ലഖ്‌നൗ: മഥുര, കാശി തുടങ്ങിയ തര്‍ക്കങ്ങള്‍ക്ക് കോടതിക്ക് പുറത്ത് പരിഹാരം കാണാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബേദിന്‍ പറഞ്ഞു.
പരസ്പര സമ്മതത്തോടെ പരിഹരിക്കുന്ന ഏത് തര്‍ക്കവും സമൂഹങ്ങളുടെ ഹൃദയവും വിശ്വാസവും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ സൂഫി സജ്ജദാന്‍ഷിന്‍ കൗണ്‍സിലിന്റെ രാജസ്ഥാന്‍ യൂണിറ്റ് സംഘടിപ്പിച്ച ‘പൈഗം- ഇ- മൊഹബത് ഹം സബ് കാ ഭാരത്’ എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ എല്ലാ ദര്‍ഗകളുടെയും പ്രധാനികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വസുധൈവ കുടുംബകമെന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ മുദ്രാവാക്യം. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഭാരതം വഹിക്കുന്നത് ക്രിയാത്മകമായ പങ്കാണ്. നമ്മുടെ രാജ്യത്ത് പ്രശ്‌നങ്ങളുണ്ട്. അത് പക്ഷേ നമ്മുടെ ഉള്ളില്‍ അവസാനിക്കണം. തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് സമാധാനപരമായി പരിഹരിക്കാന്‍ കഴിയണം. അതിന് കാര്യമായ പരിശ്രമം ആവശ്യമാണ്, സയ്യിദ് സൈനുല്‍ അബേദിന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വലിയ കോലാഹലങ്ങളാണ് രാജ്യത്ത് കുറച്ചുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ചത്. മുസ്ലീങ്ങളെ തെറ്റദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഈ വിഷയത്തില്‍ നടന്നത്. സിഎഎയിലെ വ്യവസ്ഥകള്‍ വിശദമായി പഠിച്ചു. ഭാരതത്തിലെ മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നിയമമാണത്. ഒരുതരത്തിലും സിഎഎ ഇന്നാട്ടിലെ മുസ്ലീം സമൂഹത്തെ ബാധിക്കില്ല.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും. ആരുടെയും പൗരത്വം എടുത്തുകളയാന്‍ പോകുന്നില്ല, അജ്മീര്‍ ദര്‍ഗ മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: