പൂവാര്‍: കരുംകുളം പഞ്ചായത്തിലെ തീരദേശ മേഖലയായ പുതിയ തുറ, കൊച്ചുതുറ, കരുംകുളം എന്നിവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുന്നു. പ്രദേശങ്ങളില്‍ അഴിഞ്ഞാടുന്ന സാമൂഹ്യ വിരുദ്ധരെ അമര്‍ച്ച ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി സംഭവങ്ങള്‍ക്കെതിരെ പരാതിപ്പെട്ടെങ്കിലും പോലീസ് ഊര്‍ജ്ജിതമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
രാത്രിയുടെ മറവില്‍ റോഡ് സൈഡിലെ വീടുകളിലും സ്ഥാപനങ്ങളിലും, കടകളിലും സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ്, സിസിടിവി ക്യാമറകള്‍ മോഷ്ടിച്ചും, മറ്റു ചിലത് അടിച്ച് തകര്‍ത്തും, ചില വീടുകളിലെ ക്യാമറകള്‍ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞും സംഘം അക്രമം നടത്തുകയാണ്. കൂടാതെ റോഡ് സൈഡിലെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം, ഇവയില്‍ നിന്നും പെട്രോള്‍ മോഷണം ആളൊഴിഞ്ഞ പുരയിടങ്ങളില്‍ നിന്നും കരിക്ക് മോഷണം എന്നിവ വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്ട്രീറ്റ് ലൈറ്റുക എറിഞ്ഞ് തകര്‍ക്കുക, റോഡില്‍ പരസ്പരം അടിപിടി അക്രമം നടത്തുക, ഇതിനെതിരെ ശബ്ദിക്കുന്നവരെ ആക്രമിക്കുക, ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ വഴിനടക്കാന്‍ പറ്റാത്ത വിധം അസഭ്യവര്‍ഷവും കൈയേറ്റവും നടത്തുക എന്നിവയും പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘമായെത്തിയ അക്രമികള്‍ കൊച്ചുതുറ ചര്‍ച്ചിന് സമീപത്തെ കടയില്‍ സ്ഥാപിച്ച ക്യാമറകള്‍ അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. .ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: