കൊല്‍ക്കത്ത: പട്ടികജാതി, ഗോത്രവര്‍ഗ സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സന്ദേശ് ഖാലിയില്‍ തുടങ്ങിയ സ്ത്രീപ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കമ്പും കല്ലും ആയുധമാക്കിയാണ് നൂറ് കണക്കിന് സ്ത്രീകള്‍ ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്.
കൊടുംക്രിമിനലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനുമായ തൃണമൂല്‍ നേതാവ് ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം. ഇന്നലെ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഷാജഹാന് ഷെയ്ഖിന്റെ അടുപ്പക്കാരുടെ ഫാമുകള്‍ തല്ലിത്തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവ് അജിത് മേതിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ബൈക്ക് നശിപ്പിച്ചു.
അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ സന്ദേശ് ഖാലി ഉള്‍പ്പെടുന്ന 24 പര്‍ഗാനാസ് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നലെ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘത്തെ പോലീസ് സന്ദേശ് ഖാലിക്ക് പുറത്ത് ഭോജര്ഘട്ടില് തടഞ്ഞു. പോലീസ് നടപടി അനീതിയാണെന്ന് ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. നിരോധനാജ്ഞയുടെ മറവിലാണ് ബിജെപി വനിതാപ്രതിനിധിസംഘത്തെ തടഞ്ഞത്. ഞാന്‍ എംപിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയേണ്ട ഉത്തരവാദിത്തമുണ്ട്. അവരെ കാണരുതെന്ന് പറയാന്‍ പോലീസ് ആരാണ്?, ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു.
കഴിഞ്ഞ ദിവസം പ്രവര്‍ത്തകരുമൊത്ത് സന്ദേശ് ഖാലിയിലേക്ക് പോകാന്‍ തയാറായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെയും പോലീസ് തടഞ്ഞിരുന്നു. പിന്നീട് സന്ദേശ് ഖാലി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന സുകാന്തയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗങ്ങള്‍ ഇന്നലെ സന്ദേശ് ഖാലിയിലെത്തി ഇരകളുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: