ന്യൂദൽഹി: ഭാരതം ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണുന്നു, ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാവും പകലും അധ്വാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 41,000 കോടി രൂപയുടെ 2,000-ത്തിലധികം റെയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂൺ മുതൽ ആരംഭിക്കും. ഇതുവരെ നടത്തിയ വികസനത്തിന്റെ വ്യാപ്തി ആളുകളെ അമ്പരപ്പിക്കുന്നുണ്ടെന്ന് മോദി തന്റെ വീഡിയോ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ സമാരംഭം, ട്രാക്കുകളുടെ ശുചിത്വത്തിനും വൈദ്യുതീകരണത്തിനും ഊന്നൽ നൽകുന്നതുൾപ്പെടെ റെയിൽവേയിലെ പരിവർത്തനത്തിന് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ തന്റെ ഭരണകാലം പൊതുപണം കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചെന്നും സമ്പാദിച്ച ഓരോ പൈസയും റെയിൽവേ സേവനങ്ങൾ വിപുലീകരിക്കാൻ ഉപയോഗിച്ചെന്നും മുൻ സർക്കാരുകളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.
പ്രാദേശിക സംസ്കാരത്തെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനായി നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ സാമ്പത്തിക നഷ്ടം മുമ്പ് ഒരു സാധാരണ പല്ലവിയായിരുന്നു, എന്നാൽ ഇന്ന് റെയിൽവെ പരിവർത്തനത്തിന്റെ വലിയ ശക്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളം നടന്ന പരിപാടിയിൽ നൂറുകണക്കിന് എംപിമാരും എംഎൽഎമാരും കൂടാതെ നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: