പതിവുപോലെ ഇന്നും ഉച്ചകഴിഞ്ഞ് വനശോഭകള്‍ കാണാനായി പുറപ്പെട്ടു. ഈ നടപ്പിന്റെ ഉദ്ദേശ്യം കേവലം ആരോഗ്യപരമായും വ്യായാമസംബന്ധമായുമുള്ള നേട്ടം മാത്രമായിരുന്നില്ല. വിജനതയിലെ സഹചാരികളുടെ ഈ നിര്‍ ്ജ്ജനതയിലെ സ്വജനങ്ങളുടെ കുശലാന്വേഷണവും അവരുമൊത്തുള്ള ആനന്ദാനുഭൂതിയും ഇതില്‍ അന്തര്‍ ്‌ലീനമായിരുന്നു. സ്വയം മനുഷ്യജാതിയുടെ മാത്രം അംഗമാണെന്ന സങ്കുചിത മനോഭാവത്തിന് വികാസം സംഭവിച്ചപ്പോള്‍് വൃക്ഷലതാദികളിലേക്കും പക്ഷിമൃഗാദികളിലേക്കും, ജീവജന്തുക്കളിലേക്കും മമത്വവും ആത്മീയതയും പൊട്ടിയൊഴുകി. ഈ സ്വജനങ്ങള്‍ മനുഷ്യരെപ്പോലെ സംസാരിക്കുകയോ, അവരുടേതുപോലെയുള്ള സാമുദായികാചാരങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ല. എന്നാലും മനുഷ്യരല്ലാത്ത ഈ പ്രാണികളുടെ ലോകവും അതിന്റേതായ വിചിത്രവും വിശിഷ്ടവുമായ പ്രതിഭാസംമൂലം, സ്വസ്ഥാനത്ത് മഹത്വമേറിയതാണ്. ജാതി, മതം, വര്‍ണ്ണം, സംസ്ഥാനം, ദേശം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ മനുഷ്യനും മനുഷ്യനുമിടയില്‍ സങ്കുചിതമായ വര്‍ഗീയത്വം വ്യാപിച്ചിരിക്കയാണ്. മനുഷ്യാത്മാവ്, താന്‍ മനുഷ്യജാതിയിലെ മാത്രം അംഗമാണെന്നും, അന്യജീവികള്‍ വ്യത്യസ്തജാതിയാണെന്നും അഥവാ അവ മനുഷ്യന്റെ ഉപയോഗത്തിനായി ശോഷണം ചെയ്യാനുള്ള വസ്തുവാണെന്നും കരുതി കഴിയുന്നതും ഈ സങ്കുചിത മനോഭാവത്തിന്റെ ദൃശ്യരൂപമാണ്. പ്രകൃതിയുടെ എണ്ണമറ്റ സന്തതികളില്‍ ഒരാളാണു മനുഷ്യനും. അവനില്‍ സ്വന്തമായ കുറെ വൈശിഷ്ട്യമുണ്ടെന്നുള്ളതും ശരിതന്നെ. എന്നാല്‍ മറ്റു വിധത്തിലുള്ള കണക്കറ്റ വൈശിഷ്ട്യങ്ങള്‍ സൃഷ്ടിയുടെ മറ്റു ജീവികളിലും ധാരാളമുണ്ടെന്നു മാത്രമല്ല അവയുടെ ശ്രേഷ്ഠതയും മാഹാത്മ്യവും മനസ്സിലാക്കുമ്പോള്‍ മനുഷ്യന്‍ എത്ര പിന്നോക്കമാണെന്ന് സ്വയം ബോദ്ധ്യമാകും.
ഇന്ന് ചുറ്റിക്കറങ്ങുന്ന സമയത്ത് ഈ വിചാരങ്ങളായിരുന്നു മനസ്സില്‍ ഉയര്‍ന്നത്. ആദ്യമാദ്യം ഈ വിജനതയിലെ അംഗങ്ങളായ ജീവജന്തുക്കളും, വൃക്ഷലതാദികളും വളരെ തുഛരാണെന്നാണ് തോന്നിയത്. ഇപ്പോള്‍ ശ്രദ്ധിച്ചുനോക്കിയപ്പോള്‍ അവയും പ്രാധാന്യമര്‍ഹിക്കുന്നവയാണെന്ന് മനസ്സിലായി. മാത്രമല്ല, മനുഷ്യനു ബുദ്ധിശക്തി കൂടുതല്‍ കൊടുത്തിട്ടുണ്ടെങ്കിലും ബുദ്ധിഹീനരെന്നു കരുതുന്ന ഈ സന്താനങ്ങള്‍ക്ക് പ്രകൃതി മറ്റനേകം ഗുണവിശേഷങ്ങള്‍ പാരിതോഷികമായി പ്രദാനം ചെയ്തിരിക്കുന്നതായി കാണാം. ഈ ഉപഹാരങ്ങള്‍ ലഭിച്ചതുമൂലം ഇവര്‍ക്ക് വേണമെങ്കില്‍ മനുഷ്യരെക്കാളധികം അഭിമാനം കൊള്ളാം.
ദൂരെ ദൂരെയുള്ള സ്ഥലങ്ങളിലൊക്കെ പറന്നുചെന്നും, പര്‍വതങ്ങള്‍ കടന്നും, ആനന്ദത്തോടെ കഴിയുന്ന വിവിധ തരത്തിലുള്ള എത്രയോ പക്ഷികളെ ഈ പ്രദേശത്തു കാണാം. ചിറകിന്റെ സഹായത്താല്‍, ഋതുഭേദങ്ങളനുസരിച്ച് പ്രദേശങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നു. പറക്കാനുള്ള ഈ ശക്തിവിശേഷം മനുഷ്യന് നേടാന്‍ കഴിഞ്ഞിട്ടുണ്ടോ? വിമാനങ്ങളുണ്ടാക്കി മനുഷ്യന്‍ കുറെ ശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ ആ നേട്ടം പക്ഷികളുടെ, പറക്കാനുള്ള സ്വതഃസ്സിദ്ധമായ കഴിവുമായി താരതമ്യപ്പെടുത്താന്‍ കഴിയുമോ? സൗന്ദര്യവര്‍ദ്ധനത്തിനായി ധാരാളം അലങ്കാരവസ്തുക്കള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ണപ്പകിട്ടാര്‍ന്ന ചിറകുകളുള്ള, സ്വര്‍ഗ്ഗത്തിലെ അപ്‌സരമാരെപ്പോലുള്ള പക്ഷികളുടെയും ശലഭങ്ങളുടെയും നൈസര്‍്ഗ്ഗികമായ രൂപലാവണ്യം ലഭിക്കാന്‍ മനുഷ്യന്‍ എവിടെയാണ് സാധിച്ചിട്ടുള്ളത്?
തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മനുഷ്യന്‍ എത്രയോ തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കാട്ടുചെമ്മരിയാടുകളുടെയും കരടികളുടെയും ദേഹത്തുള്ള ഊഷ്മളതയാര്‍ന്ന കമ്പിളിക്കോട്ടു ഇതേവരെ മനുഷ്യന്‍് കൈവശമായിട്ടില്ല. ഓരോ സുഷിരത്തില്‍ നിന്നും അനുനിമിഷം ദുര്‍ഗ്ഗന്ധം വമിക്കുന്ന മനുഷ്യശരീരം, പ്രതിനിമിഷം സുഗന്ധം വിതറുന്ന ലതാപുഷ്പങ്ങളുമായി താരതമ്യപ്പെടുത്താന്‍ പറ്റുമോ? 6070 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജരാനര ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലെത്തി മരണം പ്രാപിക്കുന്ന മനുഷ്യനെ 400 വര്‍ഷം സുഖമായി ജീവിതം നയിക്കുന്ന പെരുമ്പാമ്പുകളുമായി തുല്യപ്പെടുത്താന്‍ കഴിയുമോ? ആലുകളും വടവൃക്ഷങ്ങളും ആയിരം വര്‍ഷക്കാലം ജീവിക്കുന്നു.
മുന്നിലെ മലഞ്ചരുവില്‍ തുള്ളിപ്പാഞ്ഞു നടക്കുന്ന കസ്തൂരിമാന്‍ ഏതു മനുഷ്യനെയും ഓട്ടത്തില്‍ പരാജയപ്പെടുത്താന്‍ സമര്‍ത്ഥനാണ്. ചെമ്പന്‍ കരടികളുമായി മല്ലയുദ്ധത്തില്‍ ജയിക്കാന്‍ മനുഷ്യനു കഴിയുമോ? ഏതു മനുഷ്യനാണ് എറുമ്പുകളെപ്പോലെയുള്ള അദ്ധ്വാനശേഷി ഉള്ളത്? തേനീച്ചകളെപ്പോലെ പൂക്കളില്‍നിന്നും മധു ശേഖരിക്കാനുള്ള കഴിവുണ്ടോ മനുഷ്യന്? പൂച്ചകളെപ്പോലെ ഇരുട്ടില്‍ കാണാനുള്ള കഴിവ് മനുഷ്യനു കിട്ടുമോ? ശ്വാനങ്ങളെപ്പോലെ മണത്തറിയാനുള്ള കഴിവ് എങ്ങനെ മനുഷ്യന് കിട്ടാനാണ്? മത്സ്യങ്ങളെപ്പോലെ നിരന്തരം വെള്ളത്തില്‍ കഴിയാന്‍ ഏതു മനുഷ്യനാണ് സാധിക്കുക? ഹംസങ്ങളെപ്പോലെ നീരക്ഷീര വിവേചനം മനുഷ്യനാല്‍ സാധിക്കുന്ന കാര്യമാണോ? ഏതെങ്കിലും വ്യക്തിക്കു ആനയെപ്പോലുള്ള ബലമുണ്ടോ? ഇങ്ങനെ വിശിഷ്ടതയാര്‍ന്ന പ്രാണികളെ കാണുമ്പോള്‍, ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജീവി താനാണെന്നുള്ള മനുഷ്യന്റെ അഭിമാനം വെറും മിഥ്യയാണെന്നു തോന്നുന്നില്ലേ?
ഇന്നത്തെ ഭ്രമണത്തിനിടയില്‍ മനുഷ്യന് സര്‍വസ്വമല്ല, എന്ന ചിന്ത മനസ്സില്‍ കറങ്ങിക്കൊണ്ടിരുന്നു. സര്‍വശ്രേഷ്ഠനല്ല, സര്‍വരുടെയും നേതാവുമല്ല. അവനു ബുദ്ധിയും ബലവും ലഭിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതിന്റെ അടിസ്ഥാനത്തില്‍ അവന് സ്വന്തം സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതു ശരിതന്നെ. പക്ഷേ ഇതെല്ലാം ലഭിച്ചിട്ടും അവന് ചെയ്തിരിക്കുന്നത് അനര്‍ത്ഥമാണ് എന്ന സംഗതിയും അത്രതന്നെ ശരിയാണ്. സൃഷ്ടിയിലെ മറ്റു പ്രാണികളും അവന്റെ സഹോദരങ്ങളായിരിക്കെ, ഈ ഭൂമി അവരുടെയും മാതാവാണെന്നിരിക്കെ ഇവിടെ ജീവിക്കാനും വളരാനും സ്വാതന്ത്രമായി വിഹരിക്കാനും അവയ്‌ക്കും അവകാശമുണ്ടെന്നിരിക്കെ മനുഷ്യന് അവയെ പരാധീനരാക്കി, എല്ലാറ്റിന്റെയും സുഖവും സ്വാതന്ത്ര്യവും ചവിട്ടിമെതിച്ചു കളയുകയാണ് ചെയ്തിരിക്കുന്നത്. മൃഗങ്ങളെ ചങ്ങലകൊണ്ടു ബന്ധിച്ചു, കൂടുതല് അദ്ധ്വാനിപ്പിക്കാനായി, പൈശാചികമായി പീഡിപ്പിച്ച്, അവയുടെ കുട്ടികള്ക്കവകാശപ്പെട്ട പാല് കവര്‌ന്നെടുത്ത് സ്വയം കുടിക്കാന് തുടങ്ങി; നിര്‍ദ്ദയം വധം ചെയ്തു അവയുടെ മാംസം ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷികളെയും ജലജീവികളെയും സ്വന്തം സ്വാദിനും രസത്തിനും വേണ്ടി നിര്‍ദ്ദാക്ഷിണ്യം നശിപ്പിച്ചു. മാംസത്തിനു വേണ്ടി, മരുന്നിനുവേണ്ടി, ഫാഷനുവേണ്ടി, വിനോദത്തിനുവേണ്ടി അവയുമായി എത്ര ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നോര്‍്ത്താല്‍ അഹങ്കാരിയായ മനുഷ്യന്റെ സാന്മാര്‍ഗ്ഗിക ബോധമാകെ വെറും മിഥ്യയാണെന്നും തോന്നുകില്ലേ?
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: