കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് പാര്‍ട്ടി നിലപാടു കാരണമെന്ന് പ്രതി അഭിലാഷ്. നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കിയ തന്നെ അവര്‍ സംരക്ഷിച്ചില്ല. പാര്‍ട്ടിക്കകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകള്‍ സത്യനാഥനോടുള്ള വ്യക്തിവിരോധത്തിനും കൊലപാതകത്തിലേക്കും നയിച്ചു. കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്കി. സംരക്ഷണം നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ സത്യനാഥന് അവഗണിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തി. മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ല, പകരം കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊല നടത്താന്‍ അഭിലാഷ് ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സത്യനാഥനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍ നിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈഎസ്പിമാരടക്കം 14 പേരാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്. പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം കൊയിലാണ്ടി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കി.
കഴിഞ്ഞദിവസം രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
പാര്‍ട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: