ഹരിയേട്ടനും തൃശ്ശിവപേരൂരിലെ പ്രമുഖ സ്വയംസേവകരും എന്നെ 1958 ജൂലൈ 28-ാം തീയതി രാത്രി പത്തര മണിയോടുകൂടി മലബാര്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്രയയച്ചു. അതോടെ പ്രചാരക ജീവിതത്തിന്റെ ആദ്യഘട്ടം കഴിഞ്ഞു. അതിനുശേഷം ആറു വര്‍ഷക്കാലം വടക്കേ മലബാറിലായിരുന്നു പ്രവര്‍ത്തനം. ഈ ആറുവര്‍ഷക്കാലവും ഹരിയേട്ടനുമായുള്ള സഹവാസം വളരെ കുറച്ചു മാത്രമായിരുന്നു.
തൃശ്ശൂരിലെ സ്റ്റേഡിയം മൈതാനത്ത് പന്തലിട്ട് നടത്തപ്പെട്ട കാര്യകര്‍തൃശിബിരത്തിന്റെ കഥയും നേരത്തെ വിവരിച്ചിരുന്നു. അതിന്റെ തിരക്ക് കഴിഞ്ഞശേഷം ഒരു ദിവസം ഹരിയേട്ടനുമൊത്ത് പുത്തേഴത്തു രാമന് മേനോന്റെ വീട്ടില്‍ പോയി. കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരന്‍ എഴുതിയ ഇന്ത്യന്‍ സംസ്കാരത്തെയും മാര്‍ക്സിസത്തെയും കുറിച്ചുള്ള പുസ്തകം അദ്ദേഹത്തിന്റെ കൈവശം കണ്ടു. അതു വായിക്കണമെന്ന താല്പര്യം ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍, ‘എടുത്തോളൂ, ഇത്തരം സാഹിത്യത്തില്‍ എനിക്ക് താല്പര്യമില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം പുസ്തകത്തെപ്പറ്റി അദ്ദേഹം എഴുതിയ നിരൂപണം മാതൃഭൂമിയില്‍ വായിച്ചു. പുത്തേഴത്തിന്റെ മലയാളഭാഷയിലെ വാഗ്ധോരണി അതില്‍ ഉണ്ടായിരുന്നു. പക്ഷേ ആ വിഷയത്തെ കൈകാര്യം ചെയ്തതില്‍ ദാമോദരന്‍ കാണിച്ച ഒരു കമ്മ്യൂണിസ്റ്റിന് അനുയോജ്യമല്ലാത്ത സവിശേഷത പരാമര്‍ശിച്ചില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റിനു അനുയോജ്യമല്ലാത്ത വ്യതിയാനവാദിയായി എന്ന ആക്ഷേപം അന്നാണ് ആരംഭിച്ചത്. കൂടെ നിര്‍ത്താനാവണം പാര്‍ട്ടി ഉത്സാഹിച്ച് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തയച്ചു.
അതേ കാലത്ത്് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ദത്തോപാന്ത്് ഠേംഗ്ഡിയും രാജ്യസഭയില്‍ എത്തി. അദ്ദേഹത്തിന്റെ പഴയ മലബാര്‍ കാലത്ത് ദാമോദരന്റെ തിരൂരിലെ തറവാടായ കീഴേടത്തു കുടുംബവുമായി ഉണ്ടായിരുന്ന പരിചയം പ്രയോജനപ്പെടുത്തി ബന്ധപ്പെടുകയും ഇരുവരും ഉറ്റ സുഹൃത്തുക്കളാവുകയും ചെയ്തു. ബൗദ്ധിക തലത്തിലും ഇരുവരും തുല്യനിലക്കാരായിരുന്നു. ഭാരതീയ ചിന്തയുടെ പരപ്പിലേക്കും ആഴത്തിലേക്കും ആണ്ടിറങ്ങാന്‍ ആ അടുപ്പം സഹായിച്ചു. ‘ഇന്ത്യന്‍ തോട്ട്’ എന്ന ആശയഗാംഭീര്യമുള്ള ഒരു പുസ്തകം ദാമോദരനെ കൊണ്ട് എഴുതിക്കാന്‍ അത് പ്രേരണയായി. എന്‍.വി. കൃഷ്ണവാര്യര്‍ മുന്‍കൈയെടുത്ത് കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ‘ഭാരതീയ ചിന്ത’ എന്ന ശീര്‍ഷകത്തില്‍ അതു മലയാളത്തിലും പുറത്തിറക്കി. അപ്പോഴേക്കും ഇടതുപക്ഷക്കാര്‍ക്കിടയില്‍ കെ. ദാമോദരന്‍ തീര്‍ത്തും അഭിമിതനായി കഴിഞ്ഞിരുന്നു.
കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍ പഠിക്കാനായി എനിക്കു സഹായകമായത് 10-12 വാല്യങ്ങളായി കെ. ദാമോദരന്‍ തയ്യാറാക്കിയ ‘മാര്‍ക്സിസം ഒരു പാഠപുസ്തകം’ ആയിരുന്നു. പാര്‍ട്ടി നിരോധന കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സഖാക്കള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടവയായിരുന്നു അത്. മാധവജി, ഹരിയേട്ടന് തുടങ്ങിയ സംഘ പ്രചാരകരില്‍ നിന്നും, വിശിഷ്യാ ക്ലാസ് ഒന്നും കൂടാതെ തന്നെയുള്ള സംഭാഷണങ്ങളില്‍ നിന്നും സംഘത്തിന്റെയും ഹിന്ദുത്വ ദര്‍ശനത്തിന്റെയും അടിസ്ഥാനപാഠങ്ങള്‍ ഉള്‍ക്കൊണ്ടതു കാരണമാകാം മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് വലിയ ആകര്‍ഷണം ഉണ്ടായില്ല.
ശ്രീ ഗുരുജിയുടെ 50-ാം ജന്മദിനാഘോഷങ്ങള് നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും വിശദമാക്കുന്ന വിപുലമായ സാഹിത്യം പ്രസിദ്ധീകരിച്ചിരുന്നു. അവ മിക്കവാറും ഹിന്ദിയിലോ മറാഠിയിലോ ആയിരുന്നു. ‘ശ്രീ ഗുരുജി മാന്‍ ആന്‍ഡ് ഹിസ് മിഷന്’ എന്ന പുസ്തകം ഇംഗ്ലീഷില്‍ പുറത്തുവന്നു. കോഫി ടേബിള്‍ ബുക്ക് എന്ന് പറയപ്പെടുന്ന രീതിയില്‍ മനോഹരമായ മുഖചിത്രവും മറ്റ് അകച്ചിത്രങ്ങളുമായി ഗുരുജിയുടെ ജീവിതവും സംഘദൗത്യവും പ്രതിപാദിക്കുന്നതായിരുന്നു അത്. അന്ന് ഓര്‍ഗനൈസര്‍ പത്രാധിപരായിരുന്ന കെ. ആര്. മല്‍ക്കാനി ആയിരുന്നു അതി വിധാതാക്കള്‍ എന്ന് ഹരിയേട്ടന് പറഞ്ഞറിഞ്ഞു. 51-ാം പിറന്നാള്‍ പ്രമാണിച്ച് മധുരയില്‍ നടത്തപ്പെട്ട സ്വീകരണ നിധി സമര്‍പ്പണ പരിപാടിയില്‍ പ്രചാരകന്മാര് പങ്കെടുത്തിരുന്നു. അന്ന് പ്രചാരകന് അല്ലായിരുന്നെങ്കിലും, സ്വന്തം നിലയ്ക്ക് പങ്കെടുക്കാമായിരുന്നെങ്കിലും സാധിച്ചില്ല. അടുത്തയാഴ്ചയിലെ കേസരിയില്‍ നിന്ന് റിപ്പോര്‍ട്ട് വായിക്കാന്‍ കഴിഞ്ഞു. രാജ്യത്തെ എല്ലാ പ്രാന്തങ്ങളിലും നടന്ന ആ പരിപാടികളുടെ ദൃശ്യങ്ങള്‍ ‘സംസ്കൃതി കെ പൂജാരി’ എന്ന ലഘു ചലച്ചിത്രമായി പില്ക്കാലത്ത് സംഘശിക്ഷ വര്‍ഗ്ഗില്‍ കാണാന്‍ സാധിച്ചു.
മുന്‍പ് സൂചിപ്പിച്ച ‘ശ്രീ ഗുരുജി മാന്‍ ആന്‍ഡ് മിഷന്’ എന്ന പുസ്തകം മലയാളത്തിലാക്കണം എന്ന മോഹം എനിക്കു കലശലായി. ആറുവര്‍ഷക്കാലത്തെ കണ്ണൂര്‍ ജില്ലാവാസക്കാലത്ത് പുസ്തകം കരസ്ഥമാക്കാനും വിവര്‍ത്തനം ചെയ്യാനും ആരംഭിച്ചു. മാനനീയ ഏകനാഥ റാനഡെജിയുടെ ഒരു ദിവസത്തെെൈബഠക് കോഴിക്കോട് രാമചന്ദ്രന് മാസ്റ്ററുടെ വീട്ടില്‍ വച്ചു നടന്നു. അതിന്റെ ഒരു പൂര്‍ണ്ണമായ വിവരം തയ്യാറാക്കണമെന്ന് മാധവജി നിര്‍ദ്ദേശിച്ചിരുന്നു. ദക്ഷിണ കേരളത്തിലെ കാര്യകര്‍ത്താക്കള്‍ക്ക് മാവേലിക്കരയില്‍ ആയിരുന്നു ബൈഠക്. അത് ഹരിയേട്ടന് തയ്യാറാക്കുമെന്ന് മാധവജി പറഞ്ഞു. അരപ്പായ കടലാസില്‍ നാല്പതില്പരം ഷീറ്റുകള്‍ വേണ്ടിവന്നു അതിന്. മാധവജിയെ ഏല്‍പ്പിച്ച വിവരണവും മാവേലിക്കരയിലെതും താരതമ്യം ചെയ്ത് നമ്മുടെ സംഘടന എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം തയ്യാറാക്കിയിരുന്നു. ഡേല്‍ കാര്ണഗിയെ പോലുള്ള വിശ്വപ്രസിദ്ധരായ എഴുത്തുകാരുടെ ‘സെല്‍ഫ് ഇമ്പ്രൂവ്മെന്റ്’ പുസ്തകങ്ങളെക്കാള്‍ സമഗ്രവും ശാസ്ത്രീയവും പ്രയോഗക്ഷമവുമാണ് ഏകനാഥജിയുടെ പാഠങ്ങളും വിശദീകരണങ്ങളും എന്ന് ഹരിയേട്ടനും മാധവജിയും ഭാസ്കര്‍ റാവുവും പറഞ്ഞു. പാശ്ചാത്യ പണ്ഡിതന്മാര്‍ക്കില്ലാത്ത ആത്മീയതയാണ് സംഘ അധികാരിമാര്‍ക്ക് അധികമായുള്ള മുതല്‍ക്കൂട്ട് എന്നും ഹരിയേട്ടന് അഭിപ്രായപ്പെട്ടു.
എന്റെ തലശ്ശേരി കാലത്തു മധുക്കരൈയില്‍ നടന്ന തമിഴ്നാട്-കേരള പ്രചാരകന്മാരുടെ മൂന്ന് ദിവസത്തെ ബൈഠക്ക് അവിസ്മരണീയമായിരുന്നു. പോത്തന്നൂര്‍ സ്റ്റേഷനു മുമ്പായി മലമുകളിലെ സത്രമായിരുന്നു സ്ഥലം. വണ്ടി വാളയാര്‍ വനം കഴിഞ്ഞയുടനുള്ള മധുക്കരൈ സ്റ്റേഷനില്‍ എല്ലാവരും ഇറങ്ങി. വന്മലകളാണ് ഇരുവശത്തും. കുന്നിന് മുകളില്‍ ഒരു ക്ഷേത്രമുണ്ട്. അതിനടുത്തുള്ള കുന്നിലാണ് ബൈഠക്ക് നടക്കുന്ന സത്രം. വളരെ ബദ്ധപ്പെട്ട് കയറിയപ്പോള്‍ ഹരിയേട്ടന് തലേദിവസം തന്നെ എത്തിയിരിക്കുന്നു. പാലക്കാട്ടെ പ്രചാരകന് എന്ന നിലയ്ക്ക് തന്റെ സഹായം അനിവാര്യമായതിനാല്‍ എത്തിയതാണ.് കോയമ്പത്തൂരില്‍ പ്രചാരകനായിരുന്ന രാം മാലോദേയ്ക്കായിരുന്നു മുഴുവന്‍ ചുമതലയും. രാംജി നാഗപൂര്കാരനാണ്. 1942ല്‍ ഗുരുജിയുടെ ആഹ്വാനം അനുസരിച്ച് സംഘത്തിനായി ജീവിതം സമര്‍പ്പിച്ചവരില്‍ ഒരാള്‍. ചെന്നൈയിലും സേലത്തും പ്രവര്‍ത്തിച്ചശേഷം കോയമ്പത്തൂരിലേക്ക് നിയോഗിക്കപ്പെട്ടതാണ് അദ്ദേഹം. പ്രചാരകനായിരുന്ന കാലത്ത് സേലം ആയിരുന്നു ദക്ഷിണ ഭാരതത്തിലെ ഏറ്റവും പ്രബലമായ ശാഖ. സംഘ നിരോധനത്തിന് മുമ്പും പിമ്പുമുള്ള വര്‍ഷങ്ങളിലെ സംഘശിക്ഷ വര്‍ഗ്ഗുകളില്‍ നൂറുകണക്കിന് പേരാണ് പങ്കെടുക്കാനെത്തിയിരുന്നത്. അതിനാല്‍ ശിബിരസംഖ്യ കര്‍ശനമായി പരിമിതപ്പെടുത്തേണ്ടി വന്നുവത്രേ.
ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ ദ്രാവിഡ കഴകത്തിന്റെ കടുത്ത പ്രകോപനപരമായ പ്രചാരണം നടന്നുവന്നു. ‘രാമായണമാ കീമായണമാ’ എന്ന നാടകം രാമനെയും സീതയെയും അങ്ങേയറ്റം അശ്ലീലമായ വിധത്തില്‍ കാട്ടിക്കൊണ്ടുള്ളതായിരുന്നു. ഇത്തരം ടാബ്ലോകളുമായി വലിയ പ്രകടനം സേലത്ത് നടത്തി. അക്കാലത്തെ മുതിര്‍ന്ന തമിഴ് നടിയും സംഗീതജ്ഞയുമായിരുന്ന കെ.ബി. സുന്ദരാംബാള്‍ നിര്‍മ്മിച്ചഭിനയിച്ച തിരുവിളയാടല്‍ എന്ന സിനിമ പ്രദര്‍ശനം ഇവിആറിന്റെ കൂത്താട്ടങ്ങളെ ശമിപ്പിച്ച മറുമരുന്നായി തീര്‍ന്നു. ചെന്നൈയില്‍ പ്രചാരകനായിരുന്ന ശിവറാം ജോഗ്ലേക്കര് മധുരയിലെ ദിനകര്‍ ബുഝേ, കോവൈയിലെ രാം മാലോദേ എന്നീ പ്രചാരകന്മാരും തമിഴ്നാട്ടുകാരായ രാമഗോപാലന്, രാമസ്വാമി തുടങ്ങിയവരും തമിഴ്നാട്ടിലെ സംഘത്തിന്റെ കരുത്തുയര്‍ത്താന്‍ ചെയ്ത പ്രയത്നവും കഷ്ടപ്പാടുകളും അവിസ്മരണീയങ്ങളാണ്. അണ്ണാജി എന്ന് വിളിച്ചുവന്ന എ. ദക്ഷിണാമൂര്‍ത്തി തന്റെ കാലിലുണ്ടായ അസുഖത്തെ അവഗണിച്ചു കേരളത്തിലെയും തമിഴ്നാട്ടിലെയും മുഴുവന്‍ ശാഖകളും സന്ദര്‍ശിച്ച് സ്വയംസേവകരെയും സമാജത്തെയും പ്രബുദ്ധരാക്കി വന്നു. താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെ സ്വയംസേവകരും ആതിഥേയരുമായും കത്തുകള്‍ വഴി ബന്ധവും നിലനിര്‍ത്തി.
മധുക്കരൈയിലെ ബൈഠക്കിനെപ്പറ്റി പറയുന്നതിനിടെ അല്പം വ്യതിചലിച്ചു പോയി. പാലക്കാട്ടുകാരനും ഗോപിച്ചെട്ടിപ്പാളയത്ത് പ്രചാരകനുമായിരുന്ന സെല്‍വമായിരുന്നു പാചകത്തിന്റെ ചുമതല. നമ്മുടെ ഇന്നത്തെ മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന് പ്രചാരകനാകുന്നതിന് മുന്നോടിയായി സെല്‍വത്തോടൊപ്പം ഏതാനും മാസം ഗോപിച്ചെട്ടിപ്പാളയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ നിന്ന് അദ്ദേഹം അയച്ച കാര്‍ഡ് എന്റെ കയ്യില്‍ ഏറെക്കാലമുണ്ടായിരുന്നു.
മധുക്കരൈയിലെ സത്രത്തില്‍ ബൈഠക്ക് തുടങ്ങിയത് പ്രാന്തപ്രചാരക് ദാദാജിയുടെ തമിഴും മലയാളവും ഇംഗ്ലീഷും കലര്‍ന്ന ആമുഖത്തോടെ ആയിരുന്നു. അണ്ണാജിയുടെ 40 മിനിറ്റ് നീണ്ട അവലോകനവും ഉണ്ടായി. പ്രാന്തത്തിന്റെ വിവിധ ഭാഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനവും, സാധാരണ ജനങ്ങളുടെ സംഘത്തോടുള്ള മനോഭാവത്തിന്റെ വൈവിധ്യവും സര്‍ക്കാരിന്റെ പകപോക്കല്‍ മനോഭാവവും മറ്റും ഗംഭീരമായി അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ അണ്ണാജിയുടെ വൈദഗ്ധ്യം ഭാസ്കര്‍ റാവു പിന്നീട് സ്വകാര്യ സംഭാഷണങ്ങളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുമായിരുന്നു. ജനറല്‍ കാന്‍ഡേത്തിന്റെ ഇളയച്ഛന് മേജര്‍ എ.സി. ഗോപാലന് നമ്പ്യാര്‍ തലശ്ശേരിക്കാരനാണ്. അണ്ണാജിയുടെ ഒരു ബൗദ്ധിഖ് കേള്‍ക്കാന്‍ അദ്ദേഹം തിരുവങ്ങാട് ക്ഷേത്രപ്പറമ്പില്‍ വന്നിരുന്നു. പരിപാടി കഴിഞ്ഞ് അന്നത്തെ പ്രഭാഷണത്തില്‍ നടത്തിയ വിശകലനത്തെ അഭിനന്ദിച്ചു കൊണ്ടാണ് അണ്ണാജിയോട് നമ്പ്യാര്‍ വിടവാങ്ങിയത്.
സത്രത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരിയെടുക്കുന്നത് ഊഴം വച്ചായിരുന്നു. രണ്ടുപേര്‍ കയറിന്റെ അറ്റം പിടിച്ചുകൊണ്ടു നടക്കണം. ബക്കറ്റ് പൊങ്ങി വരുമ്പോള്‍ മൂന്നാമത്തെയാള്‍ ശേഖരിക്കും. ശാന്തമായ കിണറ്റിലേക്ക് നോക്കിയാല്‍ മാനം പ്രതിഫലിച്ചു കാണാം. ഭൂമിയുടെ മറുപുറമാണ് കാണുന്നതെന്ന് ചിലര്‍ പറയുമായിരുന്നു. കുറെ ദൂരം നടന്നാല്‍ നീരൊഴുക്കുണ്ട് എന്നറിഞ്ഞു നടന്നു നോക്കി. ഹരിയേട്ടനും ഛോട്ടാ രാമചന്ദ്രനും വേറെ രണ്ടുപേരും കൂടെയുണ്ടായിരുന്നു. ഒട്ടേറെ ചെന്നപ്പോള്‍ നീരൊഴുക്ക് കണ്ടു. നൂല് വണ്ണമേ ഉള്ളൂ. കുറെ കല്ലുകള്‍ അടുക്കിവെച്ച് വെള്ളമുണ്ടാക്കി കുളി സാധിച്ചു. കിണറ്റില്‍ നിന്ന് കോരുന്നതും ഇവിടെ നടന്നെത്തുന്നതും ഒരുപോലെ ശ്രമകരമാണ് എന്നായിരുന്നു അനുഭവം. പക്ഷേ പിറ്റേന്നും അവിടെത്തന്നെ വന്നു കുളിച്ചു.
ബൈഠക്കില്‍ സംഘടനാ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. തമിഴ്നാട്ടില്‍ തമിഴ് വികാര വിജൃംഭണമാണ് മുഖ്യപ്രശ്നമെങ്കില്‍ കേരളത്തിലാകട്ടെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയും മുസ്ലിം ക്രിസ്ത്യന്‍ വര്‍ഗീയതയും ആണ് കുഴപ്പമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ശബരിമലയിലും മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഉച്ചനീച ചിന്ത കൂടാതെ ശക്തിപ്പെടുന്ന ഭക്തിപ്രസ്ഥാനം ഹൈന്ദവതയെ പ്രോത്സാഹിപ്പിക്കുമെന്നും അത് സംഘത്തിന് ഗുണകരമാകും എന്ന് മാധവജി, ഭാസ്കര്‍ജി, ഭാസ്കര്‍ റാവു എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ പ്രബലമായി വരുന്ന ഹിന്ദുത്വത്തെ സംഘാനുകൂലമാക്കുകയാണ് പ്രധാനമെന്നും പ്രസ്താവമുണ്ടായി
കോയമ്പത്തൂരിലെ വ്യോമസേനാ താവളം അടുത്തു തന്നെയാണ്. ഒറ്റയ്ക്കും കൂട്ടായുമുള്ള വിമാനങ്ങളുടെ പരിശീലന നിരീക്ഷണ പറക്കലുകള്‍ രസകരമായിരുന്നു. സത്രത്തിലെ പതിവില്ലാത്ത ആള്‍പെരുമാറ്റവും സ്വയംസേവകരുടെ വൈകുന്നേരത്തെയും രാവിലത്തെയും ശാരീരിക കാര്യക്രമങ്ങളും അവരുടെ ശ്രദ്ധയില്പ്പെട്ടുവെന്നതിന് സംശയമില്ല.
സമീപത്തുള്ള മലമുകളിലെ ക്ഷേത്രദര്‍ശനവും ആവേശകരമായിരുന്നു. താഴെ നിന്നും മുകള്‍ വരെ കയറാന്‍ പടികളും വൈദ്യുതി വിളക്കുകളുമുണ്ട്. താഴെ തീവണ്ടി യാത്രയ്ക്കിടെ അത് കാണാനും കഴിയുമായിരുന്നു.
ശിബിരം കഴിഞ്ഞ് മധുക്കരൈ സ്റ്റേഷന് വരെ നടന്നു. കേരളത്തിലേക്കുള്ളവര്ക്ക് ഉടന്‍ പാസഞ്ചര്‍ വണ്ടി കിട്ടി. ഞങ്ങള്‍ മലബാറിലേക്കുള്ളവര് ഷോര്‍ണൂര്‍ വരെ അതില്‍ പോയി. പ്രചാരക ജീവിതത്തിലെ രണ്ടാംഘട്ടത്തില്‍ ആദ്യത്തെ ശിബിരമാകയാല് അതിന്റെ അനുഭവങ്ങള്‍ ഭാവിയിലേക്ക് ഏറെ പ്രയോജനകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: