കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ഭൂമി കൈയേറുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. പ്രതിയുടെ അറസ്റ്റിനും മറ്റു നടപടികള്‍ക്കും സ്റ്റേയില്ല. എഫ്ഐആറില്‍ ഷാജഹാന് ഷെയ്ഖിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇയാള്‍ക്കെതിരെ നാല് വര്‍ഷമായി പരാതിയുണ്ട്. എന്ത്കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, ജസ്റ്റിസ് ഹിരണ്മയ ഭട്ടാചാര്യ ചോദിച്ചു. മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞദിവസം വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. കോടതി പോലീസിന്റെ കൈകള്‍ കെട്ടിയിട്ടതിനാല്‍ ബംഗാള്‍ സര്‍ക്കാരിന് ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവന. ഇത് വലിയ വിവാദമായതോടെയാണ് കല്‍ക്കട്ട ഹൈക്കോടതി അറസ്റ്റ് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാ
ല്‍ ഇതുസംബന്ധിച്ച് നോട്ടീസ് പുറത്തിറക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഷാജഹാന് ഷെയ്ഖിന്റെ ഗുണ്ടകള്‍ വളഞ്ഞിട്ട് തല്ലിച്ചതച്ചിരുന്നു. പിന്നീട് ടിഎംസിയുടെ പിന്തുണയോടെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലാണ് സന്ദേശ്ഖാലിയിലെ പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് നേരെ നടന്ന കൂട്ടമാനഭംഗങ്ങളുടെയും ഭൂമി തട്ടിയെടുക്കലിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: