കൊച്ചി: ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാന്‍ ലക്ഷങ്ങള്‍ എത്തി. ഏകദേശം ഒന്നര ലക്ഷം പേര് മകം തൊഴാന്‍ എത്തിയതായാണ് കണക്കുകള്‍. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍ ചടങ്ങുകള്‍ നടന്നത്. സര്‍വ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരു നോക്കുകണ്ട് പുണ്യം നേടാന്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് നാടിന്റെ നാനാതുറകളില്‍ നിന്നും ക്ഷേത്രമുറ്റത്ത് എത്തിച്ചേര്‍ന്നത്.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം.
ആറാട്ടും ഇറക്കിപ്പൂജയും കഴിഞ്ഞ ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ് നടന്നു. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറന്നത്. ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരവും നടന്നു. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക് എത്തുന്നതോടെ മകം വിളക്കിനെഴുന്നളളിപ്പ് നടക്കും.
ഉത്സവത്തോട് അനുബന്ധിച്ച് 26-ന് ഉത്രം ആറാട്ട് നടക്കും. 27-ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: