കേരളത്തിലും പുറത്തുമുള്ള ഭക്തലക്ഷങ്ങളുടെ അശ്വാസവും ആശ്രയവുമാണ് ഗുരുവായൂര്‍. ഗുരുവായൂരപ്പദര്‍ശനമെന്ന സുകൃതത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ ഈ ക്ഷേത്ര നഗരത്തിലെത്തുന്നു. രാവും പകലും ഉത്സവാഘോഷത്തിന്റെഘോഷത്തിന്റെ നിറവിലാണ് ഗുരുവായൂരപ്പ സന്നിധി. പുലര്‍ച്ച മൂന്ന്മണിക്ക് ശ്രീലകം തുറന്നു കഴിഞ്ഞാല്‍ പിറ്റേന്ന് രണ്ട് വരെ നീളും ഉത്സവ കാഴ്ചകള്‍. ഗുരുവായൂര്‍ കണ്ണനെ തൊഴുത് പ്രസാദമായ ഉത്സവ കഞ്ഞിയും മുതിരപുഴുക്കും വേണ്ടുവോളം കഴിച്ച് കലാപരിപാടികളും, പഞ്ചാരിമേളവും തായമ്പകയും ആസ്വദിച്ച് ഭക്തലക്ഷങ്ങള്‍ പരന്നൊഴുകുകയാണ് ഗുരുപവനപുരിയില്‍.
ഉത്സത്തിന്റെ ഭാഗമായുള്ള ചടങ്ങാണ് ഗുരുവായൂരപ്പ സന്നിധിയില്‍ മകം ശ്രാദ്ധം. ബ്രഹ്മചാരികളായിരുന്ന ചെമ്പകശേരി നമ്പൂതിരിയും ദശവര്‍മ്മനും ഭഗവാനെ ഭജിച്ച് സര്‍വവും ഭഗവാന് ഉഴിഞ്ഞു വെച്ചു. പുത്രസങ്കല്‍പ്പത്തില്‍ ഭഗവാനെകണ്ട് ഭജിച്ച് ജീവിച്ചു മരിച്ച ഭക്തന് ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തേണ്ടത് തന്റെ ധര്‍മ്മമാണെന്ന് ഭഗവാന്‍ കരുതി. പ്രശ്‌നവശാല്‍ അവരുടെ ശ്രാദ്ധം ക്ഷേത്രത്തിനകത്ത് വെച്ചു തന്നെ നടത്തേണ്ടതാണെന്ന് കണ്ടു. അതിന്റെ ഓര്‍മ്മ പുതുക്കലാണ് മകം ശ്രാദ്ധം. നാലമ്പലത്തിനകത്തെ നൃത്തം എന്ന അറയിലാണ് ചടങ്ങ്. ശ്രാദ്ധമൂട്ടുന്നത് ശാന്തിയേറ്റ കീഴ്ശാന്തിയാണ്. ഊട്ട് സ്വീകരിക്കുന്നത് കക്കാട് ഓതിക്കനും. എല്ലാ മനുഷ്യാതീതശക്തികളേയും തൃപ്തിപ്പെടുത്തുന്ന ബലികര്‍മ്മങ്ങള്‍ വളരെ പ്രധാനമാണ്. ഉത്സവം എട്ടാംദിവസംനടത്തുന്ന ശ്രീഭൂതബലി ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചടങ്ങാണ്. താന്ത്രികവിധിയനുസരിച്ചുള്ള അനുഷ്ഠാനമാണത്. തന്ത്രിയാണ് ഇത് നടത്തുക. നാലമ്പലത്തിനകത്ത് ദേവഹവിസും നാലമ്പലത്തിന് പുറത്ത് ഭൂത ഹവിസ്സുമാണ് തൂവുന്നത്. ഈ അവസരത്തില്‍ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ കൃഷ്ണാ…. ഗുരുവായൂരപ്പാ… വിളികളോടെ അകത്തേക്ക് പ്രവേശിക്കുന്നു. സര്‍വഭൂതഗണങ്ങള്‍ക്കും ബലിയര്‍പ്പിക്കുന്ന ഈ ചടങ്ങ് കാലത്ത് ഏകദേശം പത്തു മണിക്ക് ആരംഭിച്ച് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് അവസാനിക്കുക.ഗുരുവായൂര്‍ കണ്ണനുണ്ണി എല്ലാ ഭക്തര്‍ക്കും സ്വന്തം വീട്ടിലെ ഉണ്ണിയാണ്.
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനന്നങ്ങനെ
ഉണ്ണി വയറ്റത്തു ചേറുമുണ്ടങ്ങനെ…
എന്ന് പൂന്താനം പാടിയത് ഭക്തര്‍ ഏറ്റു പാടുന്ന ഭൂലോകവൈകുണ്ഠത്തിലെ കണ്ണനുണ്ണിയെക്കുറിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: