തിരുവനന്തപുരം: ഇനി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിക്ക് ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ലഭിയ്‌ക്കില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഷിബു ചക്രവര‍്ത്തിയ്‌ക്കല്ല , ഇടതുപക്ഷക്കാര്‍ക്ക് ഒന്നടങ്കം എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്. പിണറായി വിജയനെ കുടുക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചതാണ് ഷിബു ചക്രവര്‍ത്തിയുടെ ഭാവി ഇരുളടഞ്ഞതാക്കിയത് എന്നും ചിലര്‍ പരിഹസിക്കുന്നു.
“പേരില്‍ ചക്രവര്‍ത്തി എന്നുള്ളതുകൊണ്ട് രാജാവിനെ വിമര്‍ശിക്കാന്‍ പാടുണ്ടോ?” എന്ന് കഴിഞ്ഞ ദിവസം ഹരീഷ് പേരിടയും ചോദിച്ചിരുന്നു. രാജാവിനെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എഴുതണമെന്നത് നിങ്ങള്‍ കവികളുടെ അറിയാതെയാണോ ഇത്തരം രാജസദസ്സില്‍ വന്നിരിക്കുന്നത് എന്നും ഹരീഷ് പേരടി ദ്വയാര്‍ത്ഥം കലര്‍ന്ന രീതിയില്‍ തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പരിഹാസം തൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരുമായി പിണറായി വിജയന്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. “നമുക്കൊരു കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് പത്ത് വര‍്ഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓടുന്നില്ല. ഇങ്ങിനെ മതിയോ?”- ഇതായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം. ഈ ചോദ്യം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായി. ചോദ്യം ചോദിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി ഈ ചോദ്യത്തിന് ക്ഷുഭിതനായി മറുപടി പറഞ്ഞത്.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി സമരം മൂലം അവിടുത്ത ഡയറക്ടറായിരുന്ന പ്രശസ്തനായ ശങ്കര്‍ മോഹന് രാജിവെച്ച് പുറത്തുപോയിരുന്നു.. പിന്നാലെ ശങ്കര്‍ മോഹനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനും രാജിവെച്ചൊഴിഞ്ഞു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിശ്വോത്തര സ്ഥാപനാക്കി വളര്‍ത്താനുള്ള ദൗത്യത്തിനിടയിലായിരുന്നു ശങ്കര്‍ മോഹന് രാജിവെച്ച് പുറത്തുപോകുന്നത്. ഇടത് പക്ഷത്തിന്റെ ആഗ്നേയാസ്ത്രമായ ജാതീയത ഉയര്‍ത്തപ്പെട്ടതിനെതുടര്‍ന്നാണ് ശങ്കര്‍ മോഹന്‍ പ്രതിരോധത്തിലാവുന്നത്. ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു ദളിത് സ്ത്രീ ജാതിപീഡന പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശങ്കര്‍ മോഹന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. ഇതോടെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സല്‍പേര് കുറെ നഷ്ടമായിരുന്നു. പകരം സയ്യിദ് മിര്‍സയെ ചെയര്‍മാനായി കൊണ്ടുവന്നെങ്കിലും പ്രവര്‍ത്തനം പഴയതുപോലെ സുഗമമായിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ ഈ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: