ആലപ്പുഴ: നഗരസഭയില്‍ സിപിഎം, സിപിഐ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത്.ഇന്നലെ നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സിപിഐ ബഹിഷ്കരിച്ചു. നഗരസഭാ ഓഫീസിന് മുന്‍വശം ഇന്നലെ നടന്ന തണ്ണീര്‍പന്തല്‍ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്കരിച്ചു.
സിപിഎമ്മിലെ ചെയര്‍പേഴ്സണ്‍ പദവി മാറ്റത്തോടെ ഒരു വിഭാഗം സിപിഎം കൗണ്‍സിലര്‍മാര്‍ സിപിഐയെ എല്ലാ രംഗത്തും ഒതുക്കുന്നതായി നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. നഗരസഭയുടെ ഔദ്യോഗിക പരിപാടികളില്‍ പോലും നഗരസഭാ വൈസ് ചെയര്‍മാനടക്കം സിപിഐ കൗണ്‍സിലര്‍മാര്‍ക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
ഇതിനെതിരെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിക്ക് ജനുവരി 30ന് സിപിഐ രേഖാമൂലം കത്ത് നല്‍കിയെങ്കിലും ഇതേവരെ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ മറുപടി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇന്നലെ നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സിപിഐ ബഹിഷ്കരിച്ചത്. കൂട്ടുത്തരവാദിത്തോടെ ചെയ്യേണ്ട നഗരസഭയിലെ ഭരണകാര്യങ്ങളിലൊന്നും ചെയര്‍പേഴ്സണോ സിപി
എം പാര്‍ലമെന്ററി പാര്‍ട്ടിയോ വൈസ് ചെയര്‍മാനോടോ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടിയോടോ ആലോചിക്കാറില്ലെന്ന ആക്ഷേപവും പാര്‍ട്ടിക്കുണ്ട്. സിപിഎം നേതൃത്വത്തിലുള്ള സ്ഥിരം സമിതികള്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ വൈസ് ചെയര്‍മാനെ കാഴ്ചക്കാരനാക്കി അവതരിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
അടുത്തിടെ നടന്ന ജനറല്‍ ആശുപത്രിയിലെ പരിപാടിയില്‍ വൈസ് ചെയര്മാന് പി.എസ്. എം ഹുസൈനെ വെറും ആശംസാ പ്രസംഗകനാക്കിയത് സിപിഐയ്ക്ക് കടുത്ത അമര്‍ഷത്തിലാക്കി.
ബീച്ചില്‍ നടന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലൈസന്‍സ് ഫീസ് വാങ്ങുന്നതിനെ ചൊല്ലിയും സിപിഎം, സിപിഐ തര്‍ക്കമുണ്ടായി.ലൈസന്‍സ് ഫീസായി നിശ്ചയിച്ച 15 ലക്ഷം പൂര്‍ണമായും വാങ്ങിയ ശേഷമേ പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന നിലപാട് വൈസ് ചെയര്‍മാനും സിപിഐയും എടുത്തെങ്കിലും ഭാഗികമായി അടച്ച് പ്രദര്‍ശനം ആരംഭിക്കാന്‍ ചെയര്‍പേഴ്സണ്‍ അനുമതി നല്‍കുകയായിരുന്നു. സിപിഐയെ എല്ലാ രംഗത്തും ഒതുക്കി നഗരസഭാ ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാക്കുന്നതിനെതിരെ കടുത്ത അമര്‍ഷമാണ് കൗണ്‍സിലര്‍മാര്‍ക്കിടയിലും പാര്ട്ടിക്കുള്ളിലുമുള്ളത്.കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നഗരസഭാ ഭരണത്തില്‍ കൃത്യമായ കൂടിയാലോചനകളും സിപിഐക്ക് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നെന്നും എന്നാല്‍ പുതിയ ചെയര്‍പേഴ്സണ്‍ വന്നതോടെ, കാര്യങ്ങള്‍ പൂര്‍ണമായും ഏതാനും പേരുടെ നിയന്ത്രണത്തിലായെന്നും ഇങ്ങനെ പോയാല്‍ നഗരസഭാ ഭരണത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് പാര്‍ട്ടി കൂടി ഉത്തരവാദികളാകുമെന്നാണ് സിപിഐയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: