വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മലയാളി തരംഗം… വെള്ളിയാഴ്ച സജനയുടെ വിന്നിംഗ് ഷോട്ടില്‍ ലോകം വയനാട്ടിലെത്തിയപ്പോള്‍ യുപി വാരിയേഴ്സിനെ എറിഞ്ഞൊതുക്കി തിരുവനന്തപുരത്തുകാരി ആശ ശോഭന ആര്‍സിബിയുടെ ജയത്തില്‍ താരമായി. ഡബ്ല്യുപിഎല്ലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരവും.
ആദ്യം ബാറ്റു ചെയ്ത ആര് സി ബി 157 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു പി വാരിയേഴ്സിന് 155 റണ്‍സേ എടുക്കാന്‍ ആയുള്ളൂ. രണ്ട് റണ്‍സിന്റെ ജയം ആര്‍സിബി സ്വന്തമാക്കി.
നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി പൊരുതാവുന്ന ടോട്ടല്‍ സ്വന്തമാക്കിയത്. ഭാരത താരങ്ങളായ സബ്ബിനേനി മേഘനയും(53) റിച്ചാ ഘോഷും(62) നേടിയ അര്‍ദ്ധ സെഞ്ചുറി മികവാണ് ആര്‍സിബിക്ക് തുണയായി.
ടോസ് യുപി വാരിയേഴ്സ് ആര്‍സിബിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കത്തിലേ തിരിച്ചടി നേരിട്ട അവര്‍ 7.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 54 റണ്‍സ് എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന മേഘനയും റിച്ചയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് ആര്‍സിബി ടോട്ടലിന് അടിത്തറയായി. ഇരുവരും പുറത്തായ ശേഷവും ടീം സ്കോര്‍ വലിയ കാര്യമായി മുന്നേറിയില്ല.
യുപി വാരിയേഴ്സിനായി ഭാരത താരം രാജേശ്വരി ഗെയ്ക്ക്വാദ് രണ്ട് വിക്കറ്റുകള്‍ നേടി. ഗ്രെയ് ഹാരിസ്, ടാഹ്ലിയ മക്ഗ്രാത്ത്, എക്ക്ലെസ്റ്റോന്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ യുപി വാരിയേഴ്സിനും മോശം തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ അലീസ ഹീലി (5), വൃന്ദ ദിനേശ് (18), തഹ്ലിയ മഗ്രാത്ത് (22) എന്നിവര്‍ നിരാശപ്പെടുത്തി. ഒരേ ഓവറില്‍ വൃന്ദയെയും തഹ്ലിയയെയും മടക്കി ശോഭന ആശ കരുത്തുകാട്ടി. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേര്‍ന്ന് 16 ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്കോര്‍ 126ല്‍ എത്തിച്ചു. ഇതോടെ യുപി വാരിയേഴ്സിന് 24 പന്തില്‍ ജയിക്കാന്‍ 32 റണ്‍സ് മതിയെന്നായി.
എന്നാല്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശ്വേത ശെരാവത്തിനെ (25 പന്തില്‍ 31) ശോഭന ആശ പുറത്താക്കിയതോടെ വാരിയേഴ്സ് പരാജയം മണത്തു. നാലാം പന്തില്‍ ഗ്രേസ് ഹാരിസിനെ (23 ബോളില്‍ 38) ശോഭന ബൗള്‍ഡാക്കി. ആറാം പന്തില്‍ ശോഭനയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച കിരണ്‍ നവ്ഗീറിനെ (3 പന്തില്‍ 1) റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 16 ഓവറില്‍ 1263 എന്ന സ്കോറിലായിരുന്ന യുപി 17 ഓവറില്‍ 1286 എന്ന നിലയില്‍ പരുങ്ങലിലായപ്പോള്‍ ശോഭന ആശ നാല് ഓവറില്‍ 22 റണ്‍സിന് അഞ്ച് വിക്കറ്റ് തികച്ചു. യുപിക്ക് ജയിക്കാന്‍ അവസാന രണ്ടോവറില്‍ വെറും 16 റണ്‍സാണ് ആവശ്യമായ ഘട്ടത്തില്‍ പൂനം ഖേംനറിനെ (7 പന്തില്‍ 14) ബൗള്‍ഡാക്കി ജോര്‍ദിയ വരേഹം കളിപിടിച്ചു. 20ാം ഓവറില്‍ 11 റണ്‍സ് വേണ്ടിവന്നെങ്കിലും ദീപ്തി ശര്‍മ്മയ്ക്കും (9 പന്തില്‍ 13*), സോഫീ എക്കിള്‍സ്റ്റണിനും (3 പന്തില്‍ 1*) ലക്ഷ്യത്തിലെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: