ന്യൂദൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
തന്റെ കാലിലെ അക്കിലിസ് ടെൻഡോണിൽ ഹീൽ ഓപ്പറേഷൻ നടത്തേണ്ടി വന്നതായി മുഹമ്മദ് ഷമി ഒരു എക്‌സ് പോസ്റ്റ് വഴി അറിയിച്ചിരുന്നു. മുഹമ്മദ് ഷമിയുടെ എക്‌സ് ഹാൻഡിലിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; “നിങ്ങൾക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും നല്ല ആരോഗ്യവും നേരുന്നു, @MdShami11! നിങ്ങളുടെ സ്വതസിദ്ധമായ ധൈര്യത്തോടെ നിങ്ങൾ ഈ പരിക്കിനെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – മോദി വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഷമിക്കാവില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: