ഈ ഗാനത്തില്‍ ഉണ്ട്. മൊബൈലും ഇമെയിലും ടെലിഫോണ്‍ വിളികളും ഇല്ലാതിരുന്ന കാലത്ത് ഈ കത്ത് കിട്ടുന്നതിന്റെ സന്തോഷമായിരുന്നു ജീവിതത്തിന്റെ സാഫല്യം. അങ്ങിനെ ആ ഗാനം പ്രണയികള്‍ക്കും വിരഹികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ പ്രിയങ്കരമായി. ആ വരികളിലെ ദുഖവും സന്തോഷവും വിരഹവും എല്ലാം നിറയ്‌ക്കുന്നതായിരുന്നു പങ്കജ് ഉദാസിന്റെ ആ ശബ്ദം. ഗാനം ഇന്ത്യയിലാകെ ഹിറ്റായി.
പക്ഷെ പങ്കജ് ഉദാസിന് സിനിമയിലെ ഇലക്ട്രോണിക് ഗാനങ്ങളില്‍ ഒതുങ്ങാന്‍ ഇഷ്ടമില്ലായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച സംഗീതം ശുദ്ധസംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം മോഹിച്ചു. അതിന് പറ്റിയ മാര്‍ഗ്ഗമാണ് ഗസല്‍ എന്ന് അദ്ദേഹം മനസ്സിലാക്കി. ഗസലില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു. എപ്പോഴും പ്രസന്നവും സുന്ദരവുമായ മുഖം. എപ്പോഴും കൃത്യമായി ചീകിവെച്ച മുടി. ഇളം മന്ദഹാസം. ഇത് ഗസല്‍വേദികളില്‍ പങ്ക് ഉദാസിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കി. ലോകമെമ്പാടുമുള്ള വേദികളില്‍ പങ്കജ് ഉദാസ് പാടി. ഒപ്പം കാസറ്റ് വലിയൊരു വ്യവസായമായിരുന്ന അക്കാലത്ത് അദ്ദേഹം അമ്പതില്‍പ്പരം ഗസല്‍ ആല്‍ബങ്ങള്‍ ഇറക്കി. ഇതെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
ഡോക്ടര്‍ ആകണമെന്ന് മോഹിച്ചു…ഗസല്‍ ഗായകനായി
ഒരു ഡോക്ടറാകാനാണ് പങ്കജ് ഉധാസ് മോഹിച്ചത്. മുംബൈ സെയിന്‍റ്സ് കോളെജില്‍ സയന്‍സ് പഠിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. പക്ഷെ തന്റെ രക്തത്തില്‍ കലര്‍ന്നിരിക്കുന്നത് സംഗീതമാണെന്ന് ചെറിയ പ്രായത്തിലേ പങ്കജ് ഉദാസ് തിരിച്ചറിഞ്ഞു എന്നതാണ് ജീവിതത്തില്‍ വിജയമായത്.
ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ചർഖാഡി എന്ന പട്ടണത്തിൽ നിന്നുള്ളവരാണ് പങ്കജിന്റെ കുടുംബം . പങ്കജ് ഉധാസിന്റെ മുത്തച്ഛന്‍ ഈ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ബിരുദധാരിയായിരുന്നു. പങ്കജ് ഉദാസിന്റെ പിതാവ് കേശുഭായ് ഉദാസ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും നല്ലതുപോലെ ദില്‍രുബ എന്ന സംഗീതോപകരണം നന്നായി വായിക്കുമായിരുന്നു. സിത്താറിന്റെ അത്രവലിപ്പമില്ലെങ്കിലും സിത്താറിനെപ്പോലുള്ള ഉപകരണമാണിത്. വായിച്ചുകേള്‍ക്കുമ്പോള്‍ സരോദിനാണ് കൂടുതല്‍ സാമ്യം. അച്ഛന്റെ ദില്‍രുബ കമ്പം പങ്കജ് ഉധാസിനെയും ബാധിച്ചു. പങ്കജ് ഉധാസിന്റെ ഇളയ ജ്യേഷ്ഠന്‍ നിര്‍മ്മല്‍ ഉധാസും മൂത്ത ജ്യേഷ്ഠന്‍ മന്‍ഹാര്‍ ഉധാസും മികച്ച ഗസല്‍ ഗായകരായിരുന്നു.. മക്കളുടെ സംഗീതതാല്‍പര്യം പിതാവിനെ സന്തോഷിപ്പിച്ചു. മക്കളുടെ സംഗീതത്തോടുള്ള താല്പര്യം കണ്ട് പിതാവാണ് ഇവരെ ആദ്യമായി രാജ്‌കോട്ടിലെ സംഗീത അക്കാദമിയിൽ ചേർത്തത്. എന്നാൽ പങ്കജ് ആദ്യം തബല പഠിക്കാനാണ് ചേർന്നതെങ്കിലും പിന്നീട് ഗുലാം ഖാദിർ ഖാൻ സാഹബിൽ നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി.
ഗസലിനെ ബോളിവുഡിനേക്കാള്‍ ഉയരത്തില്‍ എത്തിച്ച ഗായകന്‍
ആദ്യ സിനിമാ ഗാനത്തിലൂടെ ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചെങ്കിലും പങ്കജ് ഉധാസിനെ അഹന്ത ബാധിച്ചിരുന്നില്ല. തനിക്ക് ശുദ്ധസംഗീതത്തിന്റെ ഭാഗമായ ഗസലില്‍ ശോഭിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പങ്കജ് ഉധാസിനുണ്ടായിരുന്നു. പതിയെ ഗസലിലേക്കും പങ്കജ് ഉദാസും കടന്നുവന്നു. ഏതാനും വര്‍ഷങ്ങള്‍ ഹിന്ദി സിനിമാഗാനങ്ങളെക്കൂടി ബഹുദൂരം പിന്നിലാക്കി ഗസല്‍ ഇന്ത്യയിലെ സാധാരണക്കാരുടെ സംഗീതമായി മാറിയ നാളുകള്‍ കൂടിയായിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തെ ഈ ഗസല്‍ മുന്നേറ്റക്കാലത്ത് പങ്കജ് ഉധാസ് ശരിയ്‌ക്കും ജനങ്ങളുടെ ഗസല്‍ഗായകനായി. ലോകമെമ്പാടും സംഗീത പരിപാടികള്‍. അതില്‍ അദ്ദേഹം ആവശ്യമായതെല്ലാം പ്രേക്ഷകര്‍ക്ക് നല്‍കി…പ്രണയം, വിരഹം, ആത്മീയത അങ്ങിനെ എല്ലാം.
മറക്കാനാവില്ല ഈ ഗസല്‍. വിരഹവേദനയുടെ വരികള്‍.
ദീവാരോം സെ മില്‍കര്‍ റോനാ അച്ഛാന ലഗ് താ ഹെ
ഹം ഭീ പാഗല്‍ ഹൊ ജായേംഗെ ഐസാ ലഗ് താ ഹെ
ദുനിയാ ഭര്‍ കി യാദേം ഹംസേ മില്‍നേ ആതി ഹേ
ശ്യാം ധലേ ഇസ് സൂനേ ഘര്‍ മേം മേലാ ലഗ് താ ഹേ
(ഈ ചുമരില്‍ തലചേര്‍ത്ത് പൊട്ടിക്കരയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്നു.
ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും ഓര്‍മ്മകള്‍ എന്നെത്തേടി വരുന്നതുപോലെ തോന്നുന്നു.
എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്നു.
ഈ ഏകാന്തമായ വീട്ടില്‍ രാത്രി വന്ന് വീഴുമ്പോള്‍ അത് ഒരു ഉത്സവമായി തോന്നുന്നു)
സമ്പന്നരുടെ ഉള്ളിലെ അരക്ഷിതാവസ്ഥയെ വരഞ്ഞിടുന്ന ഈ ഗസല്‍ ഏറെ ജനപ്രിയമായി.
യഹാം ഹര്‍ ഷേയ്‌ക് ഹര്‍ പല്‍ ഹഡ്സാ ഹോനെ സെ ദര്‍താ ഹെ
ഖിലൊനാ ഹൈ ജോ മിഠി സെ ഫാനാ ഹൊനാ സെ ദര്‍താ
മേരെ ദില്‍ കെ കിസി കൊനെ മെം ഏക് മാസും സാ ബച്ചാ
ബദോന്‍ കി ദേഖ് കര്‍ ദുനിയാ ബഡാ ഹോനെ സെ ദര്‍താ ഹെ
ന ബസ് മെം സിന്ദഗി ഇസ്കെ ന കാബു മോത് പര്‍ ഇസ്ക്
മഗര്‍ ഇന്‍സാന്‍ ഫിര്‍ ഭി കബ് കുദാ ഹോനെ സെ ദര്‍താ
(ഓരോ വ്യക്തിയും എന്തെങ്കിലും ഭാഗ്യക്കേട് സംഭവിക്കുമോ എന്ന് ഓരോ നിമിഷവും ഭയന്നുകൊണ്ടിരിക്കുന്നു.
നമ്മള്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ കളിപ്പാട്ടം പോലെ താഴെ വീണ് ഉടഞ്ഞുപോകുമോ എന്ന് ഭയക്കുന്നു.
എവിടെയോ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ഒരു നിഷ്കളങ്കനായ കുഞ്ഞുണ്ട്
അവര്‍ പ്രായമേറിയവരെ കണ്ട് വളരാന്‍ ഭയപ്പെടുന്നു.
ജനനത്തിനോ മരണത്തിനോ മേല്‍ ആര്‍ക്കും നിയന്തണമില്ല. ജീവിതം വിചിത്രമാണ്. ഇവിടെ ഓരോ മനുഷ്യനും തടവുകാരനാണ്. )
ശുദ്ധ പ്രണയത്തില്‍ കാമുകന്റെ നിലതെറ്റിക്കുന്ന ഈ ഗസല്‍ നോക്കൂ
ചാന്ദ് ജൈസാ രംഗ് ഹേ തേരാ
സാനോ ജൈസേ ബാല്‍
ഏക് തു ഹി ധന്‍വാന്‍ ഹെ ഗോരീ
ബാക്കി സബ് കങ്കാള്‍
(ചന്ദ്രനെപ്പോലെയുള്ള നിന്റെ നിറം
സ്വര്‍ണ്ണംപോലെ തിളങ്ങുന്ന നിന്റെ തലമുടി
പെണ്ണേ…നീ മാത്രമാണ് ധനിക…
ബാക്കി എല്ലാം വിലകെട്ടവരാണ്…)
പഴയകാലത്തെ പ്രണയത്തില്‍ കത്തുകളും കത്തില്‍ ഒളിപ്പിച്ചുവെച്ച പൂവും എല്ലാം സാധാരണമായിരുന്നു. അതാണ് പങ്കജ് ഉധാസ് പാടിയത്
യുന്‍ മേരെ ഖാത് ജവാബ് ആയ
ലിഫാതെ മേം ഏക് ഗുലാബ് ആയ
(എനിക്ക് കത്ത് വന്നു
ആ കവറിനുള്ളില്‍ ഒരു പൂവും ഉണ്ടായിരുന്നു)
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഗസല്‍ പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്.
1980-ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് തുടർന്നുള്ള വർഷങ്ങളിലായി മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും പുറത്തിറങ്ങി. ഏകദേശം 50ല്‍ പരം ഗസല്‍ ആല്‍ബങ്ങള്‍.
രോഗം കവര്‍ന്നെടുത്തത് ഹൃദയഹാരിയായ ആ സംഗീതത്തെ…
അസുഖബാധിതനായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയില്‍ ഇരിക്കെയാായിരുന്നു പങ്കജ് ഉധാസിന്റെ അന്ത്യം. 2006 ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം (Padmasri) നൽകി ആദരിച്ചിട്ടുണ്ട്. 1985 മുതല്‍ 1989 വരെ ഗസലിനെ ബോളിവുഡ് ഗാനത്തേക്കാള്‍ ജനപ്രിയമാക്കാന്‍ പങ്കജ് ഉധാസിനും അനൂപ് ജലോട്ട, ജഗ്ജിത് സിങ്ങ്, തലത്ത് അസീസ് എന്നീ ഗസല്‍ഗായകര്‍ക്ക് കഴിഞ്ഞു. പക്ഷെ അധികം വൈകാതെ എ.ആര്‍. റഹ്മാനും ആനന്ദ-മിലിന്ദ്, നദീം-ശ്രാവണ്‍ കൂട്ടുകെട്ടുകളും ബോളിവുഡ് സിനിമാഗാനങ്ങള്‍ക്ക് വീണ്ടും മേല്‍ക്കൈ നേടിക്കൊടുത്തു. സാധാരണ ജനം ബോളിവുഡ് സിനിമാഗാനങ്ങളിലേക്ക് നീങ്ങി. അപ്പോള്‍ പങ്കജ് ഉദാസ്തന്റെ ഗസല്‍ സ്റ്റേജ് പരിപാടികളില്‍ മാത്രം ഒതുങ്ങി. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇഷ്ടപ്പെടുന്നവര്‍ അത് ആസ്വദിക്കാന്‍ മറന്നില്ല. ഇന്ത്യയിലെ ഇടത്തരക്കാരും അതിസമ്പന്നരും വിദേശരാജ്യങ്ങളിലെ സമ്പന്നരായ ഇന്ത്യക്കാരും തുടര്‍ന്നും പങ്കജ് ഉധാസിനെ കേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: