വേനല്‍ച്ചൂടില്‍ വേവുകയാണ് പ്രകൃതി!താഴെയും മുകളിലും ഇടത്തും വലത്തും ഒക്കെ ചൂട്!
പൊള്ളുന്നു – ശരീരവും ആത്മാവും ഒരുപോലെ!
വിവേകിയായ മനുഷ്യന്റെ അവിവേകം ഈ ഭൂമി വാസയോഗ്യമല്ലാതാക്കുന്നു!
കൊടിയ ചൂടില്‍ വെള്ളത്തിനുവേണ്ടി തലങ്ങും വിലങ്ങും പറന്നു തളര്‍ന്ന് താഴെ വീഴുന്ന പറവയെ കണ്ട് ഉള്ളുപൊള്ളിയ ഞാന്‍ തീരുമാനിച്ചു, ‘ഇതിനെന്തെങ്കിലും ചെയ്യണം, എനിക്കു പറ്റുന്നപോലെ.’
ഒരു മണ്‍പാത്രത്തില്‍ ജലം നിറച്ച് വാര്‍ക്കപ്പുറത്തു വച്ചു. പിറ്റേന്ന് വേറെ രണ്ടു സ്ഥലത്തുകൂടി വച്ചു.
നല്ല പ്രതികരണം.
പലതരം പക്ഷികള്‍ വന്ന് പാത്രങ്ങള്‍ കാലിയാക്കി.
വീണ്ടും നിറച്ചു വച്ചു.
പിന്നെ അയല്പക്കക്കാരെ പ്രേരിപ്പിച്ചു.
അവരും വെള്ളം നിറച്ചുവച്ചു.
പിന്നെ അടുത്ത വീടുകളില്‍ച്ചെന്നു.
അഭ്യര്‍ത്ഥനയുടെ വൃത്തം വലുതായി.
സ്വന്തം നാടും വിട്ട് അടുത്ത നാട്ടിലും അതിന്റടുത്ത നാട്ടിലും പക്ഷികള്‍ക്ക് പാത്രങ്ങളില്‍ വെള്ളം കരുതിവക്കാന്‍ തുടങ്ങി.
അതു വളര്‍ന്ന് മണ്‍പാത്രങ്ങള്‍ വില കൊടുത്തു വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ തുടങ്ങി.
”ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി” പിറവികൊണ്ടു.
ഒരു വര്‍ഷം കുറഞ്ഞത് പതിനായിരം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്ന കാരുണ്യത്തില്‍ ലക്ഷക്കണക്കിന് പക്ഷികള്‍ക്കു ദാഹജലം ലഭിച്ചു. പതിനായിരങ്ങള്‍ക്ക് അതിജീവനം സാധ്യമായി.
അപ്പോള്‍ ഒരു സത്യം മനസ്സിലായി:
വെള്ളം വെള്ളമല്ലുണ്ണീ
ഉള്ളിലെ ദൈവമാണത്!
പത്തു വര്‍ഷങ്ങള്‍കൊണ്ട് വിതരണം ചെയ്ത പാത്രങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു.പെട്ടെന്നാണ് ഒരു വെളിപാടുണ്ടായത്.
ഒരു ലക്ഷം തികയുന്ന പാത്രം അര്‍ഹമായ കൈകളിലേക്കെത്തണം.
പവിത്രവും ശുദ്ധവും ലോകം അനുഗ്രഹിച്ചാരാധിക്കുന്നതുമാകണം ആ കൈകള്‍!
വളരെ ആലോചിച്ചു.
കണ്ടു, ആ കൈകള്‍ മോദിജിയുടേതാണ്.
മോദിജിയുടേതു മാത്രമാണ്!
പക്ഷേ എങ്ങനെ? ആര് അതിന് അവസരമൊരുക്കും?
സ്വാധീനമുള്ള പല മഹാന്മാരേയും സമീപിച്ചു.
നോക്കാം നോക്കാം പലരും പറഞ്ഞു. നോക്കിയില്ലെന്നു പറയാതെ അറിഞ്ഞു!
ഒരു ഉപദേശം ലഭിച്ചു, സുരേഷ് ഗോപിയോട് ഒന്നു പറഞ്ഞു നോക്ക്…
ഉപദേശം തന്ന കണ്ണന്താനം സാറ് നമ്പറും തന്നു.
സുരേഷ് ഗോപി എന്നെ അറിയില്ല.കണ്ടിട്ടു പോലുമില്ല. എന്റെ പ്രൊജക്റ്റിനെ കുറിച്ചറിയില്ല. കേട്ടുകാണാനും വഴിയില്ല!
എന്റെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും അറിഞ്ഞു കാണില്ല.
എങ്കിലും വിളിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു.
ഒരു ലക്ഷം തികയുന്ന പാത്രം.
അത് പ്രധാനമന്ത്രിക്കു സമര്‍പ്പിക്കണം. അതിന് ഒരവസരം ഒരുക്കിത്തരാനുള്ള ഒരു വലിയ മനസ്സുണ്ടാകണം
ഒരു നമിഷം ആലോചിച്ച് അദ്ദേഹം പറഞ്ഞു, ”വിവരങ്ങളെല്ലാമുള്ക്കൊള്ളിച്ച് പിഎമ്മിന് ഒരു പ്രെയര്‍ എഴുതി എനിക്കയച്ചു തരൂ. ഞാന്‍ പിഎമ്മിന്റെ ഓഫീസിലെത്തിക്കാം…”
ഞാനങ്ങനെ ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചു.നിങ്ങള്‍ സുരേഷ് ഗോപി എംപി വഴി പിഎമ്മിന് ഒരു പ്രയര്‍ സമര്‍പ്പിച്ചിരുന്നോ എന്നു ചോദിച്ചു.
സമര്‍പ്പിച്ചിരുന്നു എന്നു ഞാന്‍ പറഞ്ഞു.
പിഎമ്മിനു വലിയ സന്തോഷമായെന്നും നിങ്ങളെ അഭിനന്ദിക്കുകയുണ്ടായെന്നും താമസിയാതെ ദല്‍ഹിയിലേക്കു വിളിപ്പിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് എന്റെ മറ്റു സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.
നാലുദിവസം കൂടി വീണ്ടും പിന്നിട്ടു.
ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയെക്കുറിച്ചും എന്നെക്കുറിച്ചും മന് കി ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ചു പരാമര്‍ശിച്ചു ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. അതൊരു വഴിത്തിരിവായിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എന്നെ വിളിച്ചു. പല പ്രഗത്ഭമതികളും എന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു! അത്ഭുതപ്പെട്ടത് എന്റെ പദ്ധതിക്കു ലഭിച്ച അംഗീകാരങ്ങളിലല്ല, പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു കാതോര്‍ത്തിരിക്കുന്ന ലോകത്തെക്കുറിച്ച്!
ഇതിനെല്ലാം കാരണമായ സുരേഷ് ഗോപിയെന്ന പച്ച മനുഷ്യന്റെ ഹൃദയവിശാലതയെക്കുറിച്ചു ലോകം കൂടുതല്‍ അറിയാനിരിക്കുന്നതേയുള്ളു! അറിയുന്തോറും അടുക്കുന്തോറും അകലാനാകാത്ത വിധം സ്വന്തമാണെന്നു സ്വയം വിലയിരുത്തും.
കാരുണ്യവും കരുതലും അണപൊട്ടുന്ന ഉറവയുടെ കുളിരും തെളിമയും അനുഭവിച്ച് അമ്പരക്കും!
സുരേഷ്ഗോപിയുടെ സാന്നിധ്യം അനുഭവിക്കാനും ആസ്വദിക്കാനും ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും അദ്ദേഹത്തിനു ചുറ്റും അണിചേരുന്നു. എന്തെങ്കിലും പ്രതീക്ഷിച്ചുള്ള പ്രീണനമല്ല ആ ഒത്തുചേരലിന് എത്തുന്നവരുടെ മനസ്സിലുള്ളത്. അലിവും ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന വശ്യവും സുന്ദരവുമായ മുഖഭാവങ്ങളുംകളങ്കമില്ലാത്ത ചിരി കണ്ട് കണ്‍കുളിര്‍ക്കുന്നു ജനം!പറഞ്ഞും അറിഞ്ഞും കേട്ട പരോപകാരങ്ങളും പരന്നു പകര്‍ന്നു നല്കിയ നന്മകളും പലാവര്‍ത്തി കണ്ടറിഞ്ഞവരാണ് അവര്‍!
തളര്‍ന്നുവീഴാറായ ജീവിതങ്ങളെ താങ്ങിനിര്‍ത്താന്‍ ഓടിയെത്തിയ കാരുണ്യത്തിന്റെ ധര്മ്മവിഗ്രഹം മുമ്പില്‍ കാണാനുള്ള കൊതിയാണ് ഓടിയടുക്കുന്ന കൂട്ടത്തിന്റെ മനസ്സു നിറയെ!
സാമ്പത്തികമായി ശ്വാസം കിട്ടാതെ രണ്ടു പക്കും കുത്തിവലിച്ചിരുന്നവന് രാഷ്ട്രീയം കളിച്ച് പണിത മാളികയുടെ മട്ടുപ്പാവില്ക്കേറി മസിലു കാണിക്കുന്ന വഞ്ചനയും കാപട്യവുമല്ല സുരേഷ്ഗോപി എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്!
2022 മാര്‍ച്ച് 27 നാണ് മോദിജി എന്നെ മന് കി ബാത്തില്‍ പരാമര്‍ശിച്ചത്. അതിനു മുമ്പായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചത്. ആയിടക്ക് ഒരു ദിവസം രാത്രി പ്രധാനമന്ത്രി സുരേഷ് ഗോപിയെ വിളിച്ച് ശ്രീമന്‍ നാരായണന്റെ കാര്യം സാവധാനം പരിഗണിച്ചാല്‍ പോരേ, ധൃതിയില്ലല്ലോ എന്നു ചോദിച്ചു. സാവധാനം മതിയെന്നു സുരേഷ്ഗോപി മറുപടിയും പറഞ്ഞു.
അധികം വൈകാതെ സുരേഷ് ഗോപിയുടെ രാജ്യസഭയിലെ ടേം അവസാനിച്ചു. ഒരു ലക്ഷം തികയുന്ന മണ്‍പാത്രം മോദിജിക്കു സമര്‍പ്പിക്കുന്ന കാര്യത്തിന് സാക്ഷാത്ക്കാരമായില്ല.
‘എനിക്കിനി അതിനായി ശ്രമിക്കാന്‍ ബുദ്ധുമുട്ടുണ്ടെന്നും വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ശ്രമിക്കൂ’ എന്നും സുരേഷ് ഗോപി അറിയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 17 ന് നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എന്നേയും ക്ഷണിച്ചിരുന്നു. വിവാഹത്തിന് നാലു ദിവസം മുമ്പ് അദ്ദേഹം വിളിച്ച് കല്യാണത്തിനു വരുമ്പോള്‍ ആ പാത്രവും കൂടി എടുത്തോളൂ, സാധിച്ചാല്‍ നമുക്ക് പിഎമ്മിനു കൊടുക്കാമെന്നു പറഞ്ഞു. പിന്നീടദ്ദേഹം എന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടുഫോട്ടോയും വാങ്ങിച്ചു. ആര്‍ടിപിസിആറിന്റെ സര്‍ട്ടിഫിക്കറ്റ് അയക്കാന്‍ പറഞ്ഞു. ശേഷം പിഎമ്മിന്റെ ഒഫീസില്‍ നിന്നും ദല്‍ഹി വിജിലന്‍സില്‍നിന്നും മറ്റുമായി പല പ്രാവശ്യം എന്നെ വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചു. വളരെയധികം കടമ്പകള്‍ കടന്നുവേണം പ്രധാനമന്ത്രിയുടെ സമീപമെത്താനെന്നു ബോധ്യമായി.
എത്ര ശ്രമകരമായ ഒരു ദൗത്യമാണ് സ്വന്തം മകളുടെ വിവാഹത്തിരക്കിലും മറ്റൊരാള്‍ക്കു വേണ്ടി സുരേഷ്ഗോപി ഏറ്റെടുക്കുന്നതെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി!
മഹാത്മന് ഇത് അങ്ങേക്കു മാത്രം സാധ്യമാകുന്ന സുകൃതദൗത്യം! ഈ ഭൂമിയില്‍ അങ്ങു മാത്രം ചെയ്യാനൊരുമ്പെടുന്ന മഹാസാഹസം.
ഞങ്ങള്‍ മൂന്നു പേര്‍ക്കു മാത്രമായിരുന്നു ക്ഷേത്രനടയില്‍ പ്രധാനമന്ത്രിയെക്കാണാനുള്ള അവസരമുണ്ടായിരുന്നത്. മണ്ണുത്തിയില്‍ പഠിക്കുന്ന വിജയലക്ഷ്മി, ശ്രീകൃഷ്ണനെ മാത്രം വരക്കുന്ന ജസ്ന സലീം പിന്നെ ഞാന്‍. എല്ലാവര്ക്കും അവസരമൊരുക്കിയത് സുരേഷ് ഗോപിയാണ്.
രാവിലെ ഏഴുമണി കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി.
നടക്കല്‍ ഞങ്ങള്‍ നില്‍ക്കുകയാണ്.
എണ്ണത്തില്‍ ഒരു ലക്ഷം തികയുന്ന പാത്രം പിടിച്ചുനില്‍ക്കുന്ന എന്നെ കണ്ടതും പ്രധാനമന്ത്രി ഉറക്കെ പറഞ്ഞു
‘one lakh pot!’?
ആ ഓര്‍മ്മശക്തിക്കു ശതകോടി പ്രണാമം….
GREAT SERVICE !
അദ്ദേഹം പാത്രം സ്വീകരിച്ചു കൗതുത്തോടെ നോക്കികൊണ്ടു പറഞ്ഞു…
I have a humple request…
ഞാന്‍ തൊഴുതുകൊണ്ടറിയിച്ചു.
YES….
അദ്ദേഹം ശിരസ്സു കുലുക്കി.
Be kind to place this pot somewhere in your garden…fill some water by Your blessed hand first….That will be a great message to the world…
No
ഞാന്‍ ഞെട്ടി!
I AM GOING TO PLACE THE POT IN FRONT OF MY BUNGALOW…
എന്നെ നോക്കി തലയാട്ടി സംതൃപ്തി നിറഞ്ഞ ഒരു ചിരി…!
ആ ചിരിയില്‍ എന്റെ എല്ലാ സ്വപ്നങ്ങളും പൂത്തുലഞ്ഞു…
ഇത് എന്റെ ജന്മാഭിലാഷം!
ഞാന്‍ കാണാനേറെക്കൊതിച്ച എന്റെ പ്രധാനമന്ത്രി എന്റെ മുമ്പില്‍ നില്ക്കുന്നു….
എന്നോടു സംവദിക്കുന്നു…
ഹേ ശ്രീമന്‍ നിങ്ങള്‍ ഭാഗ്യവാനാണ്….
ഒരു അശരീരീ എന്റെ ഉള്ളില്‍ മുഴങ്ങി…!
വെള്ളം നിറച്ചുവച്ച ഒരു മണ്‍പാത്രം ഒരു ലക്ഷത്തിലേക്ക് വളര്‍ന്ന് ലോകശ്രദ്ധ നേടി!
ആ പാത്രം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു!
പ്രധാനമന്ത്രി കഠിന വ്രതത്തിലാണ്…
അകത്ത് ഉദയാസ്തമന പൂജ നടക്കുകയാണ്…
പുറത്ത് സര്‍വ്വാലംകൃതമായ മാംഗല്യമണ്ഡപം പ്രഭ ചൊരിയുകയാണ്…
സര്‍വ്വം കൃഷ്ണമയം ജഗത്!
ഈ സുകൃത വിസ്മയങ്ങളെല്ലാം സമ്മാനിച്ചത് സുരേഷ് ഗോപി!
വിവാഹ ദിനത്തില്‍ വധൂവരന്മാരെ ആശീര്‍വദിക്കാന്‍ സുമനസ്സുകളുടെ നീണ്ട നിര…
സുരേഷ് ഗോപി എന്നെ കല്യാണവേദിയിലേക്കു വിളിപ്പിച്ചു.
”അങ്ങ് മണ്‍പാത്രമല്ലേ കൊടുക്കുന്നത്? ഞാനിതാണ് അങ്ങേക്കു സമര്‍പ്പിക്കുന്നത്” എന്നു പറഞ്ഞുകൊണ്ട് തന്നത് ഒരു സ്വര്‍ണ്ണപ്പാത്രം!
കറച്ചു ദിവസം കഴിഞ്ഞ് ജനസഹസ്രങ്ങളെ സാക്ഷിയാക്കി എന്നെ ചേര്‍ത്തു നിര്‍ത്തി പുറകില്‍ തലോടിക്കൊണ്ട് സുരേഷ് ഗോപി പറഞ്ഞു: എന്റെ അച്ഛന് വിടപറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇപ്പോഴെനിക്ക് ശ്രീമന്ജിയാണ്…!
കാലം കാത്തു വച്ച കൗസ്തുഭരത്നം….
ആഗ്രഹിക്കുന്നതെന്തും
നല്കുന്ന കാമധേനു….
തൊട്ടതെല്ലാം പൊന്നാക്കുന്ന സ്പര്ശമണി….
ഇതൊന്നും പോരാ ആ വൈഭവത്തെ ഉപമിക്കാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: